ഐആർസിടിസി വെബ്സൈറ്റും ആപ്ലിക്കേഷനും തകരാറിലായി; തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനായില്ല; ഇരട്ടി തുക നൽകേണ്ട പ്രീമിയം തത്കാൽ ടിക്കറ്റുകൾ ലഭ്യമാണെന്ന് വിമർശനം; തട്ടിപ്പെന്ന് യാത്രക്കാർ
മുംബൈ: ഇന്ത്യൻ റയിൽവെയുടെ ഐആർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തനരഹിതമായെന്ന് പരാതിയുമായി യാത്രക്കാർ. റെയിൽവെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന വെബ്സൈറ്റും ആപ്ലിക്കേഷനും തകരാറിലായത് യാത്രക്കാർക്ക് പ്രതിസന്ധി സൃഷ്ട്ടിച്ചു. വ്യാഴാഴ്ച തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് നിരവധിപ്പേർ പരാതിപ്പെട്ടു. എന്നാൽ സംഭവത്തിൽ ഐആർസിടിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
വെബ്സൈറ്റുകളുടെ തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡൗൺഡിറ്റക്ടർ എന്ന വെബ്സൈറ്റിലും ഐആർസിടിസി വെബ്സൈറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകളുടെ എണ്ണത്തിൽ വർദ്ധനവ് കാണിക്കുന്നു. 25000 ത്തിൽ അധികം ഉപഭോക്താക്കളെ തകരാർ ബാധിച്ചതായാണ് റിപ്പോർട്ട്. വെബ്‌സൈറ്റിനെക്കുറിച്ചാണ് ഏറ്റവും കൂടുതൽ പരാതി ലഭിക്കുന്നത്. ഇതിൽ 28 ശതമാനം റിപ്പോർട്ടുകളും മൊബൈൽ ആപ്പുമായി ബന്ധപ്പെട്ടുമാണെന്നാണ് വിവരം.
11 മണിക്ക് നോൺ എ.സി തത്കാൽ ബുക്കിംഗ് ആരംഭിച്ചതോടെയാണ് വെബ്സൈറ്റ് പ്രവർത്തനരഹിതമായത്. തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനായി ഐആർസിടിസി മൊബൈൽ ആപ്പ് തുറന്നാൽ മെയിന്റനൻസ് പ്രവർത്തനങ്ങൾ കാരണം ഇപ്പോൾ ടിക്കറ്റെടുക്കാൻ സാധിക്കില്ലെന്ന എറർ സന്ദേശമാണ് കാണിക്കുന്നതെന്ന് പരാതിക്കാർ പറയുന്നു. എന്നാൽ ഇരട്ടിയും അതിലധികവും പണം നൽകി എടുക്കേണ്ട പ്രീമിയം തത്കാൽ ടിക്കറ്റുകൾക്ക് ബുക്ക് ചെയ്യാനാവുന്നുമുണ്ട്. ഇതോടെയാണ് വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന ആരോപണവുമായി നിരവധിപ്പേർ സോഷ്യൽ മീഡിയയിലെത്തിയത്. പലരും പരിഹാസ രൂപേണയാണ് പോസ്റ്റ് പങ്കുവെച്ചത്.