സെക്രട്ടേറിയറ്റില്‍ സിപിഎമ്മിനെ തകര്‍ത്ത് സജിത്ത് സിസിയും സംഘവും; സ്റ്റാഫ് ഹൗസിങ് സഹകരണ സംഘത്തിലെ അയ്യായിരത്തില്‍ 3400 വോട്ടും നേടി കോണ്‍ഗ്രസ് പാനല്‍; ഇടത് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി 'അത്ഭുത വിജയം'; അഡ്മിനിസ്‌ട്രേറ്റര്‍ അംഗത്വം നല്‍കിയവരും സിപിഎമ്മിനെ ചതിച്ചു; ഇത് മുഖ്യമന്ത്രിയെ പോലും അത്ഭുതപ്പെടുത്തിയ ഇടതു തോല്‍വി
തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ഇടത് സംഘടനകള്‍ക്ക് ദയനീയ പരാജയം. സ്റ്റാഫ് ഹൗസിങ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല പാനലായ സഹകരണ ജനാധിപത്യ മുന്നണി ചരിത്രത്തിലില്ലാത്ത വന്‍ ഭൂരിപക്ഷത്തോടെ മുഴുവന്‍ സീറ്റുകളും തൂത്തുവാരി. ആകെ പോള്‍ ചെയ്ത അയ്യായിരത്തോളം വോട്ടുകളില്‍ 3400-ലധികം വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസ് അനുകൂലികള്‍ വിജയിച്ചുകയറിയത്. ഭരണപക്ഷത്തെയും എകെജി സെന്ററിനെയും ഒരുപോലെ ഞെട്ടിച്ച വിജയത്തിന് പിന്നില്‍ ധനകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി സജിത്ത് സി.സിയുടെ നേതൃത്വത്തിലുള്ള തന്ത്രങ്ങളാണെന്നാണ് വിലയിരുത്തല്‍.
മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് ധനകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി സജിത്ത് സി.സിയാണ്. 3479 വോട്ടുകള്‍ നേടിയ സജിത്ത് സൊസൈറ്റിയിലെ ജനപ്രിയ മുഖമായി മാറി. സെക്രട്ടേറിയറ്റിലെ സിപിഎം സ്വാധീനം തകര്‍ക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സജിത്തിനെ 'അത്ഭുത മനുഷ്യന്‍' എന്നാണ് സഹപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ തവണ വെറും 49 വോട്ടിന് വിജയിച്ച സ്ഥാനത്താണ് ഇത്തവണ 2000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് യുഡിഎഫ് പാനല്‍ കുതിച്ചുകയറിയത്.
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കിടയില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന സ്വാധീനം വലിയ തോതില്‍ കുറയുന്നതായാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. സിപിഎം അനുകൂല സംഘടനയ്ക്കുള്ളിലെ വിഭാഗീയതയും നേതാക്കള്‍ തമ്മിലുള്ള അടിയും പരാജയത്തിന്റെ ആക്കം കൂട്ടി. സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ച് നേതാക്കള്‍ നടത്തിയ പ്രതികാര നടപടികള്‍ സാധാരണ ജീവനക്കാര്‍ക്കിടയില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിരുന്നു. മൂന്നര വര്‍ഷത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണകാലത്ത് സിപിഎം അനുകൂലികള്‍ മെമ്പര്‍ഷിപ്പ് നല്‍കിയ ബൂത്തുകളില്‍ പോലും കോണ്‍ഗ്രസ് പാനല്‍ വലിയ ലീഡ് നേടിയത് പാര്‍ട്ടിയെ അമ്പരപ്പിച്ചിട്ടുണ്ട്.
ഡി.എ കുടിശിക നിഷേധിച്ചതും, ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തതും, പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തിലെ വാഗ്ദാന ലംഘനവും ജീവനക്കാരെ സര്‍ക്കാരിനെതിരെ ചിന്തിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നേരിട്ട് ഇടപെട്ട് തയ്യാറാക്കിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കൃത്യമായി ഫലം കണ്ടു. സിപിഎം അനുകൂലികളായ ജീവനക്കാരില്‍ പോലും വലിയൊരു വിഭാഗം രഹസ്യമായി യുഡിഎഫ് പാനലിനെ പിന്തുണച്ചു എന്നാണ് വോട്ട് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭരണത്തുടര്‍ച്ച ലഭിച്ച സര്‍ക്കാരിനോടുള്ള ജീവനക്കാരുടെ വിപ്രതിപത്തിയുടെ നേര്‍ച്ചിത്രമാണ് ഈ അട്ടിമറി വിജയം.
പ്രധാന വോട്ട് നില:
സജിത്ത് സി.സി : 3479
മീര : 3471
ഷിബു: 3456
ശരത്ത് : 3418
അജയകുമാര്‍ : 3414
സരിത: 3411
ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റി. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണ കാലത്ത് 700 ഓളം പേര്‍ക്ക് പുതിയ അംഗത്വം നല്‍കിയിരുന്നു. ഈ കേസാണ് ഹൈക്കോടതിയുടെ മുന്നില്‍. അതുകൊണ്ട് ഈ വോട്ടുകള്‍ മാത്രം പ്രത്യേക ബൂത്തിലാണ് രേഖപ്പെടുത്തിയത്. ഈ ബൂത്തിലും കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷം. സെക്രട്ടറിയേറ്റിലെ ഭരണവിരുദ്ധ വികാരത്തിന് തെളിവായി ആ വോട്ടു കണക്കുകള്‍ മാറുകയാണ്. ഇത്രയും വലിയ തോല്‍വി മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.
ഈ സാഹചര്യത്തില്‍ സെക്രട്ടറിയേറ്റിലെ ഇടതു സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സിപിഎം നിരീക്ഷണം ശക്തമാക്കും. വിഭാഗീയതയും തോല്‍വിയ്ക്ക് കാരണമായി എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
