ഉച്ചഭക്ഷണത്തിലെ കറി തെരുവ് നായ നക്കി; അധ്യാപകരുടെ മുന്നറിയിപ്പ് അവഗണിച്ച് പാചക തൊഴിലാളികൾ വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പി; പിന്നാലെ 78 വിദ്യാർഥികൾക്ക് ആന്റി റാബീസ് വാക്സിൻ; മുൻകരുതൽ നടപടിയെന്ന് അധികൃതർ; പ്രതിഷേധവുമായി രക്ഷിതാക്കൾ

Update: 2025-08-03 10:37 GMT

ബിലാസ്പുർ: തെരുവ് നായ നക്കിയ ഉച്ചഭക്ഷണം സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകിയതിനെ തുടർന്ന് 78 വിദ്യാർഥികൾക്ക് ആന്റി റാബീസ് വാക്സിനെടുത്തു. ജൂലൈ 29ന് ഛത്തീസ്ഗഡിൽ ബലോദബസാർ ജില്ലയിലെ ലച്ചൻപൂരിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ഉച്ച ഭക്ഷണത്തിന് ഒപ്പമുള്ള കറിയിൽ നായ നക്കിയ വിവരം വിദ്യാർത്ഥികൾ അധ്യാപകരെ അറിയിച്ചിരുന്നു. തുടർന്ന് അധ്യാപകർ മുന്നറിയിപ്പ് നൽകിയിട്ടും ഇത് അവഗണിച്ച് പാചക തൊഴിലാളികൾ ഭക്ഷണം വിദ്യാർത്ഥികൾക്ക് വിളമ്പുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എംഎൽഎ സന്ദീപ് സാഹു മുഖ്യമന്ത്രിക്ക് കത്തെഴുതി.

78 വിദ്യാർത്ഥികളാണ് തെരുവ് നായ നക്കിയ ഉച്ചഭക്ഷണം കഴിച്ചത്. സംഭവം വിദ്യാർഥികൾ രക്ഷിതാക്കളെ അറിയിച്ചു. പ്രതിഷേധവുമായി രക്ഷിതാക്കളും പ്രദേശവാസികളും സ്കൂളിലെത്തിയതോടെയാണ് സംഭവം പുറത്ത് വരുന്നത്. മലിനമായ ഭക്ഷണം വിളമ്പരുതെന്ന നിർദ്ദേശം അവഗണിച്ച പാചക തൊഴിലാളികളെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് രക്ഷിതാക്കൾ പ്രതിഷേധിച്ചത്.

അതേസമയം, മുൻകരുതലെന്ന നിലയിലാണ് കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയതെന്നാണ് അധികൃതരുടെ വാദം. 'അണുബാധ സ്ഥിരീകരിച്ചതുകൊണ്ടല്ല, മുൻകരുതൽ നടപടിയായാണ് ആന്റി റാബിസ് വാക്സിൻ നൽകിയത്. ആദ്യ ഡോസിന് പാർശ്വഫലങ്ങളൊന്നുമില്ല. ഗ്രാമവാസികളുടെയും രക്ഷിതാക്കളുടെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെയും ആവശ്യപ്രകാരമാണ് ഇത് ചെയ്തത്' എന്നാണ് ലച്ചൻപൂർ ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥ പറഞ്ഞത്.

ശനിയാഴ്ച സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ദീപക് നികുഞ്ജും ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ നരേഷ് വർമയും മറ്റ് ഉദ്യോഗസ്ഥരും സ്കൂൾ സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. കുട്ടികൾ, മാതാപിതാക്കൾ, അധ്യാപകർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എസ്.എച്ച്.ജി അംഗങ്ങൾ അന്വേഷണത്തിൽ പങ്കെടുത്തിട്ടില്ല.

സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ സന്ദീപ് സാഹു മുഖ്യമന്ത്രിക്ക് കത്തെഴുതി. ആരുടെ നിർദ്ദേശപ്രകാരമാണ് കുട്ടികൾക്ക് ആന്റി റാബിസ് കുത്തിവെപ്പുകൾ നൽകിയതെന്ന് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

സ്‌കൂളിനെതിരെ ആദ്യമായല്ല പരാതികൾ ഉയരുന്നതെന്നാണ് നാട്ടുകാരും രക്ഷിതാക്കളും പറയുന്നു. പാകം ചെയ്യാത്ത ഭക്ഷണം നൽകുക, പ്രാണികളുടെ അണുബാധ, ശുചിത്വക്കുറവ് എന്നീ പരാതികൾ മുൻപും ഉണ്ടായിട്ടുണ്ട്. പാചക തൊഴിലാളികളെ പുറത്താക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.

Tags:    

Similar News