പ്രണയപ്പകയില്‍ അറുത്തുമാറ്റപ്പെട്ട ജീവന്‍; കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; കൊലപാതകം ഭാര്യ വീട്ടില്‍ ഇല്ലാത്ത നേരത്ത്; വിശാഖപട്ടണത്ത് പിടിയിലായത് നാവികസേനാ ഉദ്യോഗസ്ഥന്‍; ഡേറ്റിംഗ് ആപ്പ് വഴിയുള്ള പരിചയം പ്രണയമായി; കൊലപാതകം സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന്

പ്രണയപ്പകയില്‍ അറുത്തുമാറ്റപ്പെട്ട ജീവന്‍; കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു

Update: 2026-03-30 06:59 GMT

വിശാഖപട്ടണം: പ്രണയപ്പകയുടെയും കൊടുംക്രൂരതയുടെയും ഞെട്ടിക്കുന്ന വാര്‍ത്തയാണ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് പുറത്തുവരുന്നത്. പ്രണയിനിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പോലീസില്‍ കീഴടങ്ങി. ഐ.എന്‍.എസ് ഡേഗയിലെ ഉദ്യോഗസ്ഥനായ ചിന്താട രവീന്ദ്ര (35) ആണ് പിടിയിലായത്. കൊല്ലപ്പെട്ട ഇരുപത്തിയൊമ്പതുകാരിയായ പോളിപ്പള്ളി മൗനികയുടെ തല ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

രവീന്ദ്രയുടെ ഭാര്യ സ്വന്തം വീടായ വിഴിയനഗരത്തിലേക്ക് പോയ ഒഴിവിലാണ് മൗനികയെ ഇയാള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഞായറാഴ്ച ഉച്ചയോടെ എത്തിയ ഇരുവരും തമ്മില്‍ വൈകുന്നേരത്തോടെ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ രവീന്ദ്ര മൗനികയെ കുത്തിക്കൊലപ്പെടുത്തി. തുടര്‍ന്ന് തെളിവ് നശിപ്പിക്കാനായി മൃതദേഹം പല കഷ്ണങ്ങളാക്കി മുറിച്ചു. ചില ഭാഗങ്ങള്‍ ബാഗിലാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച പ്രതി, ബാക്കി ഭാഗങ്ങള്‍ വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി കുറ്റം സമ്മതിച്ചു. 2021-ല്‍ ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. മൗനിക തന്നില്‍ നിന്ന് 3.5 ലക്ഷം രൂപ കൈക്കലാക്കിയെന്നും ബന്ധത്തെക്കുറിച്ച് ഭാര്യയോട് പറയുമെന്ന് പറഞ്ഞ് ഇടയ്ക്കിടെ ഭീഷണിപ്പെടുത്തിയിരുന്നതായും പ്രതി പോലീസിനോട് പറഞ്ഞു. ഈ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് പോലീസ് വീട്ടിലെത്തിയപ്പോള്‍ ഫ്രിഡ്ജിനുള്ളിലും വീടിന്റെ പല ഭാഗങ്ങളിലുമായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നു ശരീരഭാഗങ്ങള്‍. മൗനികയുടെ തല ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് മറ്റൊരിടത്ത് ഉപേക്ഷിച്ചതായാണ് പോലീസ് സംശയിക്കുന്നത്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 2022-ല്‍ ഡല്‍ഹിയില്‍ നടന്ന ശ്രദ്ധാ വ വാക്കര്‍ കൊലപാതകത്തിന് സമാനമായ രീതിയിലാണ് ഈ കൃത്യവും നടന്നിരിക്കുന്നത്. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News