അന്വേഷണം തന്നിലേക്ക് നീളവേ മുന്‍കൂര്‍ ജാമ്യം തേടി ആനന്ദകുമാര്‍ കോടതിയില്‍; സിഎസ്ആര്‍ ഫണ്ട് ലഭ്യമാകുമെന്ന് പറഞ്ഞത് ആനന്ദകുമാറെന്ന അനന്തുകൃഷ്ണന്റെ മൊഴി നിര്‍ണായകം; അനന്തുവിനെ അത്രപരിചയമില്ലെന്ന ബിജെപി നേതാവിന്റെ വാക്കും കള്ളം; പ്രവീളദേവി തട്ടിപ്പുകാരനൊപ്പം കമ്പനി തുടങ്ങിയതിന് തെളിവായി രേഖകള്‍

അന്വേഷണം തന്നിലേക്ക് നീളവേ മുന്‍കൂര്‍ ജാമ്യം തേടി ആനന്ദകുമാര്‍ കോടതിയില്‍

Update: 2025-02-10 16:38 GMT

തിരുവനന്തപുരം: അനന്തുകൃഷ്ണന്‍ മുഖ്യപ്രതിയായ പാതിവില തട്ടിപ്പു കേസില്‍ അന്വേഷണം മുറുകവേ മുന്‍കൂര്‍ ജാമ്യം തേടി സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാര്‍. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. പകുതി വില തട്ടിപ്പില്‍ കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആനന്ദകുമാറിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. മൂവാറ്റുപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും ഇയാള്‍ മുഖ്യ പ്രതിയാകുമെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് ആനന്ദകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടിയത്.

ആനന്ദകുമാറാണ് എന്‍ജിഒ കോണ്‍ഫഡറേഷന്‍ ചെയര്‍മാനെന്ന് പകുതി വില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണന്‍ പറഞ്ഞിരുന്നു. ആനന്ദകുമാര്‍ ഉറപ്പ് നല്‍കിയ സിഎസ്ആര്‍ ഫണ്ട് കൃത്യമായി ലഭിച്ചില്ലെന്നും അനന്തു കൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. സായിഗ്രാമം സ്ഥാപക ചെയര്‍മാനും എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ആജീവനാന്ത രക്ഷാധികാരിയാണ് ആനന്ദുകമാര്‍. അതിനിടെ പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി സര്‍ക്കാര്‍ ഉത്തരവിട്ടു. ആദ്യം രജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഡിജിപി ഉത്തരവിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്.

ഇതിനിടെ പാതിവിലത്തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനുമായി ബന്ധമില്ലെന്ന ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റ് പ്രമീളാദേവിയുടെ വാദവും പൊളിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അനന്തുവും ബി.ജെ.പി നേതാവും ബിസിനസ് പങ്കാളികളാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. ഇക്കാര്യം മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്.

പ്രമീളാദേവിയും അനന്തുകൃഷ്ണനും ചേര്‍ന്ന് കമ്പനി രൂപീകരിച്ചതായും പ്രമീളാദേവി ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം മകള്‍ ലക്ഷ്മി ഡയറക്ടറായെന്നും രേഖകളില്‍ പറയുന്നു. നേരത്തേ ബി.ജെ.പി സംസ്ഥാനസമിതി അംഗമായിട്ടുള്ള ഗീതാകുമാരിയാണ് പ്രമീളാദേവിക്കെതിരേ ആരോപണം ഉന്നയിച്ചത്. പ്രമീളാദേവിയുടെ ഉറപ്പിന്മേല്‍ പാതിവിലത്തട്ടിപ്പ് കേസില്‍ പ്രതിയായിട്ടുള്ള അനന്തുകൃഷ്ണന് 25 ലക്ഷം രൂപ നല്‍കിയെന്നാണ് ഗീതാകുമാരി ആരോപിച്ചത്. എന്നാല്‍ ഈ ആരോപണം നിഷേധിച്ച പ്രമീളാദേവി അനന്തുകൃഷ്ണനുമായി ബന്ധമില്ലെന്ന് പറഞ്ഞിരുന്നു. ഈ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഗുഡ്ലിവിങ് പ്രോട്ടോകോള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് അനന്തുകൃഷ്ണനും പ്രമീളാദേവിയും ചേര്‍ന്ന് രൂപീകരിച്ചത്. 2019 ഡിസംബര്‍ 20-നാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. 2021 മാര്‍ച്ച് 10 വരെ പ്രമീളാദേവി കമ്പനി ഡയറക്ടറായിരുന്നു. പ്രമീളാദേവി രാജിവെച്ചതിന് ശേഷം മകള്‍ ഡയറക്ടറായി. നാല് പേരാണ് കമ്പനിയുടെ ഡയറക്ടര്‍മാരായി ഉണ്ടായിരുന്നത്. അനന്തുകൃഷ്ണനും പ്രമീളാദേവിയും തൃശ്ശൂര്‍ സ്വദേശി അമ്പാട്ട് മുകുന്ദന്‍, ശോഭന എന്നിവരായിരുന്നു ഡയറക്ടര്‍മാര്‍. കമ്പനിയുടെ ആസ്ഥാനമായ കാഞ്ഞിരപ്പള്ളി ആനക്കല്ല് പ്രമീളാദേവിയുടെ വീടിരിക്കുന്ന പ്രദേശം കൂടിയാണ്.

