ശ്രീനന്ദനയുടെ ശരീരത്തില്‍ സംശയാതീതമായ മുറിവുകള്‍ ഒന്നുമില്ല; വസ്ത്രം കീറിയത് മരത്തില്‍ കൊളുത്തി വലിച്ചതാകാമെന്ന് നിഗമനം; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി; ദുരൂഹതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്; കുടുംബം ദുരൂഹത ആരോപിച്ച പശ്ചാത്തലത്തില്‍ പ്രത്യേക കേസായി പരിഗണിച്ച് അന്വേഷണം തുടരും
ശ്രീനന്ദനയുടെ ശരീരത്തില്‍ സംശയാതീതമായ മുറിവുകള്‍ ഒന്നുമില്ല
ചിക്ക്മഗളൂരു: വിനോദയാത്രക്കിടെ കര്‍ണാടകയിലെ ചിക്ക്മഗളൂരുവില്‍ കാണാതായ 15കാരി ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി. പെണ്‍കുട്ടിയുടെ മൃതദേഹവുമായി വീട്ടുകാര്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ചിക്ക്മഗളൂരുവിലെ ജില്ല ആശുപത്രിയില്‍ വെച്ചാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ശ്രീനന്ദനയുടെ ശരീരത്തില്‍ സംശയാതീതമായി മുറിവുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. വസ്ത്രം കീറിയത് മരത്തില്‍ കൊളുത്തി വലിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയെ കാണാതായ സ്ഥലത്തു നിന്നല്ല മൃതദേഹം കിട്ടിയതെന്നും ഇതുള്‍പ്പെടെ സംശയമുണ്ടാക്കുന്നുവെന്നും ശ്രീനന്ദയുടെ പിതാവ് രമേശ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമാണ് വ്യക്തത വരികയുള്ളൂവെന്നും ഇതുവരെയുള്ള കര്‍ണാടക പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും രമേശ് പറഞ്ഞു. കുട്ടിയെ കാണാതായ സ്ഥലത്തും പരിസരത്തും വിശദമായ പരിശോധന നടത്തിയിരുന്നുവെന്നും കുട്ടിയെ കാണാതായ സ്ഥലത്തു നിന്നല്ല മൃതദേഹം കിട്ടിയതെന്നും രമേശ് പറഞ്ഞു. മരണത്തിലേ ദുരൂഹത നീക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
മരണത്തില്‍ സംശയമുണ്ടെന്ന് കുട്ടിയുടെ വല്യച്ഛന്‍ ശശികുമാര്‍ പറഞ്ഞു. കുട്ടിയെ കാണാതായ സമയത്ത് പൊലീസും മറ്റു അന്വേഷണ സംഘങ്ങളും മൃതദേഹം കണ്ടെത്തിയ സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍, അവിടെ ഒന്നും കണ്ടെത്താനായില്ല. അന്ന് അവിടെ കാണാത്ത മൃതദേഹം ഇപ്പോള്‍ ലഭിച്ചതില്‍ ദൂരൂഹതയുണ്ട്. ആരെങ്കിലും അപായപ്പെടുത്തി മൃതദേഹം ഇവിടെ കൊണ്ടുവച്ചതാവാം. കാണാതായിട്ട് നാലുദിവസമായെങ്കിലും മൃതദേഹത്തിന് അത്ര പഴക്കമില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് കുട്ടി പോയിട്ടില്ല. കുട്ടിയെ കാണാതായത് വ്യൂപോയന്റില്‍ നിന്നാണെന്നും ശശികുമാര്‍ പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നായ മണം പിടിച്ചെത്തിയത് സമീപത്തെ ഒരു കടയിലേക്കാണ്. കടയുടമയെ പൊലീസ് ഇതു ചോദ്യം ചെയ്തിട്ടില്ല, പ്രദേശവാസികളില്‍നിന്നും വിവരങ്ങള്‍ തേടിയില്ലെന്നും കുടുംബം ആരോപിച്ചു. എന്നാല്‍, കുടുംബത്തിന്റെ എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് ഒന്നും തള്ളികളയില്ലെന്നും ചിക്കമഗളൂര്‍ പൊലീസ് മേധാവി പറഞ്ഞു.
സമീപത്തുനിന്ന് 10 കിലോമീറ്റര്‍ ദൂരത്ത് മാത്രമാണ് സി.സി.ടി.വിയുള്ളത്. എന്നാല്‍, അത് പ്രവര്‍ത്തനരഹിതമാണ്. പാലക്കാട് നിന്നുള്ള സംഘം സന്ദര്‍ശിക്കുമ്പോള്‍ മറ്റു 10 പേര്‍ കൂടി സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഇവരെ കണ്ടെത്തുന്നതിന് സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ഈ മാസം നാലിനാണ് കുട്ടിയുടെ കുടുംബമുള്‍പ്പെടെ 40 അംഗ സംഘം വിനോദയാത്രക്ക് പോയത്. വെള്ളിയാഴ്ച 12.30നായിരുന്നു ശ്രീനന്ദയുടെ മൃതദേഹം കണ്ടെടുത്തത്.
കാണാതായ സ്ഥലത്തുനിന്ന് 1500 അടി താഴ്ചയിലായിരുന്നു മൃതദേഹം. മാണിക്കധാര വെള്ളച്ചാട്ടം, ബാബാ ബുധന്‍ഗിരി കുന്ന് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ദിവസങ്ങളില്‍ പരിശോധന നടത്തിയത്. കുന്നിന്റെ 300 അടി താഴ്ചയില്‍വരെ തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് അടക്കം പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
തെര്‍മല്‍ ഡ്രോണിലാണ് കുട്ടിയുടെ മൃതദേഹത്തിന്റെ ദൃശ്യം ആദ്യം പതിഞ്ഞത്. 100 അംഗ സംഘമാണ് ശ്രീനന്ദയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തിയിരുന്നത്. ശ്രീനന്ദയെ കാണാതായ സ്ഥലത്തിന്റെ താഴ്വരയില്‍ നിന്ന് മുകളിലേക്ക് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ.
