അമിത വേഗതയിലെത്തിയ ജീപ്പ് ബൈക്കിലിടിച്ചു; മദ്യ ലഹരിയിലായിരുന്ന വാഹന ഉടമ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു; കിളിമാനൂര്‍ സ്‌റ്റേഷന്‍ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ജീപ്പ് രാത്രിയിൽ അജ്ഞാതർ കത്തിച്ചു; കിളിമാനൂരിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ ദുരൂഹത?
തിരുവനന്തപുരം: എംസി റോഡിൽ കിളിമാനൂർ പാപ്പാലയിൽ ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. അപകടത്തിൽപ്പെട്ട ജീപ്പ് പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് അജ്ഞാതർ തീയിട്ടു നശിപ്പിച്ചത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്ന് നാട്ടുകാർ ആരോപിച്ചു. കുമ്മിൾ പഞ്ചായത്ത് മുക്കുന്നം പുതുക്കോട് രാജേഷ് ഭവനിൽ താമസിക്കുന്ന രഞ്ജിത്ത് (41), ഭാര്യ അംബിക (36) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ആറും ഒന്നരയും വയസ്സുള്ള രണ്ടു കുട്ടികളാണ് രഞ്ജിത്-അംബിക ദമ്പതികളുടെ മരണത്തോടെ അനാഥരായത്.
കേസ് എടുക്കാൻ വൈകിയെന്നും അപകടത്തിൽപ്പെട്ട ജീപ്പിന് രാത്രി തീവെച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് രഞ്ജിത്തിന്റെ മൃതദേഹവുമായി നാട്ടുകാർ എംസി റോഡ് ഉപരോധിച്ചു. കുടുബത്തിന് നീതി ഉറപ്പാക്കണമെന്നും ഉന്നതരെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരി നാലിനാണ് രഞ്ജിത്തും അംബികയും സഞ്ചരിച്ച ബൈക്കിൽ അമിതവേഗത്തിലെത്തിയ ജീപ്പ് ഇടിച്ചത്.
കിളിമാനൂരിൽ നിന്ന് പുതുക്കോട്ടേക്ക് പോവുകയായിരുന്ന ഇവർക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. ജീപ്പ് പോസ്റ്റിലിടിക്കുകയും തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തടഞ്ഞുവെയ്ക്കുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന ജീപ്പ് ഉടമ വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
അപകടത്തെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അംബിക ജനുവരി ഏഴിന് മരിച്ചു. പിന്നാലെ, ഇന്നലെ വൈകുന്നേരമാണ് ഭർത്താവ് രഞ്ജിത്തും മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽ തകരാറു സംഭവിച്ച ജീപ്പ് കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിസരത്താണ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രി അജ്ഞാതർ ഈ ജീപ്പിന് തീയിട്ടു. തെളിവ് നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് നാട്ടുകാരും ബന്ധുക്കളും ശക്തമായി ആരോപിക്കുന്നത്.
കേസ് എടുക്കാൻ പോലീസ് വൈകിയെന്നും അപകടത്തിനു പിന്നിൽ ഉന്നതരെ സംരക്ഷിക്കാനുള്ള ശ്രമമുണ്ടെന്നും ആരോപണമുണ്ട്. ജീപ്പിൽ നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്റേത് ഉൾപ്പെടെ രണ്ടുപേരുടെ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയിരുന്നു. ഭർത്താവും കൂടി മരണപ്പെട്ടതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. രഞ്ജിത്തിന്റെ മൃതദേഹവുമായി നാട്ടുകാർ എംസി റോഡ് ഉപരോധിച്ചത് മണിക്കൂറുകളോളം ഗതാഗത സ്തംഭനത്തിന് കാരണമായി. വിഷ്ണുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
