കോഴിക്കോട് മാവൂരില്‍ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍; ഇര്‍ഫാന്‍ ലഹരികടത്തുകാരന്‍; ഡല്‍ഹിയില്‍ നിന്നെത്തിച്ച തോക്ക് കൈവശം വെച്ചിരുന്നു; കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭയമെന്ന് പരിക്കേറ്റ തന്‍സിഫ്
കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. മുന്നൂര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാനെ മാവൂര്‍ പൊലീസാണ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ കാര്‍ ഉപേക്ഷിച്ച് ഇര്‍ഫാന്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.
കൂളിമാട് മുന്നൂരില്‍ ഫെബ്രുവരി ഒന്നിന് രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. അയല്‍വാസിയായ തന്‍സിഫുമായി ഇര്‍ഫാന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. സംഭവ ദിവസം രാവിലെ ഇര്‍ഫാന്‍ തന്‍സിഫിന്റെ വീട്ടിലെത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും തന്‍സിഫിനെ ഇര്‍ഫാന്‍ മര്‍ദിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ തന്‍സിഫിനെ ഇര്‍ഫാന്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. തന്‍സിഫിന്റെ സഹോദരങ്ങളായ തസ്‌നീമിനെയും തന്‍സിലിനെയുമായിരുന്നു ഇര്‍ഫാന്‍ ആക്രമിച്ചത്.
തന്‍സിഫിനെ മര്‍ദിച്ചതറിഞ്ഞ തസ്‌നീമും തന്‍സിലും ബൈക്കില്‍ ഇര്‍ഫാനെ തേടി ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. സഹോദരങ്ങള്‍ കയ്യില്‍ വടിയും കരുതിയിരുന്നു. റോഡില്‍ കാര്‍ തടഞ്ഞ് നിര്‍ത്തുന്നതിനിടെ ഇവരെ ഇര്‍ഫാന്‍ കാറിടിപ്പിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തന്‍സിലിന്റെ തലയോട്ടിയും നട്ടെല്ലും പൊട്ടി. തസ്‌നീമിന്റെ ഇടുപ്പെല്ലിന് പൊട്ടലുണ്ട്. ഇര്‍ഫാനും തന്‍സിഫും തമ്മിലുള്ള സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ ലഹരി മരുന്ന് കടത്ത് ഒറ്റിയെന്ന സംശയത്തിലാണ് ഇര്‍ഫാന്‍ അക്രമം നടത്തിയതെന്ന് പരിക്കേറ്റ തന്‍സിഫ് വെളിപ്പെടുത്തി. ഇര്‍ഫാന്‍ സ്ഥിരമായി ലഹരി കടത്തുന്നയാളാണ്. ഇക്കാര്യം പുറത്ത് പറയുമെന്ന് പറഞ്ഞതിന് ഭീഷണിപ്പെടുത്തി. ഇര്‍ഫാന് പിന്നില്‍ ആളുകളുണ്ടെന്നും കുടുംബത്തെ ഇവര്‍ ഇല്ലാതാക്കുമെന്ന് ഭയമുണ്ടെന്നും തന്‍സീഫ് പറയുന്നു. ദില്ലിയില്‍ നിന്നെത്തിച്ച തോക്ക് ഇര്‍ഫാന്‍ കൈവശം വെച്ചിരുന്നുവെന്നും തന്‍സിഫ് ആരോപിച്ചു.
ഗുരുതരമായി പരിക്കേറ്റ തന്‍സീഫിനെ ഇര്‍ഫാന്‍ തന്നെയാണ് ഹോസ്പിറ്റലില്‍ എത്തിച്ചത്. ഹോസ്പിറ്റലില്‍ നിന്നും കടന്നുകളഞ്ഞ ഇര്‍ഫാനെ പോകുന്ന വഴിയില്‍ പാഴൂരില്‍ വെച്ച് തന്‍സീഫിന്റെ സഹോദരങ്ങളായ തസ്നീമും തന്‍സീമും ചേര്‍ന്ന് ബൈക്കുമായി തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെ ഇര്‍ഫാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മാവൂര്‍ ഇന്‍സ്പെക്ടര്‍ ദിനേശ്, എസ്.ഐ സലിം മുട്ടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
