ഏഴേ മുക്കാല്‍ മുതല്‍ അടച്ചിട്ടു; രണ്ടു മണിക്കൂര്‍ കസ്റ്റഡിയില്‍; വാറണ്ട് ചോദിച്ച് അഭിഭാഷകര്‍ എത്തിയപ്പോള്‍ രേഖകളുമായി എത്തി; ആശാ ബെന്നിയുടെ ആത്മഹത്യയില്‍ നിര്‍ണ്ണായക നീക്കവുമായി പോലീസ്; അച്ഛനും അമ്മയും ഒളിവില്‍ പോയത് വിനയായത് മകള്‍ക്ക്; പ്രദീപിന്റെ മകള്‍ ദീപ കസ്റ്റഡിയില്‍; മുന്‍ പോലീസുകാരന്‍ കീഴടങ്ങുമോ?
എറണാകുളം: പറവൂരില്‍ അയല്‍വാസിയുടെ ഭീഷണിയെ തുടര്‍ന്ന് പറവൂര്‍ കോട്ടുവള്ളിയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ പോലീസ് നിര്‍ണ്ണായക നീക്കങ്ങളില്‍. വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ സ്വകാര്യ പണമിടപാടുകാരി ബിന്ദുവിനും ഭര്‍ത്താവ് പ്രദീപ് കുമാറിനും എതിരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനാണ് പ്രദീപ് കുമാര്‍. വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണ കേസില്‍ കൈക്കൂലി വാങ്ങിയ ആരോപണവും പ്രദീപ് കുമാറിനെതിരെയുണ്ട്. ഈ കേസില്‍ പ്രദീപിന്റെ മകളെ പോലീസ് അറസ്റ്റു ചെയ്തു. രാത്രിയില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്. ആശ ബെന്നിയെ ഭീഷണിപ്പെടുത്താന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം മകളുമുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇത് പ്രദീപിന്റെ മകളുടെ അഭിഭാഷകര്‍ നിഷേധിച്ചു.
ദീപ ജോലി ചെയ്ത സ്ഥാപനത്തില്‍ പോലീസ് എത്തി. മഫ്തിയിലാണ് ഏഴു മണിയോടെ പോലീസ് എത്തിയത്. വനിതാ പോലീസ് ഇല്ലാത്തതുകൊണ്ട് കസ്റ്റഡിയില്‍ എടുക്കല്‍ നടന്നില്ല. അതിന് ശേഷം വനിതാ പോലീസുമായി എത്തി. അപ്പോള്‍ ദീപയുടെ അഭിഭാഷകര്‍ എത്തിയിരുന്നു. അവര്‍ സ്ത്രീയായതു കൊണ്ട് വാറണ്ട് വേണമെന്ന് ആവശ്യപ്പെട്ടു. പോലീസ് അതുമായി എത്തി പത്തേകാലോടെ ദീപയെ കൂട്ടിക്കൊണ്ടു പോയി. പ്രദീപിനേയും ഭാര്യയേയും കീഴടങ്ങുന്നതിന് സമ്മര്‍ദ്ദം ചെലുത്താനാണ് ഇതെന്നും സൂചനയുണ്ട്. ഇന്നലെ ഉച്ചയ്ക്കാണ് കോട്ടുവള്ളി പുഴയില്‍ ചാടി ആശ ബെന്നി ജീവനൊടുക്കിയത്. ആശയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബിന്ദുവിനെയും പ്രദീപ്കുമാറിനെയും ഇന്നലെ മുതല്‍ കാണാനില്ല. പത്ത് ലക്ഷം രൂപയോളമാണ് ആശ ബിന്ദുവില്‍ നിന്നും വാങ്ങിയത്. മുതലും പലിശയുമടക്കം 24 ലക്ഷത്തോളം നല്‍കിയിരുന്നു. എന്നിട്ടും കൂടുതല്‍ പണം ആവശ്യപ്പെട്ട് പ്രതികള്‍ ആശയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതില്‍ മനംനൊന്താണ് വീട്ടമ്മ ജീവനൊടുക്കിയതെന്നാണ് കുറിപ്പ് വിശദീകരിക്കുന്നത്.
