ഉത്സവം കണ്ടു മടങ്ങുമ്പോള്‍ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് കണ്ട് ആറ്റില്‍ ചാടിയ പതിനഞ്ചുകാരി മുങ്ങി മരിച്ചു; പിതാവിനെയും സഹാദരങ്ങളെയും മര്‍ദിച്ച യുവാവ് കസ്റ്റഡിയില്‍; പെണ്‍കുട്ടി ആറ്റില്‍ ചാടിയത് ആക്രമിക്കുമെന്ന് ഭയന്നെന്ന് പോലീസ്: പത്തനംതിട്ടയെ നടുക്കിയ സംഭവം ഇങ്ങനെ

പത്തനംതിട്ടയെ നടുക്കിയ സംഭവം ഇങ്ങനെ

Update: 2025-04-01 03:38 GMT

പത്തനംതിട്ട: യുവാവ് കുടുംബാംഗങ്ങളെ മര്‍ദിക്കുന്നത് കണ്ട് ആറ്റില്‍ ചാടിയ പെണ്‍കുട്ടി മുങ്ങി മരിച്ചു. യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന അഴൂര്‍ സ്വദേശി ആവണി (15)യാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടേമുക്കാലിന് വലഞ്ചുഴി പാലത്തില്‍ വച്ചാണ് സംഭവം. പെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും മര്‍ദിച്ച അഴുര്‍ വലഞ്ചുഴി തെക്കേതില്‍ വലിയ വീട്ടില്‍ ശരത്തി(23)നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മരണപ്പെട്ട ആവണി പിതാവ് പ്രകാശ്, മാതാവ് ബീന, സഹോദരന്‍ അശ്വിന്‍, പ്രകാശിന്റെ സഹോദര പുത്രന്‍ അനു എന്നിവര്‍ക്കൊപ്പം ഇന്നലെ രാത്രി ഏഴിന് വലഞ്ചുഴി ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് പോയിരുന്നു. രാത്രി 8.45 ന് ഉത്സവം കണ്ട് മടങ്ങും വഴി വലഞ്ചുഴി താല്‍ക്കാലിക പാലത്തില്‍ വച്ച് ശരത്ത് ആവണിയുടെ സഹോദരങ്ങളായ അശ്വിനെയും അനുവിനെയും ദേഹോപദ്രവം ഏല്‍പ്പിച്ചു.

ആവണിയുടെ പേര് പറഞ്ഞായിരുന്നു ഉപദ്രവം. പിടിച്ചു മാറ്റാന്‍ ചെന്ന പ്രകാശിനെയും മര്‍ദിച്ചു. തുടര്‍ന്ന് ആവണിക്ക് നേരെ ശരത് തിരിഞ്ഞപ്പോള്‍ പെണ്‍കുട്ടി എടുത്ത് അച്ചന്‍കോവിലാറ്റില്‍ ചാടുകയായിരുന്നു. ശരതും കല്ലൂര്‍ക്കടവ് സ്വദേശിയായ പ്രവീണും പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. പ്രകാശിന്റെ പരാതിയില്‍ ശരത്തിനെ ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പിതാവിനെ ശരത് അടിച്ചതിനുള്ള മനോവിഷമത്താല്‍ പെണ്‍കുട്ടി സ്വയം മരിക്കണമെന്ന ഉദ്ദേശത്തോടെ ആറ്റില്‍ ചാടി എന്നാണ് പോലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News