രഹസ്യമായി ആരോ വിളിച്ച് പറഞ്ഞതോടെ..ഇരച്ചെത്തിയ പോലീസ്; റെയ്‌ഡിൽ പകച്ചു നിന്ന് ആ കുടുംബം; പെട്ടെന്ന് ബൈക്കിലെത്തിയ ഒരാളുടെ വരവിൽ സിനിമയെ വെല്ലും ചെയ്‌സിങ്ങ്; പരിശോധനയ്ക്കിടെ വീട്ടിലെ ഗോവണിയിൽ അമ്പരിപ്പിക്കുന്ന കാഴ്ച; എല്ലാം കൈയ്യോടെ പൊക്കി
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് നടത്തിയ റെയ്ഡിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ഒരു കിലോ പതിനാറ് ഗ്രാം എംഡിഎംഎയും 21 ലക്ഷത്തോളം രൂപയും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമയും ഭാര്യയുമടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവേട്ട നടന്നത്. കേസിൽ പ്രധാന പ്രതിയായ ജാസിർ ഒളിവിൽ പോയിരിക്കുകയാണ്.
ചേലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശി ജാസിറിൻ്റെ വീട്ടിൽനിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. പൊലീസ് എത്തുന്നു എന്ന വിവരമറിഞ്ഞ് ലഹരിമരുന്ന് മാറ്റാൻ ഒരുങ്ങുന്നതിനിടെയായിരുന്നു റെയ്ഡ്. ഗോവണിയുടെ താഴെ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. പൊലീസ് എത്തുമ്പോൾ ഗൃഹനാഥൻ അസീസും ഭാര്യ കമറുന്നീസയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
പരിശോധന പുരോഗമിക്കുന്നതിനിടെ അതിവേഗത്തിൽ ബൈക്കിലെത്തിയ സലാഹുദ്ദീൻ എന്നയാളെ പൊലീസ് പിടികൂടി. പിടിച്ചെടുത്ത എംഡിഎംഎ മറ്റൊരു ഒളിയിടത്തിലേക്ക് മാറ്റാൻ എത്തിയതായിരുന്നു സലാഹുദ്ദീൻ. പൊലീസിനെ കണ്ടയുടൻ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. തുടർന്നാണ് അസീസ്, കമറുന്നീസ, സലാഹുദ്ദീൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിശദമായ പരിശോധനയിൽ 21 ലക്ഷത്തോളം രൂപക്ക് പുറമെ ഏഴ് ഫോണുകളും രണ്ട് ലാപ്ടോപ്പുകളും ലഹരി ചെറിയ അളവിൽ തൂക്കി വിൽക്കാൻ ഉപയോഗിച്ചിരുന്ന അഞ്ച് ത്രാസുകളും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത പണം എംഡിഎംഎ വിറ്റ് ലഭിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കാലിക്കറ്റ് സർവകലാശാല ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതികൾ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ ഒളിവിൽ പോയ പ്രധാന പ്രതി ജാസിറിനായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.