ഉത്തര്‍പ്രദേശിൽ മഹാകുംഭമേള നടക്കുന്ന പ്രദേശം പുതിയ ജില്ലയായി പ്രഖ്യാപിച്ചു; ജില്ല അറിയപ്പെടുക മഹാകുംഭമേള എന്ന പേരില്‍; ഭക്തര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Update: 2024-12-02 09:09 GMT

ലഖ്‌നൗ: പ്രയാഗ്‌രാജില്‍ മഹാകുംഭമേള നടക്കുന്ന സ്ഥലത്തെ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജനുവരിയില്‍ മഹാകുംഭമേള നടക്കാനിരിക്കെയാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ സുപ്രധാന തീരുമാനം. കുംഭമേളയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രത്യേക പരിപാടികൾ സുഗമമായി കൈകാര്യം ചെയ്യുന്നതിനും ഭരണപരമായ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ഈ നടപടി ഗുണകരമാകുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ. മഹാകുംഭമേള എന്ന പേരില്‍ തന്നെയാണ് പുതിയ ജില്ല അറിയപ്പെടുക.

ഭക്തര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ജില്ല രൂപവത്കരിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. നാല് തഹസിൽദാർ പ്രദേശങ്ങളിലെ 67 വില്ലേജുകളെ ബന്ധിപ്പിച്ചാണ് പുതിയ ജില്ല രൂപീകരിച്ചത്. പുതിയ ജില്ലയിലെ ഭരണം സാധാരണ ജില്ലകളിൽ പ്രവർത്തിക്കുന്നതുപോലെ തന്നെ പ്രവർത്തിക്കും. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

ഈ തീരുമാനത്തിന് പിന്നിലെ ഉദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും മാഘമേളയിൽ പറഞ്ഞിരുന്നു. 12 വർഷത്തിലൊരിക്കലാണ് മഹാകുംഭമേള നടക്കുന്നത്. ജനുവരി 13-ന് ആരംഭിക്കുന്ന മഹാകുംഭമേള 2025 ഫെബ്രുവരി 26-ന് പ്രയാഗ്‌രാജിൽ സമാപിക്കും. ഇന്ത്യൻ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ മഹാ കുംഭം ഒരു നാഴികക്കല്ലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    

Similar News