ഭർത്താവിനെ ഉറക്കഗുളിക നൽകി മയക്കി, കൈകാലുകൾ കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹത്തിനരികെ മക്കളുമായി യുവതി കിടന്നുറങ്ങിയത് ഒരു രാത്രി മുഴുവൻ; കാമുകനൊപ്പം കഴിയാൻ മോഷണക്കഥ മെനഞ്ഞ ഭാര്യ ഒടുവിൽ കുടുങ്ങി; നാടിനെ നടുക്കിയ ക്രൂരത ഇങ്ങനെ

Update: 2026-03-30 12:58 GMT

അമ്രോഹ: ഉത്തർപ്രദേശിലെ അമ്രോഹയിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൃത്യത്തിന് ശേഷം മൃതദേഹത്തിനരികെ രാത്രി മുഴുവൻ മക്കളോടൊപ്പം യുവതി ചെലവഴിക്കുകയായിരുന്നു. സംഭവത്തിൽ യുവതിയും കാമുകനും പിടിയിലായി. അമ്രോഹ പിപ്‌ലോട്ടി കല സ്വദേശിയും കെട്ടിട നിർമ്മാണ തൊഴിലാളിയുമായ മെഹ്‌രാജ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ റൂഹി, കാമുകൻ ഫർമാൻ, സുഹൃത്ത് അദ്‌നാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന് ശേഷം വീട്ടിൽ മോഷണം നടന്നുവെന്ന് വരുത്തിത്തീർക്കാനായിരുന്നു റൂഹിയുടെ ശ്രമം. റൂഹിയുടെ സഹോദരിയുടെ ഭർത്താവിന്റെ സഹോദരനായ ഫർമാനുമായി യുവതി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെങ്കിലും മെഹ്‌രാജ് ഈ ബന്ധം മനസ്സിലാക്കുകയും ശക്തമായി എതിർക്കുകയും ചെയ്തു. ഇതോടെയാണ് ഭർത്താവിനെ ഒഴിവാക്കാൻ റൂഹി പദ്ധതിയിട്ടത്. വ്യാഴാഴ്ച രാത്രി മെഹ്‌രാജിന്റെ ഭക്ഷണത്തിൽ റൂഹി ഉറക്കഗുളിക കലർത്തി നൽകി. മെഹ്‌രാജ് മയങ്ങിയതോടെ ഫർമാനെയും സുഹൃത്തിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി.

തുടർന്ന് മൂവരും ചേർന്ന് മെഹ്‌രാജിന്റെ കൈകാലുകൾ കെട്ടിയിട്ട ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനോ മൃതദേഹം മാറ്റാനോ റൂഹി ശ്രമിച്ചില്ല. പകരം, വരാന്തയിലെ കട്ടിലിൽ കിടക്കുന്ന ഭർത്താവിന്റെ മൃതദേഹത്തിന് തൊട്ടടുത്ത കട്ടിലിൽ രണ്ട് മക്കളോടൊപ്പം റൂഹി രാത്രി മുഴുവൻ ഉറങ്ങിക്കിടന്നു. പിറ്റേന്ന് രാവിലെ മെഹ്‌രാജിന്റെ പിതാവ് വീട്ടിലെത്തിയപ്പോഴാണ് മകനെ കൈകാലുകൾ കെട്ടിയിട്ട നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പിടിക്കപ്പെടുമെന്ന് ഭയന്ന റൂഹി, വീട്ടിൽ മോഷണം നടന്നുവെന്നും തന്നെ അക്രമികൾ മർദിച്ചുവെന്നും കരഞ്ഞുപറഞ്ഞു. എന്നാൽ റൂഹിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മെഹ്‌രാജിന്റെ പിതാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ റൂഹി ആദ്യം തട്ടിക്കയറിയെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. പ്രതികളിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് കത്തികളും മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു.

Tags:    

Similar News