ചില ചാറ്റുകൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു; തർക്കം രൂക്ഷമായി; സൃഷ്ടിയുടെ കൂടെ കുറച്ച് ദിവസം താമസിക്കണമെന്ന് പറഞ്ഞിട്ടും ആദിത്യ കേട്ടില്ല; വീഡിയോ കോൾ ചെയ്ത് മരിക്കാനൊരുങ്ങിയത് കാണിച്ച് കൊടുത്തിട്ടും വകവെച്ചില്ല; വനിതാ പൈലറ്റിന്റെ മരണത്തിൽ പോലീസ്
മുംബൈ: ഇന്നലെയാണ് എയർ ഇന്ത്യയിലെ വനിതാ പൈലറ്റിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സൃഷ്ടി തുലി (25) എന്ന യുവതിയാണ് മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്ത് ആദിത്യ പണ്ഡിറ്റിനെ പോലീസ് പിടികൂടിയിരുന്നു.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇതിനിടെ സൃഷ്ടിയുടെ ആത്മഹത്യയിൽ ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നത്. ആദിത്യയുടെ മോശം പെരുമാറ്റം കാരണമാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപണം ഉയർത്തി. സൃഷ്ടിയെ ആദിത്യ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി അവൾ മല്ലിടുകയായിരുന്നു ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
ഇപ്പോഴിതാ എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. സൃഷ്ട്ടി മരിക്കുന്നതിന് തൊട്ടുമുമ്പ് അവൾ കാമുകൻ ആദിത്യ പണ്ഡിറ്റുമായി വീഡിയോ കോളിൽ സംസാരിച്ചെന്നും താൻ മരിക്കാൻ പോകുകയാണെന്ന് അറിയിച്ചിരുന്നെന്നും പോലീസ് വെളിപ്പെടുത്തി.
ഇരുവരും താമസ സ്ഥലത്തുവെച്ച് വഴക്കിട്ടു. ശേഷം താൻ ഡൽഹിയിലേക്ക് തിരിക്കുകയാണെന്ന് അറിയിച്ച് ആദിത്യ പോയി. ഉടൻ തിരിച്ചെത്തണമെന്നും തന്റെ കൂടെ കുറച്ച് ദിവസം താമസിക്കണമെന്നും സൃഷ്ടി ആവശ്യപ്പെട്ടെങ്കിലും ആദിത്യ അത് നിരസിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
സൃഷ്ട്ടി മരിക്കുന്നതിന് മുൻപും ആദിത്യയുമായി പത്തിലേറെ തവണ ഫോണിൽ സംസാരിച്ചു. ചില ചാറ്റുകൾ ആദിത്യ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു. അത് വീണ്ടെടുക്കാനും കൂടുതൽ വിവരങ്ങൾ കണ്ടെത്താനും ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ആദിത്യയുടെ വനിതാ സുഹൃത്തായ പൈലറ്റിനെയും പൊലീസ് ചോദ്യം ചെയ്തു.
മരിക്കുന്നതിന് തൊട്ടുമുമ്പ് സൃഷ്ടി അമ്മയെയും അമ്മായിയെയും ഫോണിൽ വിളിച്ചെന്നും പോലീസ് വെളിപ്പെടുത്തുന്നു. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് വ്യക്തമാക്കി.