അനന്തുവിനെ പൊതുപരിപാടികളില്‍ വെച്ചുള്ള പരിചയമാണെന്നാണ് നേരത്തേ പ്രമീളാദേവി പ്രതികരിച്ചിരുന്നത്. ഈ പ്രതികരണം തെറ്റാണെന്ന് തെളിയുകയാണ്. നേതാക്കന്മാരുടെ പലരുടെയും ഒപ്പം അനന്തുകൃഷ്ണനുണ്ട്. വനിതാ കമ്മീഷന്റെ പരിപാടികളില്‍ അയാള്‍ പങ്കെടുത്തിട്ടുണ്ട്. അതിന്റെ ചിത്രങ്ങളുണ്ടാകും. അതില്‍ കൂടുതല്‍ എനിക്കറിയില്ല. ഞാന്‍ പങ്കെടുക്കുന്ന പല സ്ഥലങ്ങളിലും അയാള്‍ വന്നിട്ടുണ്ടാകും. പല പൊതുപരിപാടികളിലും വന്നിട്ടുണ്ടാകും. അതിനപ്പുറം എനിക്കറിയില്ല. അനന്തുവും ഞാനും തമ്മിലുള്ള ബാങ്ക് ട്രാന്‍സാക്ഷന്‍സ് പരിശോധിക്കാം.- എന്നാണ് അന്ന് പ്രമീളാദേവി പറഞ്ഞത്.

അതിനിടെ പകുതി വില തട്ടിപ്പ് കേസില്‍ അനന്തു കൃഷ്ണനെ റിമാന്‍ഡ് ചെയ്തിരിക്കയാണ.് കേസില്‍ അനന്തുവിന്റെ കൂട്ടുപ്രതികളില്‍ പലര്‍ക്കും ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്ന് സംശയിക്കുന്നു എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന പേരില്‍ വന്ന മൊഴിയുടെ വിശദാംശങ്ങള്‍ അനന്തു തള്ളി. ഇപ്പോള്‍ പുറത്തുവരുന്ന പല പേരുകളും തെറ്റാണെന്നും അനന്തു പറഞ്ഞു. ആരോപണങ്ങള്‍ നേതാക്കളും നിഷേധിച്ചു.

തെരഞ്ഞെടുപ്പ് ഫണ്ടിനായി കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രമുഖ നേതാക്കള്‍ പണം കൈപ്പറ്റിയെന്ന അനന്തു കൃഷ്ണന്റെ മൊഴിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. ക്ലൗഡ് സ്റ്റോറേജിലായിരുന്നു നേതാക്കള്‍ക്ക് പണം നല്‍കിയതിന്റെ വിവരങ്ങള്‍ അനന്തു സൂക്ഷിച്ചിരുന്നത്. പണം നല്‍കിയതിന്റെ കോള്‍ റെക്കോര്‍ഡിംഗുകളും, വാട്‌സ് ആപ്പ് ചാറ്റുകളും ക്ലൗഡ് സ്റ്റോറേജില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. എന്നാല്‍ ഇത് അനന്തു തള്ളുകയാണ് ചെയ്തത്.

നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷം അപേക്ഷര്‍ക്ക് പണം തിരികെ നല്‍കുമെന്ന് അനന്തുകൃഷ്ണന്‍ പറഞ്ഞു. സിഎസ്ആര്‍ ഫണ്ട് ലഭ്യമാകുമെന്ന് പറഞ്ഞത് സായി ഗ്രാം ഗ്ലോബല്‍ ട്രസറ്റ് ചെയര്‍മാന്‍ ആനന്ദകുമാറാണെന്നും അത് നടക്കാത്തത് കൊണ്ട് ഉണ്ടായ പ്രതിസന്ധിയാണെന്നും അനന്തുകൃഷ്ണന്‍ പറഞ്ഞു.

Tags:    

Similar News