വയോധികമാരെ കണ്ടാല്‍ കണ്‍ട്രോള്‍ വിടും; പിന്നെ ക്രൂരമായ ബലാല്‍സംഗം; തനിച്ചു താമസിച്ചിരുന്ന റിട്ട. അധ്യാപികയെ ബലാല്‍സംഗം ചെയ്ത കേസില്‍ പുറത്തിറങ്ങിയിട്ട് മൂന്നു ദിവസം; ആറ്റില്‍ കുളിക്കാനെത്തിയ വയോധികയ്ക്ക് നേരെ അതിക്രമം: കൊടുംക്രൂരന്‍ സബീറിനെ നിരീക്ഷിക്കുന്നതില്‍ പോലീസിന് വന്‍ വീഴ്ച
തിരുവല്ല: മാന്നാറില്‍ പമ്പ നദിക്കരയില്‍ തുണി അലക്കിക്കൊണ്ടു നിന്ന വയോധികയെ (56) ആക്രമിച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പരുമല കൊട്ടയ്ക്കാമാലി കോളനിയില്‍ സബീര്‍ (47) കൊടുംക്രിമിനലും സൈക്കോപ്പാത്തും. തനിച്ചു താമസിച്ചിരുന്ന റിട്ട. അധ്യാപികയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞ് ഇയാള്‍ പുറത്തിറങ്ങിയിട്ട് മൂന്നു ദിവസമാകുമ്പോഴാണ് പമ്പയില്‍ കുളിക്കാനെത്തിയ വയോധികയെ ആക്രമിച്ചത്.
വയോധികമാരോടുള്ള ലൈംഗിക താല്‍പര്യമാണ് ഇയാളെ സൈക്കോപ്പാത്ത് ആക്കുന്നത്. റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ അറസ്റ്റിലായത്. നേരത്തേ ഇവരുടെ കൊലപാതകത്തില്‍ മകനെയാണ് സംശയിച്ചിരുന്നത്. എന്നാല്‍, മറ്റൊരു വയോധികയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതിന് പിടിയിലായ സബീറിനെ അന്നത്തെ തിരുവല്ല ഇന്‍സ്പെക്ടര്‍ സഖറിയ മാത്യൂ നടത്തിയ ചോദ്യം ചെയ്യലിലാണ് നാടു നടുക്കിയ കൊലപാതകത്തിന്റെ കഥ പുറത്തു വന്നത്. അത് ഇങ്ങനെയായിരുന്നു.
തനിച്ചു താമസിക്കുന്ന വിധവയായ റിട്ട. അധ്യാപിക ഒരു നാള്‍ കൊല്ലപ്പെടുന്നു. മൃതദേഹം മൂന്നു ദിവസത്തിന് ശേഷം അഴുകിയ നിലയില്‍ വീടിന്റെ പരിസരത്ത് നാട്ടുകാര്‍ കാണുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തലയ്ക്ക് അടിയേറ്റതും കഴുത്തില്‍ തോര്‍ത്ത് മുറുക്കിയതും. മരിക്കും മുന്‍പ് വയോധിക ക്രൂരമായ ബലാല്‍സംഗത്തിനും ഇരയായി. ലോക്കല്‍ പൊലീസ് അന്വേഷിച്ചു. തുമ്പൊന്നും കിട്ടിയില്ല. നേരറിയാന്‍ ക്രൈം ബ്രാഞ്ച് വന്നു. അവര്‍ക്ക് സംശയം കൊല്ലപ്പെട്ടയാളുടെ മകനെ. അമ്മയുടെ സ്വത്തു തട്ടിയെടുക്കാന്‍ മകന്‍ കൊലപ്പെടുത്തി എന്ന നിഗമനത്തില്‍ ക്രൈം ബ്രാഞ്ച് സംഘമെത്തുന്നു. മകനെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുന്നു. മകന്‍ എതിര്‍ക്കുന്നു.
