കളിച്ചുകൊണ്ടിരിക്കെ ഏഴു വയസുകാരൻ മാന്‍ഹോളില്‍ വീണു; സുഹൃത്തുക്കള്‍ തിരഞ്ഞിട്ട് കാണാതായതോടെ പോലീസും ഫയർ ഫോഴ്സും പാഞ്ഞെത്തി; മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല; പരിസരത്തെ സിസിടിവികൾ തപ്പിയപ്പോൾ ട്വിസ്റ്റ്; ഒടുവിൽ ആശ്വാസം

Update: 2025-08-02 10:31 GMT

ഡൽഹി: മണിക്കൂറുകളോളം പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വട്ടം കറക്കി ഏഴു വയസുകാരൻ. ഡല്‍ഹി വസന്ത് കുഞ്ചില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കൂട്ടുകാരോടൊപ്പം മഴയത്ത് കളിച്ചുകൊണ്ടിരിക്കേ ഏഴു വയസുകാരൻ മാന്‍ഹോളില്‍ വീണു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ മാന്‍ഹോളില്‍ തിരഞ്ഞു. എന്നാൽ ഇരുട്ടായതിനാൽ ആരെയും കാണാനായില്ല. പരിഭ്രാന്തരായ കുട്ടികൾ നാട്ടുകാരെയും വിവരമറിയിച്ചു. പിന്നാലെ ഫയര്‍ഫോഴ്സ് അടക്കം ഒരു വന്‍ സന്നാഹം സംഭവ സ്ഥലത്തെത്തി.

കുട്ടിയെ കുറിച്ച് അധിക വിവരമൊന്നും സുഹൃത്തുക്കള്‍ക്ക് ഉണ്ടായിരുന്നില്ല. അതിനാല്‍ വീട്ടുകാരെ കണ്ടെത്താനും ശ്രമം തുടങ്ങി. മാന്‍ഹോള്‍ വലുതാക്കി തിരയാന്‍ മണ്ണുമാന്തി യന്ത്രം വരെ എത്തിച്ചു. എന്നാല്‍ എത്ര തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനാകാത്തതിനാൽ പോലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങി. ദ‍ൃശ്യങ്ങളില്‍ നിന്നും പകല്‍ 12:41നോടടുത്ത് കുട്ടി കുഴിയില്‍ വീഴുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കുട്ടി കുഴിയില്‍ തന്നെ എന്ന് ഉറപ്പിക്കാന്‍ കഴിയുന്ന ദൃശ്യങ്ങള്‍.

പക്ഷേ പോലീസ് അവിടെ നിര്‍ത്തിയില്ല മൂന്നോട്ടുള്ള ദൃശ്യങ്ങളും പരിശോധിച്ചു. കൃത്യം 12:51നുള്ള ദൃശ്യങ്ങള്‍ കണ്ട പോലീസും അന്തം വിട്ടു. കുഴിയില്‍ വീണ കൂട്ടി കൃത്യം പത്ത് മിനിറ്റ് കഴിഞ്ഞ് കുഴിയുടെ വശത്തുകൂടെ ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നു പോകുന്നതായിരുന്നു ആ ദൃശ്യം. ഇതോടെ സ്ഥലത്ത് തടിച്ചു കൂടിയവർക്ക് ആശ്വാസമായി.

എന്നാൽ കുട്ടി എങ്ങനെ കുഴിയില്‍ നിന്ന് പുറത്തുവന്നെന്ന് പോലീസിന് വ്യക്തമായില്ല. കുട്ടി കുഴിയില്‍ വീഴുന്ന ദൃശ്യങ്ങള്‍ കണ്ട സ്കൂളിലെ ടീച്ചറാണ് അവനെ തിരിച്ചറിഞ്ഞത്. അവര്‍ പോലീസിനെ ബന്ധപ്പെട്ട് കുട്ടിയുടെ വിവരങ്ങള്‍ കൈമാറി. കുട്ടിയുടെ വീട്ടുകാരെ പോലീസ് ബന്ധപ്പെട്ടതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.

കുഴിയില്‍ വീണതിന് 20 മീറ്റര്‍ അപ്പുറത്ത് പുറത്തുകടക്കാന്‍ മറ്റൊരു വഴി കുട്ടിക്ക് കണ്ടെത്താനായി. പുറത്ത് കടന്ന കുട്ടി ശരീരത്തിലെ ചെളി കഴുകിക്കളയാനായി വീട്ടിലേക്ക് പോയി. കൂട്ടുകാർ ഇതറിയാതെയാണ് സുഹൃത്ത് കുഴിയില്‍ അകപ്പെട്ടെന്ന് വിശ്വസിച്ച് പരിഭ്രാന്തരായത്. കുട്ടി സുരക്ഷിതനാണെന്ന് അറിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് പോലീസും ഫയര്‍ഫോഴ്സും.

Tags:    

Similar News