ശരി..നിന്റെ പ്രണയം സത്യമാണെങ്കില്‍ വിഷം കഴിച്ച് തെളിയിക്ക്; ബാക്കി പിന്നെ നോക്കാം..!!; കാമുകിയുടെ വീട്ടുകാരുടെ വാക്കുകൾ കേട്ട് കടുംകൈ; യുവാവിന് ദാരുണാന്ത്യം; കേസെടുത്ത് പോലീസ്

Update: 2025-10-11 17:35 GMT

കോർബ: കാമുകിയോടുള്ള പ്രണയം തെളിയിക്കണമെന്ന പെൺകുട്ടിയുടെ വീട്ടുകാരുടെ ആവശ്യപ്രകാരം വിഷം കഴിച്ച യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ദിയോപാഹ്രി ഗ്രാമവാസിയായ 20 വയസ്സുള്ള കൃഷ്ണകുമാർ പാണ്ഡോയാണ് മരിച്ചത്.

സോനാരിയിൽ താമസിക്കുന്ന ഒരു പെൺകുട്ടിയുമായി കൃഷ്ണകുമാർ പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നു. സെപ്റ്റംബർ 25-ന് പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ, കൃഷ്ണകുമാറിനോട് അവളോടുള്ള യഥാർത്ഥ സ്നേഹം തെളിയിക്കാൻ വിഷം കഴിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടു.

ഈ ആവശ്യം അംഗീകരിച്ച് യുവാവ് വിഷം കഴിക്കുകയും, പിന്നീട് വിവരമറിയിച്ചതിനെ തുടർന്ന് വീട്ടുകാർ ഇടപെട്ട് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ യുവാവ് ഒക്ടോബർ 8-ന് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ വിഷം കഴിക്കാൻ നിർബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തു എന്ന ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News