സംശയം മുറുകിയ അന്വേഷണ സംഘം മകനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നു. അപ്പോള്‍ ലോക്കല്‍ ഇന്‍സ്പെക്ടറുടെ കൈയില്‍ ഒരു ക്രിമിനല്‍ വന്നു പെടുന്നു. വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് കസ്റ്റഡിയില്‍പ്പെട്ടത്. ഇയാളെ ഇന്‍സ്പെക്ടര്‍ നന്നായി ചോദ്യം ചെയ്തപ്പോള്‍ ആ സത്യം പുറത്തു വന്നു. റിട്ട. അധ്യാപികയെ കൊന്നത് താന്‍ തന്നെയാണ്. നിരപരാധിയായ മകന്‍ രക്ഷപ്പെട്ടു. യഥാര്‍ഥ പ്രതി അഴിക്കുള്ളിലുമായി. ഈ പ്രതിക്ക് കോടതി ജീവപര്യന്തം കഠിനതടവും 68,000 രൂപ പിഴയും ശിക്ഷവിധിച്ചു. കേള്‍ക്കുമ്പോള്‍ സിനിമാക്കഥ പോലെ തോന്നാം. പക്ഷേ ഈ കേസ് ഇപ്പോള്‍ തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ എസ്ഐ ട്രെയിനികള്‍ക്ക് പഠിക്കാനുള്ള പാഠപുസ്തകമാണ്.
കടപ്ര പഞ്ചായത്ത് 12ാം വാര്‍ഡില്‍ തനിച്ചു താമസിച്ചിരുന്ന റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ പരുമല കൊട്ടയ്ക്കാമാലി കോളനിയില്‍ സബീറിനെയാണ് പത്തനംതിട്ട അഡിഷണല്‍ സെഷന്‍സ് കോടതി ഒന്നാം നമ്പര്‍ ജഡ്ജി എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്. 302ാം വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ഭവന ഭേദനത്തിന് അഞ്ചു വര്‍ഷം കഠിന തടവും 5000 രൂപ പിഴയും ദേഹോപദ്രവം ഏല്‍പിച്ചതിന് അഞ്ചു വര്‍ഷം കഠിനതടവും 5000 രൂപ പിഴയുംമോഷണം നടത്തിയതിന് ഏഴു വര്‍ഷം കഠിനതടവും 5000 രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് മൂന്നു വര്‍ഷം കഠിന തടവും 3000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.
2010 മെയ് ഒന്ന്
രാത്രി ഒമ്പതു മണിയോടെ റിട്ട. അധ്യാപികയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സബീര്‍ അവരുടെ വാക്കിങ് സ്റ്റിക് കൊണ്ട് തലയ്ക്കടിച്ചു ബോധം കെടുത്തുകയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം വലിച്ചിഴച്ച് വീടിന് പുറത്തെ കൊക്കോമരത്തിന്റെ ചുവട്ടില്‍ കൊണ്ടു പോയി ബലാല്‍സംഗം ചെയ്തു. പിന്നീട് കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം അവിടെ തന്നെ ഇട്ട ശേഷം മുങ്ങി. മൂന്നാം ദിവസം ദുര്‍ഗന്ധം വമിച്ചപ്പോഴാണ് മൃതദേഹം നാട്ടുകാര്‍ കാണുന്നത്. പുളിക്കീഴ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം.
അന്വേഷണം തിരുവല്ല സിഐയായിരുന്ന ആര്‍ ജയരാജിന്. അടിപ്പാവാടയും ബ്രേസിയറും മാത്രം ധരിച്ച നിലയില്‍ ആയിരുന്നു മൃതദേഹം. അടിവസ്ത്രത്തില്‍ മലത്തിന്റെ അംശമുണ്ടായിരുന്നു. ദേഹത്തും മറ്റും മുറിവും. വേറെ തുമ്പൊന്നുമില്ല. ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ട് രക്ഷയില്ല. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഡിവൈഎസ്.പി ഡി രാജഗോപാല്‍ അന്വേഷിക്കുന്നതിനിടെ പ്രതി ലോക്കല്‍ പൊലീസിന്റെ പിടിയിലായി. തിരുവല്ല സിഐ ആയിരുന്ന സഖറിയ മാത്യുവാണ് പ്രതിയെ പിടികൂടിയത്. (സഖറിയ മാത്യു ഇപ്പോള്‍ അഡീഷണല്‍ എസ്.പിയാണ്). ചോദ്യം ചെയ്യലില്‍ താനാണ് റെയ്ച്ചലിനെ കൊന്നതെന്ന് പ്രതി കുറ്റസമ്മതം നടത്തി. വയോധികമാരെ ആക്രമിച്ച് സ്വന്തം ഇംഗിതത്തിന് വശംവദനാക്കുന്ന പ്രത്യേക മാനസികാവസ്ഥയുള്ളയാളായിരുന്നു കൊലയാളി സബീര്‍. പുലര്‍ച്ചെ പരുമലയില്‍ മീന്‍ വാങ്ങാന്‍ പോയ മീന്‍കാരി വയോധികയെ കടന്നു പിടിച്ച് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ തിരുവല്ല പൊലീസിന്റെ പിടിയിലായത്. സഖറിയ മാത്യു നടത്തിയ ചോദ്യം ചെയ്യലില്‍ മുന്‍പ് സമാനരീതിയില്‍ നടത്തിയ ബലാല്‍സംഗങ്ങള്‍ എല്ലാം ഇയാള്‍ തുറന്നു പറഞ്ഞു. റിട്ട. അധ്യാപികയുടെ കൊലപാതകി താനാണെന്ന് സബീര്‍ വെളിപ്പെടുത്തി.
