ചുട്ടിപ്പാറ സീപാസ് നഴ്സിങ് കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: പ്രിന്‍സിപ്പലിനും അധ്യാപകനും സസ്പെന്‍ഷന്‍; പ്രിന്‍സിപ്പല്‍ ഗുരുതര വീഴ്ചകള്‍ വരുത്തിയെന്ന് രണ്ടാമത്തെ അന്വേഷണത്തില്‍ കണ്ടെത്തല്‍

അമ്മുവിന്റെ ആത്മഹത്യ: പ്രിന്‍സിപ്പലിനും അധ്യാപകനും സസ്‌പെന്‍ഷന്‍

Update: 2025-01-07 13:02 GMT

പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് നഴ്സിങ് കോളജിലെ അവസാന വര്‍ഷ ബി.എസ്.സി നഴ്സിംഗ് വിദ്യാര്‍ഥിനി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രിന്‍സിപ്പല്‍ അബ്ദുള്‍ സലാം, അധ്യാപകന്‍ സജി എന്നിവരെ സസ്പെന്‍ഡ് ചെയ്തു.

സെന്റര്‍ ഫോര്‍ പ്രഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടര്‍ പി. ഹരികൃഷ്ണനാണ് നടപടിയെടുത്തത്. അമ്മുവിന്റെ മരണത്തിനു മുന്‍പ് രക്ഷിതാക്കള്‍ കോളജിനു നല്‍കിയ പരാതികള്‍ അന്വേഷിച്ച് നടപടിയെടുക്കുന്നതില്‍ പ്രിന്‍സിപ്പലിനും അധ്യാപകനും വീഴ്ച പറ്റിയെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പ്രിന്‍സിപ്പല്‍ അബ്ദുള്‍ സലാമിനെ സീതത്തോട്ടിലേക്കു സ്ഥലംമാറ്റിയിരുന്നെങ്കിലും സംഭവത്തില്‍ രണ്ടാമതൊരു അന്വേഷണം ആരോഗ്യ സര്‍വകലാശാല നടത്തിയതോടെയാണ് ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതെന്ന് പറയുന്നു. കോളജിലെ ഒരു അധ്യാപകനെതിരേ അമ്മുവിന്റെ കുടുംബം നേരിട്ടു പരാതി നല്‍കുകയും ചെയ്തു.

അമ്മു സജീവ് നവംബര്‍ 15നാണ് സ്വകാര്യ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കും ഇടുപ്പിനും തുടയ്ക്കും ഉണ്ടായ മാരക പരിക്കുകളും രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അമ്മുവിന്റെ സഹപാഠികളായ മൂന്ന് പെണ്‍കുട്ടികളും മനഃശാസ്ത്ര വിഭാഗം അധ്യാപകനും മാനസികമായി വേട്ടയാടി എന്നാണ് പരാതി. മൂന്ന് സഹപാഠികള്‍ അറസ്റ്റിലായെങ്കിലും അധ്യപകനെതിരേ നടപടി എടുത്തിരുന്നില്ല. പ്രിന്‍സിപ്പലിനെയും അധ്യാപകനെയും കേസില്‍ പ്രതി ചേര്‍ക്കണമെന്നാണ് എന്നാണ് കുടുംബത്തിന്റെ ആവശ്യം.

കുട്ടികള്‍ക്കിടയില്‍ തുടക്കത്തില്‍ ഉണ്ടായ ചെറിയ പ്രശ്നങ്ങള്‍ പ്രിന്‍സിപ്പല്‍ പരിഹരിച്ചില്ലെന്നും രേഖാമൂലം നല്‍കിയ പരാതി അവഗണിച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കുറ്റാരോപിതരായ വിദ്യാര്‍ഥിനികളെ പോലീസ് അറസ്റ്റു ചെയ്തതിനേ തുടര്‍ന്ന് കോളജില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.

Tags:    

Similar News