റിട്ട.പോലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ്, ഭാര്യ ബിന്ദു എന്നിവരുടെ മകളെ കലൂരിലെ ഓഫീസില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരുടെ മകളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പ്രതികരിച്ചു. അതേസമയം, പോലീസ് നടപടിയില്‍ അഭിഭാഷകര്‍ പ്രതിഷേധിച്ചു. കേസുമായി മകള്‍ക്ക് ബന്ധമില്ലെന്നും കൃത്യമായ മാനദണ്ഡപ്രകാരമല്ല പോലീസ് നടപടിയെന്നും നീക്കം നിയമവിരുദ്ധമാണെന്നും അഭിഭാഷകര്‍ ആരോപിച്ചു. കേസിലെ പ്രതികളായ പ്രദീപും ബന്ദുവും ഒളിവിലാണ്.
കൈക്കൂലി കേസിലെ പ്രതിയാണ് പ്രദീപ് കുമാര്‍. വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ മരിച്ച ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസിലാണ് പ്രതിയായത്. പറവൂര്‍ സിഐയുടെ ഡ്രൈവര്‍ ആയിരുന്നപ്പോഴാണ് കൈക്കൂലി കേസില്‍ അറസ്റ്റിലായത്. പോലീസില്‍ ഉന്നത ബന്ധങ്ങളുണ്ട്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് വരാപ്പുഴ സ്വദേശിയായ ശ്രീജിത്തിന്റെ കസ്റ്റഡി മരണം. അന്ന് ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലാവുകയും സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്ത പൊലീസുകാരനായിരുന്നു അന്നത്തെ പറവൂര്‍ സിഐയുടെ ഡ്രൈവറായിരുന്ന പ്രദീപ് കുമാര്‍. വ വട്ടിപ്പലിശയ്ക്ക് ഇവരില്‍ നിന്നെടുത്ത പണം തിരിച്ചടച്ചിട്ടും നിരന്തരം ഭീഷണിപ്പെടുത്തി എന്നാണ് ആശയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. അതിനിടെ, ആശ ബെന്നിയുടെ മരണം അന്വേഷിക്കാന്‍ മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
2018 ഏപില്‍ ഒന്‍പതിനായിരുന്നു വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്തിനെ ഒരു വീടാക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അന്നത്തെ റൂറല്‍ എസ്പി രൂപീകരിച്ച 'റൂറല്‍ ടൈഗര്‍ ഫോഴ്‌സ്' എന്ന സ്‌ക്വാഡ് ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു കേസ്. അറസ്റ്റിലായ ശ്രീജിത്തിന്റെ ആരോഗ്യനില മോശമായതോടെ, പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഇടനിലക്കാര്‍ വഴി വീട്ടുകാര്‍ തിരക്കിയപ്പോഴാണ് അന്നത്തെ സിഐയുടെ ഡ്രൈവറായ പ്രദീപ് കൈക്കൂലി ആവശ്യപ്പെട്ടത്. 25,000 രൂപയാണ് പ്രദീപ് ചോദിച്ചത്. എന്നാല്‍ 15,000 രൂപ നല്‍കിയെന്നാണ് ശ്രീജിത്തിന്റെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതോടെ അഭിഭാഷകര്‍ വഴി പ്രദീപ് ബന്ധുക്കള്‍ക്ക് പണം തിരിച്ചു നല്‍കി. സംഭവം പുറത്തു വരികയും അന്വേഷണത്തിനൊടുവില്‍ പ്രദീപിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ആശ ആത്മഹത്യ ചെയ്ത സംഭവത്തിലും പൊലീസില്‍ നിന്നു പ്രദീപിനെ സഹായിക്കുന്ന നിലപാടാണ് ഉണ്ടായത് എന്ന് ബന്ധുക്കള്‍ പറയുന്നു. പൊലീസില്‍ പരാതി നല്‍കിയ ശേഷവും പ്രദീപും ഭാര്യയും വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആശയുടെ ഭര്‍ത്താവ് ബെന്നി പറയുന്നത്. നേരത്തേ നല്‍കിയ പരാതിയില്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന് ബന്ധുവായ അനീഷ് പറയുന്നു. ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി എസ്പി ഓഫിസില്‍ ഇരുകൂട്ടരേയും വിളിച്ചു വരുത്തിയപ്പോഴും പ്രദീപ് ഭീഷണിപ്പെടുത്തിയെന്ന് ആശ ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്.