'കാറില്‍ ഭാര്യയും അമ്മായിയമ്മയും പിള്ളേരുമാ സാറേ, തമിഴ്‌നാട്ടില്‍ ടൂറ് പോയതാ!' പൊലീസിനേയും എക്‌സൈസിനും തെറ്റിദ്ധരിപ്പക്കാന്‍ കാറില്‍ സകുടുംബമെത്തിയ കാര്‍ലോസ്; വിഴിഞ്ഞത്ത് പിടികൂടിയത് 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകള്‍; കുട്ടികളെ മറയാക്കി കഞ്ചാവ് കടത്തിയ സംഘം പിടിയില്‍

Update: 2026-02-25 06:36 GMT

തിരുവനന്തപുരം: കുട്ടികളുമൊത്ത് വിനോദ സഞ്ചാരത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ സംഘത്തെ ഡാന്‍സഫ് ടീം പിടികൂടിയത് അതിവിദഗ്ധമായി. കഴിഞ്ഞ ദിവസമാണ് വാഗണ്‍ ആര്‍ കാറില്‍ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകളുമായി അറുപതു വയസുകാരിയും മകളും മരുമകനും അടക്കം മൂന്നുപേരെയാണ് സിറ്റി ഡാന്‍സാഫ് ടീം കസ്റ്റഡിയിലെടുത്തത്.

വിഴിഞ്ഞത്ത് 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകള്‍ കാറില്‍ കടത്താന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളെ മറയാക്കിയായിരുന്നു. സംഭവത്തില്‍ വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ദമയന്തി (60) എന്നിവരെയാണ് സിറ്റി ഡാന്‍സാഫ് പിടികൂടിയത്. ദമയന്തിയുടെ മകളാണ് ബിന്ദു. വെങ്ങാനൂര്‍ നെല്ലിവിള ക്ഷേത്രത്തിനു സമീപം ഇന്നലെ രാത്രി 9.30ന് ആണ് സംഭവം. കാറില്‍ ഇവരുടെ മൂന്നു കുട്ടികളും ഉണ്ടായിരുന്നു.

തമിഴ്നാട്ടില്‍ നിന്നു കഞ്ചാവുമായി കാറില്‍ വരുമ്പോള്‍ രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ ഉല്ലാസയാത്ര കഴിഞ്ഞുവരുന്നുവെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്. കാറിന്റെ ഡിക്കിക്കുളളില്‍ സ്യൂട്ട്കെയ്‌സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍.

തമിഴ്നാട്ടില്‍ നിന്ന് വാങ്ങി നഗരത്തില്‍ വില്‍ക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. തമിഴ്നാട്ടില്‍ ഉല്ലാസയാത്ര കഴിഞ്ഞു വരികയാണെന്ന് പൊലീസിനേയും എക്‌സൈസിനും തെറ്റിദ്ധരിപ്പക്കാന്‍ സകുടുംബവുമായാണ് പ്രതി കാറിലെത്തിയത്. ഡാന്‍സാഫ് സംഘത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് വെങ്ങാനൂരില്‍വെച്ച് ഇവരുടെ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്.

കാര്‍ലോസിനെ മുന്‍പ് കഞ്ചാവുമായി എക്സൈസും ബിന്ദുവിനെ നാലു കിലോ കഞ്ചാവുമായി രണ്ട് മാസം മുന്‍പ് ഡാന്‍സാഫ് സംഘവും പിടികൂടിയിരുന്നു. പ്രതികളെ വിഴിഞ്ഞം പൊലീസിന് കൈമാറി.

കെ എല്‍ 01 സി ആര്‍ 8344 എന്ന നമ്പരിലുള്ള കാറിലായിരുന്നു കുടുംബത്തിനൊപ്പം ഇവര്‍ എത്തിയത്. പള്ളിച്ചല്‍-വെങ്ങാനൂര്‍ റൂട്ടിലൂടെ ബൈപ്പാസ് കടന്ന് വലിയവേളിയിലേക്ക് പോകാനായിരുന്നു ഇവര്‍ ശ്രമിച്ചത്. ക്ഷേത്ര ഉത്സവം നടക്കുന്നതിനാല്‍ ഈ ഭാഗത്ത് പരിശോധനയുണ്ടാവില്ലെന്ന് കരുതിയാണ് ഈ വഴി തെരഞ്ഞെടുത്തത്. എന്നാല്‍ സംശയം തോന്നിയ ഡാന്‍സഫ് ടീം ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കാറിന്റെ ഡിക്കിയില്‍ സ്യൂട്ട്‌കെയ്സിനുള്ളിലാണ് കഞ്ചാവ് പൊതികള്‍ ഒളിപ്പിച്ചിരുന്നത്. ബിന്ദുവിനെ നേരത്തെ സിറ്റി ഡാന്‍സാഫ് സംഘം വെട്ടുകാട് ബാലന്‍ നഗറില്‍ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോയ നാലുകിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. കാര്‍ലോസും കഞ്ചാവ് കേസുകളികളില്‍ ഉള്‍പ്പെട്ടയാളാണ്. ഇവരെ വിഴിഞ്ഞം പൊലീസിന് കൈമാറി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News