പാങ്ങോട് എലിച്ചുഴി പുത്തന്‍ വീട്ടിലെത്തി ഉപ്പയുടെ ഉമ്മയെ കഴുത്തു ഞെരിച്ച് കൊന്നത് ഉച്ചയ്ക്ക്; മുത്തശ്ശിയുടെ മാല പൊട്ടിച്ചെടുത്തു; അത് പണയം വച്ച് ചുറ്റികയും കത്തിയും വാങ്ങി; പിന്നെ നാലു കൊലകള്‍ കൂടി; പോലീസിന് മുന്നിലുള്ളത് അഫാന്റെ മൊഴി മാത്രം; ഉമ്മ ഷെമീനയുടെ ആരോഗ്യം വീണ്ടെടുക്കല്‍ സത്യം തെളിയിക്കും
തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പോലീസിന് മുന്നിലുള്ളത് അഫാന്‍ നല്‍കിയ. വിവരങ്ങള്‍ മാത്രം. വെഞ്ഞാറമൂട് പേരുമല സല്‍മാസില്‍ എ.ആര്‍.അഫാനാണ് (23) ഒന്‍പതാം ക്ലാസുകാരനായ അനുജനെയും കാമുകിയെയും മുത്തശ്ശിയെയും അടക്കം അഞ്ചുപേരെ കൊന്നത്. വെട്ടേറ്റ കാന്‍സര്‍ ബാധിതയായ മാതാവ് ഷെമിന (40) ഗുരുതരവസ്ഥയില്‍ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അവര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാന്‍ സമയം എടുക്കും. അതിന് ശേഷം അവരുടെ മൊഴി എടുക്കും. അപ്പോള്‍ മാത്രമേ കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ.
തലയില്‍ ചുറ്റിക കൊണ്ടടിച്ചും കത്തികൊണ്ട് കുത്തിയുമാണ് അരുംകൊലകള്‍ നടത്തിയത്. അനുജന്‍ അഫ്‌സാന്‍ (13), പെണ്‍സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂര്‍ സ്വദേശി ഫര്‍സാന (19) ഉപ്പയുടെ സഹോദരന്‍ പുല്ലമ്പാറ പഞ്ചായത്ത് എസ്.എന്‍ പുരത്തെ പുല്ലമ്പാറ ആലമുക്കില്‍ ലത്തീഫ് (69), ഭാര്യ ഷാഹിദ(59), ഉപ്പയുടെ ഉമ്മ സല്‍മാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്. പോലീസ് സ്‌റ്റേഷനിലെത്തി അഫാനാണ് ക്രൂരത വിവരിച്ചത്. പിന്നീട് വിഷം കഴിച്ചെന്നും അറിയിച്ചു. അഫാനും മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. രാത്രിയില്‍ മജിസ്‌ട്രേട്ട് എത്തി മൊഴിയും രേഖപ്പെടുത്തി. കൊലപാതക കാരണം അടക്കം അഫാന്‍ പറയുന്നത് മാത്രമാണ് പോലീസിന് മുന്നിലുള്ളത്. അഫാന്റെ അച്ഛന്‍ വിദേശത്താണ്. അഫാന്റെ സാമ്പത്തിക ബാധ്യതാ വാദം അടക്കം അച്ഛന്‍ തള്ളുകയാണ്.
