ജീവനക്കാരിക്ക് മൊബൈലിലേക്ക് അശ്ലീല വീഡിയോ ലിങ്കുകള്‍; കാബിനിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ചുവയോടെ സംസാരം; ടോയ്ലറ്റില്‍ ഹെല്‍ത്ത് ഫോസെറ്റ് ഉപയോഗിക്കുന്നതിനെ കുറിച്ച് ചോദ്യവും കസേരയിലിരുന്ന് 'ഡെമോ' കാണിക്കലും; ദാമ്പത്യ ബന്ധത്തെ കുറിച്ചും ആകാംക്ഷ; തൊഴിലിടത്തെ ലൈംഗികാതിക്രമ പരാതിയില്‍ ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

ലൈംഗികാതിക്രമ പരാതിയില്‍ ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

Update: 2026-04-10 16:10 GMT

തൃശ്ശൂര്‍: ജിഎസ്ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ സഹപ്രവര്‍ത്തക നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. തൃശ്ശൂര്‍ ജില്ലാ ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ എ.വി. സുരേഷിനെതിരെ പോലീസ് കേസെടുക്കാനും മാതൃകാപരമായ വകുപ്പുതല നടപടികള്‍ സ്വീകരിക്കാനും തൃശ്ശൂര്‍ ജില്ലാ ലോക്കല്‍ കമ്മിറ്റി (LC) നിര്‍ദ്ദേശിച്ചു. 2013-ലെ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയല്‍ നിയമം (POSH Act) പ്രകാരം പ്രൊഫസര്‍ ഡോ. പി. ഭാനുമതി അധ്യക്ഷയായ സമിതിയാണ് അന്വേഷണം നടത്തിയത്.

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍

അശ്ലീല സന്ദേശങ്ങളും സൈബര്‍ അതിക്രമവും

2026 ജനുവരിയിലാണ് പരാതിക്ക് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. ജോയിന്റ് കമ്മീഷണറുടെ ഔദ്യോഗിക ഫോണിലെ ടെലിഗ്രാം അക്കൗണ്ടില്‍ നിന്നും പരാതിക്കാരിയുടെ ഫോണിലേക്ക് അശ്ലീല വീഡിയോ ലിങ്കുകള്‍ അയച്ചതായി സമിതി കണ്ടെത്തി. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താന്‍ നിരപരാധിയാണെന്നുമാണ് എ.വി. സുരേഷ് വാദിച്ചത്. എന്നാല്‍, ഈ വാദം തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

ജനുവരിയില്‍ സംഭവം നടന്നിട്ടും ഫെബ്രുവരി 6-ന് മാത്രമാണ് ഇയാള്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. കൂടാതെ, തന്റെ ലിസ്റ്റിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കൊന്നും ഈ ലിങ്ക് പോയിട്ടില്ലെന്നും വനിതാ ജീവനക്കാര്‍ക്ക് മാത്രമാണ് ഇത് ലഭിച്ചതെന്നും കമ്മിറ്റി കണ്ടെത്തി. ഇതോടെ ഹാക്കിംഗ് വാദം വ്യാജമാണെന്ന് തെളിഞ്ഞു.

മാനസിക പീഡനവും പിന്തുടരലും

സന്ദേശങ്ങള്‍ അയക്കുന്നതിന് മുന്‍പ് തന്നെ പ്രതി പരാതിക്കാരിയെ സ്വന്തം കാബിനിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ചുവയോടെ സംസാരിക്കാറുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ജീവിതത്തെയും ദാമ്പത്യ ബന്ധത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചും മറ്റും നിരന്തരം ശല്യം ചെയ്തിരുന്നു. പീഡനം സഹിക്കവയ്യാതെ പരാതിക്കാരി സ്ഥലംമാറ്റം വാങ്ങി പോയെങ്കിലും, പ്രതി അവിടെയും പിന്തുടര്‍ന്ന് ശല്യം ചെയ്തതായി സമിതി രേഖപ്പെടുത്തിയിട്ടുണ്ട്.

ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

പരാതിക്കാരി ടോയ്ലറ്റില്‍ ഹെല്‍ത്ത് ഫോസെറ്റ് (Health Faucet) ഉപയോഗിക്കുന്നതിനെക്കുറിച്ച് അശ്ലീല ചുവയോടെ ചോദിക്കുകയും, അത് എങ്ങനെ ഉപയോഗിക്കണമെന്ന് സ്വന്തം കസേരയിലിരുന്ന് 'ഡെമോ' കാണിച്ചു കൊടുക്കുകയും ചെയ്തു.

ഭയന്ന് വിറച്ചിരുന്ന പരാതിക്കാരിയെ ഒരു മീറ്റിംഗിനിടെ നിര്‍ബന്ധിച്ച് മുന്‍നിരയില്‍ ഇരുത്തുകയും, ഇതിനെത്തുടര്‍ന്ന് അവര്‍ അവിടെ കുഴഞ്ഞുവീഴുകയും ചെയ്തു.

സമാനമായ മുന്‍പരാതികള്‍

ഓഫീസിലെ മറ്റ് വനിതാ ജീവനക്കാരും പ്രതിയുടെ ക്യാബിനില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്നത് കണ്ടിട്ടുണ്ടെന്ന് സാക്ഷികള്‍ മൊഴി നല്‍കി.എ.വി. സുരേഷിനെതിരെ മുന്‍പും സമാനമായ പരാതികള്‍ ഉണ്ടായിട്ടുണ്ടെന്ന് കീഴ് ജീവനക്കാര്‍ സമിതിക്ക് മൊഴി നല്‍കി. സ്ത്രീകളായ ജീവനക്കാരോട് മോശമായി പെരുമാറുന്ന രീതി ഇയാള്‍ക്കുണ്ടായിരുന്നതായി സഹപ്രവര്‍ത്തകരുടെ മൊഴികള്‍ സൂചിപ്പിക്കുന്നു.

സമിതിയുടെ നിര്‍ദ്ദേശങ്ങള്‍

പ്രതിക്കെതിരെ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളെ തല്‍സ്ഥാനത്തുനിന്നും അടിയന്തരമായി മാറ്റണമെന്നും കര്‍ശനമായ വകുപ്പുതല ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും ജിഎസ്ടി കമ്മീഷണറോട് ആവശ്യപ്പെട്ടു. ഇയാളുടെ പ്രൊമോഷനും ഇന്‍ക്രിമെന്റും തടഞ്ഞുവെക്കാനും വകുപ്പുതല ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു.

പരാതിക്കാരിക്ക് ജോലിസ്ഥലത്ത് സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കണമെന്നും പ്രതി ഇനിയൊരിക്കലും അവരോട് ഇടപെടരുതെന്നും കമ്മിറ്റി കര്‍ശനമായി പറഞ്ഞു.

Tags:    

Similar News