ടെക്‌സാസിലെ ബാറിന് പുറത്തുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയും; കൊല്ലപ്പെട്ടത് ടെക്സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ സവിത ഷാന്‍; ഭീകരാക്രമണമെന്ന സംശയത്തില്‍ എഫ്ബിഐ
ടെക്‌സാസിലെ ബാറിന് പുറത്തുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയും
വാഷിങ്ടണ്‍: ടെക്സസിലുള്ള ബാറിന് പുറത്ത് നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയയും. 21കാരിയായ സവിത ഷാന്‍ ആണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണ പ്രവര്‍ത്തനത്തിന്റെ ഭാഗമാണോ വെടിവയ്പ്പെന്ന സംശയത്തിലാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍( എഫ്ബിഐ).
ഓസ്റ്റിനിലെ ടെക്സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയാണ് സവിത ഷാന്‍. ബിരുദ ദാനത്തിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനിടെയാണ് മരണം. യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി നേതാവ് കൂടിയാണ് സവിത ഷാന്‍. ഹാരിങ്ടണ്‍, ഷാന്‍ എന്നീ രണ്ട് പേരാണ് മരിച്ച മറ്റ് രണ്ട് പേരെന്ന് തിരിച്ചറിഞ്ഞതായി വാര്‍ത്താ സമ്മേളത്തില്‍ ഓസ്റ്റിന്‍ പൊലീസ് ചീഫ് ലിസ ഡേവിസ് സ്ഥിരീകരിച്ചു. ഈ കൂട്ടക്കൊലപാതകം ഓസ്റ്റിനിലെ ഇന്ത്യന്‍ പ്രവാസികളില്‍ വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്.
സെനഗലില്‍ നിന്നുള്ള 53കാരനായ എന്‍ഡിയാഗ ഡയഗ്‌നെ എന്ന പ്രതിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് വെടിവെച്ചു കൊന്നു. സംഭവസ്ഥലത്തു നിന്നും പ്രതിയുടെ വീട്ടില്‍ നിന്നും ഇറാനിയന്‍ പതാകയും തീവ്രവാദ സ്വഭാവമുള്ള ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. ബാക്ക്യാര്‍ഡ് ബിയര്‍ ഗാര്‍ഡനില്‍ പുലര്‍ച്ചെ 1.59ഓടെയാണ് വെടിവയ്പ്പ് നടന്നത്.
പ്രതി ആദ്യം ഒരു എസ് യുവിയില്‍ നിന്ന് വെടിയുതിര്‍ത്ത ശേഷം വാഹനത്തില്‍ നിന്ന് റൈഫിള്‍ കാണിച്ച് പുറത്തുകടക്കുകയായിരുന്നു. ഇതിനിടയിലാണ് അക്രമിയെയും പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. പതിനാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.