മോഷ്ടിക്കുക യുവാക്കള്‍ക്കിടയില്‍ പ്രിയമേറിയ റോയല്‍ എന്‍ഫീല്‍ഡും ഹീറോ സ്‌പ്ലെന്‍ഡര്‍ ബൈക്കുകളും ഹോണ്ട ആക്ടിവ സ്‌കൂട്ടറുകളും; വ്യാജ നമ്പറുകള്‍ പതിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് മറിച്ചുവില്‍ക്കും; പൊലീസുകാര്‍ക്ക് തോന്നിയ സംശയം വഴിത്തിരിവായി; ചണ്ഡിഗഡിലെ 'ജെന്‍ സീ' കൊള്ളസംഘം പിടിയില്‍

Update: 2026-03-30 12:00 GMT

ചണ്ഢിഗഡ്: പഞ്ചാബും ഹരിയാനയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹന മോഷ്ടാക്കളായ ജെന്‍ സീ കൊള്ളസംഘത്തെ കുരുക്കി മലോയ പൊലീസ്. കേവലം ഇരുപത് വയസ്സ് മാത്രം പ്രായമുള്ള യുവാക്കള്‍ നേതൃത്വം നല്‍കുന്ന 'ജെന്‍ സീ' (Gen Z) കൊള്ളസംഘമാണ് പിടിയിലായത്. ബൈക്കുകള്‍ മോഷ്ടിച്ച് പഞ്ചാബില്‍ വില്‍ക്കുന്ന സംഘമാണ് പിടിയിലായത്. ചണ്ഡീഗഢിനടുത്ത് ദാദുമാജ്രയിലെ ദ്രോണാചാര്യ സ്റ്റേഡിയത്തിന് സമീപം സ്‌കൂട്ടറില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളെ പൊലീസ് തടഞ്ഞുനിര്‍ത്തിയതാണ് വഴിത്തിരിവായത്. വാഹനരേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ പതറിയ യുവാക്കളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയാണ് ചണ്ഡീഗഢ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മോഷണ ശൃംഖലയുടെ വിവരങ്ങള്‍ പുറത്തുവന്നത്.

പഞ്ചാബിലെ ഫിറോസ്പുര്‍ സ്വദേശികളായ അജയ് കുമാര്‍ (20), സുഖ്വീന്ദര്‍ സിങ് (20), രഷ്പാല്‍ സിങ് (25), മോഗ ജില്ലക്കാരനായ ഗുര്‍ജീത് സിങ് (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ പതിപ്പിച്ച ഹോണ്ട ആക്ടിവ സ്‌കൂട്ടറുകളാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. സംഘത്തില്‍ പതിനാലോളം പേര്‍ സജീവമാണെന്നും ഇതില്‍ ഭൂരിഭാഗവും ഫിറോസ്പുരിലെ ട്രൈസിറ്റി മേഖലയില്‍ നിന്നുള്ളവരാണെന്നും പ്രതികള്‍ സമ്മതിച്ചു. ഓരോ മോഷണത്തിനും കൃത്യമായ ആസൂത്രണം ഇവര്‍ നടത്തിയിരുന്നു.

ചണ്ഡീഗഢിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹരിയാന അതിര്‍ത്തിയില്‍ നിന്നും സ്‌കൂട്ടറുകളും ബൈക്കുകളും മോഷ്ടിച്ച ശേഷം, ആളൊഴിഞ്ഞ സ്ഥലങ്ങളിലെത്തിച്ച് ഉടന്‍തന്നെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റുന്നതായിരുന്നു ഇവരുടെ രീതി. വ്യാജ നമ്പറുകള്‍ പതിപ്പിച്ച വണ്ടികള്‍ പിന്നീട് പഞ്ചാബിലെ ഫിറോസ്പുരിലും മോഗയിലുമെത്തിച്ച് മറിച്ചുവില്‍ക്കും. 12,000 മുതല്‍ 15,000 രൂപ വരെയുള്ള തുച്ഛമായ തുകയ്ക്കാണ് ഓരോ വാഹനവും വിറ്റിരുന്നത്. ഇത്തരത്തില്‍ ഇരുപതോളം മോഷണക്കേസുകളില്‍ ഈ സംഘത്തിന് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്‍പത് മോഷണ ബൈക്കുകള്‍ കൂടി പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. യുവാക്കള്‍ക്കിടയില്‍ പ്രിയമേറിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളും, വിപണിയില്‍ എളുപ്പത്തില്‍ വിറ്റഴിക്കാന്‍ കഴിയുന്ന ഹീറോ സ്‌പ്ലെന്‍ഡര്‍ ബൈക്കുകളുമാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പിടിയിലായ നാല് പ്രതികളില്‍ രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ബാക്കിയുള്ള രണ്ടുപേര്‍ കൂടുതല്‍ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലാണ്. ഒളിവിലുള്ള മറ്റ് സംഘാംഗങ്ങളെ കണ്ടെത്താന്‍ വിപുലമായ അന്വേഷണം ആരംഭിച്ചതായി മലോയ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ജസ്ബീര്‍ സിങ് വ്യക്തമാക്കി. യുവതലമുറ മോഷണവും ലഹരിയും പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നതിന്റെ ഗൗരവകരമായ സൂചന കൂടിയാണ് ഈ അറസ്റ്റ് നല്‍കുന്നത്.

Tags:    

Similar News