സബീര്‍ ലോക്കല്‍ പോലീസിന്റെ പിടിയിലായതു കൊണ്ട് രക്ഷപ്പെട്ടത് റിട്ട. അധ്യാപികയുടെ ഏക മകനാണ്. ക്രൈംബ്രാഞ്ച് അന്വേഷണം മാതാവില്‍ നിന്ന് അകന്നു കഴിയുന്ന ഏക മകനെ കേന്ദ്രീകരിച്ചായിരുന്നു. റിട്ട. അധ്യാപികയുടെ ഭര്‍ത്താവ് പുരോഹിതനായിരുന്നു. ഇവരുടെ പേരില്‍ 50 സെന്റ് സ്ഥലവും ഉണ്ടായിരുന്നു. ക്രൈംബ്രാഞ്ച് സ്വന്തം മകനെ സംശയിക്കാന്‍ കാരണമായത് ഈ ഭൂമിയായിരുന്നു. സ്വത്തിന് വേണ്ടി മകന്‍ നേരിട്ടോ, അല്ലെങ്കില്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചോ മാതാവിനെ കൊലപ്പെടുത്തിയിരിക്കാമെന്നായിരുന്നു നിഗമനം. മകനെ നാര്‍ക്കോ അനാലിസിസിനും പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയനാക്കാന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, അഭിഭാഷകന്‍ മുഖേനെ മകന്‍ ഇത് എതിര്‍ത്തു. ഇതോടെ മകനെതിരായ സംശയം ബലപ്പെട്ടു. അപ്പോഴും സ്വന്തം മാതാവിനെ ബലാല്‍ക്കാരം ചെയ്യാന്‍ മകന്‍ തയാറാകുമോ എന്ന ഒരു ചോദ്യം ബാക്കിയായി.
ഇതിന് ഉത്തരം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞതുമില്ല. അങ്ങനെയിരിക്കേയാണ് യാദൃച്ഛികമായി സബീര്‍ പോലീസിന്റെ വലയിലാകുന്നത്. സമാന കേസുകളില്‍ ഇയാള്‍ നേരത്തേയും അകപ്പെട്ടിരുന്നു. മൃതദേഹത്തില്‍ കാണപ്പെട്ട മുറിവുകളും മറ്റ് അടയാളങ്ങളും ഉണ്ടാക്കുന്ന രീതി സബീറിന്റേതിനോട് സമാനമായിരുന്നു.
പുറത്തിറങ്ങിയ സബീര്‍ അപകടകാരി, പോലീസിന്റെ വീഴ്ച തുണയായി
ഒരു പ്രത്യേക മാനസികാവസ്ഥയ്ക്ക് ഉടമയാണ് സബീര്‍. ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ ലോക്കല്‍ പോലീസ് നിരീക്ഷിക്കേണ്ടതുണ്ട്. വയോധികമാരെ കണ്ടാല്‍ അപ്പോള്‍ ഇയാള്‍ ലൈംഗികാതിക്രമത്തിന് തുനിയും. ഇത്തരം സൈക്കോ ക്രിമിനല്‍ സാധാരണ ജനങ്ങള്‍ക്ക് തന്നെ ഭീഷണിയാണ്. പുളിക്കീഴ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് സബീര്‍ താമസിക്കുന്നത്. നിലവില്‍ ഇയാള്‍ മൊബൈല്‍ ഫോണ്‍ ഒന്നും ഉപയോഗിക്കുന്നില്ല. അതിനാല്‍ തന്നെ വയോധികയെ ആക്രമിച്ച കേസില്‍ ഇയാളെ കണ്ടെത്താന്‍ പോലീസിന് കഴിയുന്നുമില്ല.
