പുറത്ത് നിന്ന് നോക്കിയാൽ നല്ല ഉഗ്രൻ ടർഫ്; വൈകുന്നേരമായാൽ പയ്യന്മാർ കളിക്കാൻ ഓടിയെത്തും; ഒടുവിൽ എക്‌സൈസിന്റെ വരവിൽ വൻ ട്വിസ്റ്റ്; രണ്ടുപേരെ കൈയ്യോടെ പൊക്കി

Update: 2025-09-11 09:37 GMT

മലപ്പുറം: പുൽപറ്റയിൽ ടർഫ് ഗ്രൗണ്ട് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന നടത്തിയ സംഭവത്തിൽ ടർഫ് നടത്തിപ്പുകാരനടക്കം രണ്ടുപേർ എക്സൈസ് പിടിയിലായി. മുത്തന്നൂർ പൂതനപ്പാട് വീട്ടിൽ രഞ്ജുമോൻ (34), സൗത്ത് തൃപ്പനച്ചി അമ്പലപ്പടി സ്വദേശി ഷാജി (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 5.680 ഗ്രാം മെത്താഫിറ്റമിനും 29,000 രൂപയും പിടിച്ചെടുത്തു.

പുൽപറ്റ മുത്തന്നൂരിൽ പ്രവർത്തിക്കുന്ന ടർഫിൽ ലഹരി വിൽപ്പന നടക്കുന്നതായി എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടന്നത്. മഞ്ചേരി എക്സൈസ് സർക്കിളും എക്സൈസ് കമ്മീഷണർ സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ ടർഫ് നടത്തിപ്പുകാരനായ രഞ്ജുമോനെയാണ് ആദ്യം പിടികൂടിയത്. ഇയാളിൽ നിന്ന് 5.680 ഗ്രാം എം.ഡി.എം.എയും പണവും കണ്ടെടുത്തു.

രഞ്ജുമോനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇയാൾക്ക് ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്ന ഷാജിയെയും എക്സൈസ് സംഘം പിടികൂടി. ഇയാളിൽ നിന്നും കൂടുതൽ എം.ഡി.എം.എയും പണവും കണ്ടെടുത്തു. രണ്ടു പ്രതികളിൽ നിന്നായി ആകെ 12.280 ഗ്രാം മെത്താഫിറ്റമിനും 29,000 രൂപയുമാണ് പിടിച്ചെടുത്തത്.

പിടിലായ പ്രതികളെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്യുകയും മഞ്ചേരി സബ് ജയിലിലേക്ക് അയക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ടർഫ് ഗ്രൗണ്ടുകൾ ലഹരി വിൽപ്പനക്കായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന കണ്ടെത്തൽ ആശങ്കയുളവാക്കുന്നുണ്ട്.

എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ നാസർ, ഇ.ഐ ആൻഡ് ഐ.ബി ഇൻസ്പെക്ടർ ടി. ഷിജു മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സിവില്‍ എക്സൈസ് ഓഫിസർമാരായ ഷബീർ അലി, സച്ചിൻദാസ്, അഖിൽദാസ്, സിവില്‍ എക്സൈസ് ഓഫിസർ ഡ്രൈവർ അബ്ദുറഹ്‌മാൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. 

Tags:    

Similar News