സ്‌കൂള്‍ വിട്ടെത്തിയ ഇളയ സഹോദരനെ വെഞ്ഞാറമൂട്ടിലെത്തിച്ച് കുഴിമന്തി വാങ്ങി നല്‍കിയ ശേഷമാണ് വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയത്. മൂര്‍ക്കന്നൂര്‍ സ്വദേശി ഫര്‍സാനയെ ഇയാള്‍ ബൈക്കില്‍ വീട്ടില്‍ കൂട്ടിക്കൊണ്ട് വന്നാണ് കൊലപ്പെടുത്തിയതെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി. ഫര്‍സാനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനെ ചൊല്ലി ബന്ധുക്കളുമായി കലഹിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഫര്‍സാനയുമായുള്ള വിവാഹം നിശ്ചയിച്ചതാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് താഴെ പാങ്ങോട് എലിച്ചുഴി പുത്തന്‍വീട്ടിലെത്തി ഉപ്പയുടെ ഉമ്മ സല്‍മാബീവിയെ കഴുത്തു ഞെരിച്ച് കൊന്നുകൊണ്ടാണ് അഫാന്‍ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കഴുത്തിലെ സ്വര്‍ണ്ണമാല ഊരി പണയംവച്ച് കിട്ടിയ പണം കൊണ്ടാണ് മറ്റുള്ളവരെ വകവരുത്താനുള്ള ചുറ്റികയും കത്തിയും പ്രതി വാങ്ങിയത്. തുടര്‍ന്ന് പിതൃസഹോദരന്റെ വീട്ടിലെത്തി കൃത്യം നിറവേറ്റി. പിന്നീട് സ്വന്തം വീട്ടിലെത്തി കൊലപാതകങ്ങള്‍ നടത്തി. അപ്പോള്‍ സമയം ആറു മണിയോട് അടുത്തിരുന്നു. തുടര്‍ന്നാണ് ്‌പൊലീസ് സ്റ്റേഷനിലേക്ക് പോയത്.
കിലോമീറ്ററുകള്‍ സഞ്ചരിച്ചായിരുന്നു കൊലപാതക പരമ്പര. തന്റെ വീട്ടില്‍ നിന്നും 23 കിലോ മീറ്റര്‍ അകലെയാണ് മുത്തശ്ശിയുടെ വീട്. അവിടെ നിന്നും കിലോ മീറ്റര്‍ അകലെയാണ് വല്യച്ഛന്റെ വീട്. പിന്നെ തിരിച്ച് വീട്ടിലെത്തി രണ്ടു പേരേയും കൊന്നു. പെണ്‍സുഹൃത്തിനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് കൊല്ലുകയായിരുന്നു .അവിടെവച്ചു തന്നെയാണ് അനുജനെ വകവരുത്തിയതും അമ്മയെ ആക്രമിച്ചതും. ഇവരുടെ മരണം ഉറപ്പാക്കാന്‍ ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ടിരുന്നു.ഉപ്പയുടെ സഹോദരനെയും ഭാര്യയെയും അവരുടെ വീട്ടിലെത്തി കൊല്ലുകയായിരുന്നു
.ഉപ്പയുടെ ഉമ്മയെ കൊന്നത് അവര്‍ താമസിക്കുന്ന പാങ്ങോട് എലിച്ചുഴി പുത്തന്‍വീട്ടിലെത്തിയാണ്. ഇന്നലെ വൈകിട്ട് ആറോടെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയപ്പോഴാണ് പുറംലോകം അറിഞ്ഞത്. പ്രതി ലഹരിക്കടിമയാണെന്ന് സംശയിക്കുന്നു. എലി വിഷം കഴിച്ചതായി പൊലീസനോട് പറഞ്ഞതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയലേക്ക് മാറ്റി. അഫാന്റെ ഉപ്പ റഹിം ഗള്‍ഫില്‍ ഫര്‍ണിച്ചര്‍ ബിസിനസ് നടത്തിയെങ്കിലും വായ്പ വാങ്ങി കടക്കെണിയിലായി. അതു തീര്‍ക്കാന്‍ നാട്ടിലെ ബന്ധുക്കള്‍ സഹായിച്ചില്ല. അതിന്റെ പകയില്‍ ആരുംജീവിച്ചിരിക്കേണ്ട എന്നു ചിന്തിച്ച് കൊലനടത്തിയെന്നാണ് ഇയാള്‍ നല്‍കിയ മൊഴി.