ഓഹരി വിപണിയിലൂടെ 2 കോടി രൂപ കടം; ഓൺലൈൻ ഗെയിമിന് പുറമെ പിതാവിന്റെ കോടികളുടെ കടബാധ്യത; സ്കൂളിൽ പോകാത്ത ഒറ്റപ്പെട്ട ജീവിതവും ആത്മഹത്യയിലേക്ക് നയിച്ചോ?; ഗാസിയാബാദിലെ മൂന്ന് സഹോദരിമാരുടെ മരണത്തിൽ ദുരൂഹത തുടരുമ്പോൾ

Update: 2026-02-05 08:04 GMT

ദില്ലി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരേ കുടുംബത്തിലെ മൂന്ന് സഹോദരിമാർ കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഓൺലൈൻ ഗെയിമിന് അടിമകളായിരുന്ന കുട്ടികളെ അത് വിലക്കിയതിനെ തുടർന്നാണ് അവർ ആത്മഹത്യ ചെയ്തതെന്ന പ്രാഥമിക നിഗമനത്തിനപ്പുറം, പിതാവിന്റെ ഭീമമായ സാമ്പത്തിക ബാധ്യതയും കുട്ടികളുടെ കടുത്ത ഏകാന്തതയുമാണ് മരണകാരണങ്ങളായി പോലീസ് ഇപ്പോൾ പരിശോധിച്ചുവരുന്നത്. കുട്ടികളുടെ പിതാവിന് രണ്ട് കോടി രൂപയുടെ കടമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി.

ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ മരണം ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ ദുരൂഹതയുണ്ടെന്ന് നിഗമനത്തിലാണ് പോലീസ് ഇപ്പോൾ അന്വേഷണം മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. സ്റ്റോക്ക് ട്രേഡറായ പിതാവിന് ഓഹരി വ്യാപാരത്തിലൂടെയാണ് ഇത്രയും വലിയ കടബാധ്യത വന്നതെന്നാണ് വിവരം. ഇദ്ദേഹത്തിന് രണ്ട് ഭാര്യമാരുണ്ടെന്നും, ആദ്യ ഭാര്യയിലെ കുട്ടിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായും പോലീസ് പറയുന്നു. മൂന്ന് വർഷം മുൻപാണ് ഈ കുടുംബം നിലവിലെ ഫ്ലാറ്റിലേക്ക് താമസം മാറിയത്.

കുട്ടികൾ തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കോവിഡ് കാലം മുതൽ അവരുടെ പഠനം മുടങ്ങിയിരുന്നു; മൂത്ത കുട്ടി നാലാം ക്ലാസ്സിലാണ് അവസാനമായി പഠനം നടത്തിയത്. കുട്ടികൾ സ്കൂളിൽ പോവുകയോ മറ്റ് കുട്ടികളുമായി കളിക്കുകയോ ചെയ്യുന്നത് കണ്ടിട്ടില്ലെന്ന് അയൽവാസികൾ മൊഴി നൽകി. ഓൺലൈൻ ഗെയിമുകൾക്ക് പുറമെ, സ്ഥിരമായി വെബ് സീരീസുകളും ഇവർ കണ്ടിരുന്നു. കുട്ടികൾ മറ്റൊരു ലോകത്താണ് ജീവിച്ചിരുന്നതായി തോന്നിയിരുന്നെന്നും ചില മൊഴികൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

കടം കാരണം വീട്ടിൽ വൈദ്യുതി ബിൽ അടക്കാൻ പോലും പണമുണ്ടായിരുന്നില്ല. ഇതേ തുടർന്ന് പിതാവ് കുട്ടികളുടെ മൊബൈൽ ഫോൺ വിൽക്കുകയായിരുന്നു. ഈ നടപടിക്കെതിരെ കുട്ടികൾ ഡയറിക്കുറിപ്പുകളിൽ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഈ കുറിപ്പ് വായിക്കണമെന്ന് ആത്മഹത്യാ കുറിപ്പിലും അവർ പരാമർശിച്ചിട്ടുണ്ട്. കുട്ടികളുടെ പിതാവിനെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News