റാന്നിയിലെ മദ്യവില്‍പ്പന കേന്ദ്രത്തില്‍ ഏറ്റുമുട്ടിയത് അജോയും മത്തി മിഥുനും; വഴക്ക് റോഡിലേക്ക് നീണ്ടപ്പോള്‍ എത്തിയ കുട്ടുവെന്ന അരവിന്ദും സംഘവും ചേര്‍ന്ന് അമ്പാടിയെ കാറിടിച്ചു കൊലപ്പെടുത്തി; വെറും അപകടമെന്ന് കരുതിയ മരണം കൊലപാതകമായത് കൂട്ടുകാരുടെ മൊഴിയില്‍
റാന്നിയിലെ മദ്യവില്‍പ്പന കേന്ദ്രത്തില്‍ ഏറ്റുമുട്ടിയത് അജോയും മത്തി മിഥുനും
പത്തനംതിട്ട: റാന്നി മന്ദമരുതിയില്‍ വച്ച് കീക്കോഴൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വെട്ടിക്കല്‍ വീട്ടില്‍ ബാബുവിന്റെ മകന്‍ അമ്പാടി(23) കാറിടിച്ചു മരിച്ച സംഭവം അപകടമായിട്ടാണ് ആദ്യം പോലീസ് അടക്കം കരുതിയത്. എന്നാല്‍, അമ്പാടിയുടെ സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയിലാണ് ഇതൊരു കൊലപാതകമാണെന്ന് പോലീസിന് ബോധ്യമായതും ആ രീതിയില്‍ അന്വേഷണം പുരോഗമിച്ചതും. അപകടമുണ്ടാക്കിയ കാര്‍ റാന്നി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇന്നലെ വൈകിട്ട് റാന്നി ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയ്ക്ക് സമീപത്തു നിന്നാണ് സംഭവങ്ങളുടെ തുടക്കം. അജോ, മത്തി മിഥുന്‍ എന്നിവര്‍ ഇവിടെ വച്ച് പരസ്പരം ഏറ്റുമുട്ടി. ഇതിന് ശേഷം മന്ദമരുതിയില്‍ വച്ചും ഇവര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പിന്നീട് വീട്ടിലേക്ക് പോയ ഇരൂകൂട്ടരും രണ്ടു കാറുകളില്‍ സംഘാംഗങ്ങളുമായി മന്ദമരുതിയില്‍ എത്തി. അരവിന്ദ് എന്ന വിളിക്കുന്ന കുട്ടുവിനൊപ്പമാണ് മത്തി മിഥുന്റെ സംഘം എത്തിയത്.
അജോയ്ക്ക് ഒപ്പമാണ് അമ്പാടി വന്നത്. ഇവര്‍ വന്ന വാഹനത്തിന്റെ ഡോര്‍ തുറന്ന് അമ്പാടി ഇറങ്ങുമ്പോഴാണ് അമിത വേഗതയില്‍ വന്ന സ്വിഫ്ട് കാര്‍ ഇടിച്ചു വീഴ്ത്തിയ ശേഷം ശരീരത്ത് കൂടി കയറ്റി ഇറക്കിയത്. പരുക്കേറ്റ അമ്പാടിയെ ഉടന്‍ തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിക്കപ്പ് വാഹനത്തില്‍ കൈതച്ചക്ക കച്ചവടം നടത്തുന്നയാളാണ് അമ്പാടി. ഇടിച്ചിട്ട വാഹനം കസ്റ്റഡിയില്‍ എടുത്തു.
പ്രതികള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ തുടരുകയാണ്. അമ്പാടിക്ക് ഒപ്പം വന്നവര്‍ റാന്നി സ്റ്റേഷനിലുണ്ട്. ഇവരില്‍ നിന്ന് പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. റാന്നിയില്‍ നടന്നത് ഗ്യാങ് വാറാണെന്ന് പൊലീസ് പറയുന്നത്. കീക്കൊഴൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ആളാണ് 24 കാരനായ അമ്പാടി.