തിരുവല്ല സ്പാ കൂട്ടബലാത്സംഗം; മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനെന്ന് സ്പാ ഉടമ സഞ്ജയ്; കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന പരാതിയില്‍ പോലീസുകാരിലേക്കും അന്വേഷണം നീങ്ങും; പോലീസുകാരില്‍ ചിലര്‍ സ്പാകളില്‍ നിത്യസന്ദര്‍ശകരെന്ന ആക്ഷേപവും അന്വേഷണ പരിധിയില്‍

തിരുവല്ല സ്പാ കൂട്ടബലാത്സംഗം; മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനെന്ന് സ്പാ ഉടമ സഞ്ജയ്

Update: 2026-02-07 04:37 GMT

പത്തനംതിട്ട: തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നില്‍ ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ. മറ്റൊരു സ്പാ ഉടമയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് സ്പാ ഉടമ സഞ്ജയ് ആരോപിച്ചു. ഇതില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം വിവാദത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാവും.

കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന പരാതിയില്‍ പോലീസുകാരിലേക്കും അന്വേഷണം നീങ്ങാന്‍ സാധ്യതയുണ്ട്. സ്പാകളില്‍ നിന്ന് പൊലീസ് മാസപ്പടി വാങ്ങുന്നുവെന്നത് അടക്കമുള്ള ആരോപണമുണ്ട്. ഈ ആരോപണവും അന്വേഷിക്കും. പൊലീസുകാരില്‍ ചിലര്‍ സ്പാകളില്‍ നിത്യസന്ദര്‍ശകരാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഈ ആരോപണവും അന്വേഷണ പരിധിയില്‍ വരേണ്ടതുണ്ട്.

തിരുവല്ല ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെ തുടര്‍ന്നാണ് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട 'മരണസുബിന്‍' അടക്കം മൂന്നുപേര്‍ പിടിയിലായിരുന്നു. കേസില്‍ ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്.

ഫെബ്രുവരി ഒന്നാം തിയതി ഉച്ചയോടെയാണ് തിരുവല്ല യുവതി ജോലി ചെയ്തിരുന്ന സ്പായിലാണ് സംഭവം നടന്നത്. സ്ഥാപനത്തില്‍ നിന്ന് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട പ്രതികള്‍, അത് നല്‍കാത്തതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സുബിന്‍ അലക്‌സാണ്ടര്‍ നേരത്തെ കാപ്പാ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള കുറ്റവാളിയാണ്.

കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. അറസ്റ്റിലായ മുന്നുപേരെ കൂടാതെ മറ്റു മൂന്ന് പ്രതികള്‍ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ നിലവില്‍ ഒളിവില്‍ കഴിയുകയാണെന്നും പോലീസ് വ്യക്തമാക്കി. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് അതിക്രൂരമായി ഉപദ്രവിക്കുകയുമായിരുന്നു. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഈ മാസം ഒന്നിന് മഞ്ഞാടിയിലെ സ്പാ കേന്ദ്രത്തിലാണ് 'മരണ സുബിന്‍' എന്ന് വിളിക്കുന്ന സുബിന്‍ അലക്സാണ്ടര്‍ ചാക്കോയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം അഴിഞ്ഞാടിയത്. കാപ്പാ കേസ് പ്രതിയായ സുബിന്‍ പലതവണ 50,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് ഈ സ്ഥാപനത്തില്‍ എത്തിയിരുന്നു. ആവശ്യപ്പെട്ട പണം ഉടമ നല്‍കാത്തതാണ് ക്രൂരതയ്ക്ക് കാരണമായത്.

സ്പായില്‍ അതിക്രമിച്ചു കയറിയ സംഘം ജീവനക്കാരിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. സംഘത്തിലെ രണ്ടുപേര്‍ ചേര്‍ന്ന് യുവതിയെ ബലമായി പിടിച്ചുവെക്കുകയും പിന്നീട് മുറിക്കുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കഴുത്തില്‍ കത്തിവെച്ച് പീഡിപ്പിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. ക്രൂരത അവിടെയും അവസാനിച്ചില്ല; സ്പായിലെത്തിയ മറ്റൊരു വ്യക്തിയെയും ജീവനക്കാരിയെയും ഒപ്പം നിര്‍ത്തി ബലമായി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

മറ്റൊരു ജീവനക്കാരിയുടെ പക്കലുണ്ടായിരുന്ന 2500 രൂപയും തട്ടിയെടുത്ത ശേഷമാണ് സുബിനും സംഘവും അവിടെനിന്ന് മടങ്ങിയത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭയം കാരണം സ്ഥാപന ഉടമയോ ജീവനക്കാരോ ആദ്യം പരാതി നല്‍കാന്‍ തയ്യാറായില്ല. എന്നാല്‍ പിറ്റേന്ന് വിവരമറിഞ്ഞ പൊലീസ് സ്വമേധയാ ഇടപെടുകയും മൂന്നാം തീയതി കേസെടുക്കുകയുമായിരുന്നു. കേസിലെ പ്രധാന പ്രതികളായ രണ്ടുപേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതിയെ പിടികൂടാനെത്തിയ തിരുവല്ല എസ്.ഐക്കും സംഘത്തിനും നേരെ തന്റെ വളര്‍ത്തുനായയെ അഴിച്ചുവിട്ടാണ് സുബിന്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ ബലപ്രയോഗത്തിലൂടെയാണ് ഇയാളെയും കൂട്ടാളി ബെര്‍ലിന്‍ ദാസിനെയും പൊലീസ് കുടുക്കിയത്.

ഈ സംഭവത്തില്‍ പൊലീസ് പ്രതിക്കൂട്ടിലാകാന്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. സ്പാ കേന്ദ്രങ്ങളില്‍ നിന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഡിവൈഎസ്പി ഓഫീസിലെ ചിലരും സ്ഥിരമായി മാസപ്പടി വാങ്ങുന്നുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. പൊലീസുകാരുടെ ഈ രീതി പിന്തുടര്‍ന്നാണ് ഗുണ്ടാസംഘവും പിരിവിനെത്തിയത്.

ഭരണപക്ഷത്തെ ഒരു പ്രമുഖ ജില്ലാ നേതാവിന്റെ ഇടപെടലിനെത്തുടര്‍ന്ന് സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് വിവരം പുറത്തുവിട്ടിരുന്നില്ല. മാധ്യമങ്ങള്‍ അറിയാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു. മൂന്ന് വര്‍ഷം കഴിഞ്ഞാലും സ്ഥലം മാറ്റം ലഭിക്കാതെ ഒരേ സ്റ്റേഷനില്‍ തുടരുന്ന ചില രാഷ്ട്രീയ അനുകൂലികളായ പൊലീസുകാരാണ് ഇത്തരം സ്പാകള്‍ക്ക് കുടപിടിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്പാകളില്‍ ഇവര്‍ക്ക് പ്രത്യേക 'സല്‍ക്കാരങ്ങള്‍' ലഭിക്കാറുണ്ടെന്നും ആക്ഷേപമുണ്ട്.

Tags:    

Similar News