വ്യാപാരിയുമായി സൗഹൃദം തുടങ്ങിയത് 23 വയസ്സുള്ള യുവതി എന്ന് പറഞ്ഞ്; വിഡിയോ കോളുകളിലൂടെ നഗ്‌നശരീരം കാണിച്ചും പഞ്ചാര വാക്കുകള്‍ പറഞ്ഞും കെണി; കോടികള്‍ നല്‍കിയിട്ടും ഭീഷണി തുടര്‍ന്നതോടെ പോലിസില്‍ അറിയിച്ച് 63കാരന്‍: യുവതിയും ഭര്‍ത്താവും ഇനി അഴിക്കുള്ളില്‍
ഹണി ട്രാപ്പ്; യുവതിയും ഭര്‍ത്താവും അറസ്റ്റില്‍
തൃശൂര്‍: തൃശൂരിലെ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടര കോടിയോളം രൂപ തട്ടിയ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി ഒറ്റയില്‍പടിതറ്റില്‍ ഷെമി (ഫാബി -38), പെരിനാട് മുണ്ടക്കല്‍ തട്ടുവിള പുത്തന്‍വീട്ടില്‍ സോജന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. വ്യാപാരിയുമായി സൗഹൃദത്തിലായ യുവതി വാട്‌സാപ് വിഡിയോ കോളിലൂടെ നഗ്‌നശരീരം കാണിച്ച് ഇദ്ദേഹതതെ കെണിയില്‍ വീഴ്ത്തുക ആയിരുന്നു. ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുക ആയിരുന്നു. രണ്ടര കോടിയോളം രൂപ നഷ്ടമായ വ്യാപാരി കയ്യില്‍ പണമില്ലാതായതോടെയാ് പോലിസിനെ സമീപിച്ചത്.
2020ല്‍ വാട്‌സാപ് വഴിയാണ് ഷെമി വ്യാപാരിയെ പരിചയപ്പെടുന്നത്. എറണാകുളത്ത് ഹോസ്റ്റലില്‍ താമസിക്കുന്ന 23 വയസ്സുള്ള യുവതിയാണെന്നാണ് വിശ്വസിപ്പിച്ചാണ് സൗഹൃദം തുടങ്ങിയത്. ഹോസ്റ്റല്‍ ഫീസിനും മറ്റുമെന്നും പറഞ്ഞ് വ്യാപാരിയില്‍നിന്ന് കടം വാങ്ങിത്തുടങ്ങി. പിന്നീടാണ് വ്യാപാരിയെ കുടുക്കാന്‍ തേന്‍ കെണി ഒരുക്കിയത്. വീഡിയോ കോളുകളിലൂടെ നഗ്‌നശരീരം കാണിച്ച് വ്യാപാരിയെ കുടുക്കുകയും ചാറ്റുകളും വിഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വലിയ തുകകള്‍ കൈപ്പറ്റാന്‍ തുടങ്ങുകയുമായിരുന്നു.
പണം തീര്‍ന്നതോടെ ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പേരിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ വരെ പിന്‍വലിച്ചും ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചും വ്യാപാരി പണം നല്‍കി. 2.5 കോടി രൂപയോളം യുവതി ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് കൈമാറി. ഭീഷണി തുടരുകയും പണം നല്‍കാന്‍ വഴിയില്ലാതാകുകയും ചെയ്തതോടെയാണ് വ്യാപാരി വെസ്റ്റ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. സ്വത്തുക്കളെക്കുറിച്ച് പൊലീസ് തെളിവുകള്‍ ശേഖരിക്കുന്നതു മനസ്സിലാക്കിയ പ്രതികള്‍ ഒളിവില്‍ പോയി. 82 പവനോളം സ്വര്‍ണാഭരണങ്ങള്‍, 2 ആഡംബര കാറുകള്‍, 2 ജീപ്പുകള്‍, ഒരു ബൈക്ക് എന്നിവ കണ്ടെടുത്തിട്ടുണ്ട്.