ഹൈക്കോടതി മുന്‍ ജീവനക്കാരനായിരുന്ന ഷാജിയും സുധയും തമ്മില്‍ ദ്വീര്‍ഘകാലമായി സൗഹൃദത്തില്‍; ബന്ധം വീട്ടിലറിയിക്കുമെന്നും കുടുംബം തകര്‍ക്കുമെന്ന സുധയുടെ ഭീഷണി പ്രകോപനമായി; മുഷ്ടിചുരുട്ടി ചുരുട്ടി മുഖത്ത് ആഞ്ഞിടിച്ചു ഷാജി; യുവതി നിലവിളിച്ചതോടെ മുഖം അമര്‍ത്തിപ്പിടിച്ചു; കരിങ്കല്ലില്‍ തല ഇടിച്ചത് മരണകാരണമായി; വൈറ്റില കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
വൈറ്റില കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
കൊച്ചി: കൊച്ചി വൈറ്റിലയില്‍ കോട്ടയം സ്വദേശിനി സുധയെ പ്രതി കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ പ്രകോപനം കാരണമെന്ന് പോലീസ്. കുടുംബം തകര്‍ക്കുമെന്ന ഭീഷണി മുഴക്കിയതാണ് അക്രമിത്തിനും കൊലപാതകത്തിലേക്കും നയിച്ചത്. പ്രതി ഷാജി മുഖത്ത് പലതവണ മുഷ്ടിചുരുട്ടി ഇടിച്ചു. കരിങ്കല്ലിലേക്ക് വീണ് യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. യുവതി ബഹളംവച്ചതോടെ മുഖം അമര്‍ത്തിപ്പിടിച്ചു. മരട് പൊലീസിന്റെ കസ്റ്റഡിയിലാണ് പൊന്നുരുന്നി സ്വദേശി പ്രതി ഷാജി. രാവിലെ കൊലപാതകം നടന്ന റെയില്‍വേ ട്രാക്കില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
മരട് പൊലീസിന്റെ കസ്റ്റഡിയിലുള്ള പൊന്നുരുന്നി സ്വദേശി ഷാജിയുടെ അറസ്റ്റ് ഇന്നലെ രാത്രിയോടെ രേഖപ്പെടുത്തിയിരുന്നു. ആസൂത്രിതമായ ഒരു കൊലപാതകമല്ല ഇത് എന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പിന്നാലെയുണ്ടായ കയ്യാങ്കളിക്കിടെ ഷാജി യുവതിയുടെ വായും മൂക്കും അമര്‍ത്തിപ്പിടിച്ചു. അപ്പോഴാണ് സുധ മരിച്ചത്. പ്രതി ഷാജിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ഇന്നലെ പുലര്‍ച്ചയോടെയാണ് ചിങ്ങവനം സ്വദേശിയായ സുധ ബേബിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ അറിയാതെ അടുത്ത ബന്ധത്തിലായിരുന്നു സുധയും ഷാജിയും. അടുത്തിടെ ഈ ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് കൊലപാതക കാരണമെന്ന് ഷാജി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഹൈക്കോടതി മുന്‍ ജീവനക്കാരനായിരുന്ന ഷാജിയും കൊല്ലപ്പെട്ട സുധയും തമ്മില്‍ സുഹൃദത്തിലായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെ വൈറ്റില റെയില്‍വേ മേല്‍പ്പാലത്തിനെ താഴെ സുധയുമായി എത്തിയ ഷാജി കൊലപാതകം നടത്തുകയായിരുന്നു. ട്രെയിന്‍ തട്ടിയുള്ള മരണം എന്നു വരുത്താന്‍ മൃതദേഹം റെയില്‍വേ പാളത്തില്‍ കിടത്തി ഷാജി കടന്നു കളയുകയായിരുന്നു. പുലര്‍ച്ചെ സമീപത്തെ ട്രാക്കിലൂടെ പോയ അമൃത എക്‌സ്‌പ്രെസിലെ ലോക്കോ പൈലറ്റാണ് മൃതദേഹം കിടക്കുന്നത് വിവരം പൊലീസിനെ അറിയിക്കുന്നത്.
പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്ന് നിഗമനത്തിലേക്ക് എത്തിയ പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശൃങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കാക്കനാട് നിന്നാണ് ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍ കല്ലുപയോഗിച്ച് മുഖത്തും തലയിലും ഇടിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
എന്നാല്‍, കുറെക്കാലമായി സുധയെ ഒഴിവാക്കാന്‍ ഷാജി ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. അക്രമ സമയം അടുത്തുകൂടി യുവാക്കള്‍ നടന്നുപോയപ്പോള്‍ സുധ ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായും മൂക്കും പൊത്തിപ്പിടിച്ചപ്പോള്‍ മരണം സംഭവിച്ചു എന്നാണ് ഷാജി പോലീസിനോട് പറഞ്ഞത്.
കൊലപാതകത്തിന് ശേഷം സുധയുടെ മൃതദേഹം ട്രെയിന്‍ തട്ടി മരിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഷാജി റെയില്‍വേ ട്രാക്കിലേക്ക് വലിച്ചിട്ടു. എന്നാല്‍ ഇയാള്‍ക്ക് പറ്റിയ വലിയ അബദ്ധം, ആ ട്രാക്ക് നിലവില്‍ ട്രെയിനുകള്‍ ഓടാത്ത ഒന്നായിരുന്നു എന്നതാണ്. മൃതദേഹം ട്രാക്കില്‍ കിടന്നിട്ടും ട്രെയിന്‍ കയറാത്തത് പോലീസിന് സംശയത്തിന് ഇടനല്‍കി. സമീപത്തെ മറ്റൊരു ട്രാക്കിലൂടെ പോയ അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ട് ആര്‍പിഎഫിനെ വിവരം അറിയിച്ചത്.
മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ സുധയുടെ ഫോണിലെ സിം കാര്‍ഡാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു. രാത്രി 11.30-ഓടെ ഷാജിയും സുധയും കാറില്‍ വന്നിറങ്ങുന്നതിന്റെയും, പിന്നീട് ഷാജി തനിച്ച് മടങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോകാന്‍ ശ്രമിച്ച ഷാജിയെ കാക്കനാട് വെച്ചാണ് പോലീസ് പിടികൂടിയത്.
