പോലീസ് വരുന്നത് കണ്ട് പേടിച്ചോടി; ഒരു കുളത്തിന് അടുത്തെത്തിയതും ഒന്നും നോക്കാതെ ഒരൊറ്റ ചാട്ടം; പിന്നാലെ വെള്ളത്തിനടിയിൽ വിരുതന്റെ മറ്റൊരു മുറ; മുങ്ങൽ വിദഗ്ധരുടെ വരവിൽ സംഭവിച്ചത്

Update: 2026-04-11 02:36 GMT

സിഹോറ: മധ്യപ്രദേശിലെ സിഹോറയിൽ സിനിമയെ വെല്ലുന്ന അതിസാഹസികമായ രംഗങ്ങൾക്കൊടുവിൽ റെയിൽവേ പൊലീസിന്റെ പിടിയിലായത് കൊടുംകുറ്റവാളി. ട്രെയിനുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മോഷണം നടത്തുന്ന ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശി ഹർവീന്ദർ സിംഗിനെയാണ് ആർപിഎഫ് പിടികൂടിയത്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ അഞ്ച് മണിക്കൂറോളം താമരക്കുളത്തിനടിയിൽ ശ്വാസമടക്കി ഒളിച്ചിരുന്ന ഇയാളുടെ 'ബുദ്ധി' കണ്ട് ഉദ്യോഗസ്ഥർ പോലും അമ്പരന്നു പോയി.

ആർപിഎഫ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി റെയിൽവേ സ്റ്റേഷന് പുറത്തെ പായലും പുല്ലും നിറഞ്ഞ ഒരു വലിയ താമരക്കുളത്തിലേക്കാണ് ചാടിയത്. പൊലീസുകാർ കുളത്തിന് ചുറ്റും തമ്പടിച്ചെങ്കിലും വെള്ളത്തിൽ പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് അഞ്ച് മണിക്കൂറോളം കുളത്തിൽ തിരച്ചിൽ നടത്തി. മുങ്ങൽ വിദഗ്ധർ കൂടി എത്തിയതോടെയാണ് കുളത്തിന്റെ ഒരു മൂലയിൽ താമരയിലകൾക്കിടയിൽ ഒളിച്ചിരുന്ന ഇയാളെ കണ്ടെത്തിയത്.

അറസ്റ്റിൽ നിന്ന് ഒഴിവാകാൻ ഇയാൾ ഉപയോഗിച്ച മാർഗമാണ് പൊലീസിനെ ഞെട്ടിച്ചത്. കുളത്തിനടിയിൽ ശ്വാസം കിട്ടാനായി ഒരു താമരത്തണ്ട് മുറിച്ച് ശ്വസനക്കുഴലായി (Snorkel) ഉപയോഗിച്ചാണ് ഇയാൾ ഇത്രയും നേരം വെള്ളത്തിനടിയിൽ ഒളിച്ചിരുന്നത്. പുല്ലും മാലിന്യവും നിറഞ്ഞ കുളമായതിനാൽ പുറത്തുനിന്ന് നോക്കുന്നവർക്ക് ഇയാൾ അവിടെയുള്ള കാര്യം പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.

ഏപ്രിൽ 6-ന് പുലർച്ചെ ജബൽപൂർ ഡിവിഷന് കീഴിലുള്ള സിഹോറ റെയിൽവേ സ്റ്റേഷനിൽ പെട്രോളിങ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥരാണ് ട്രെയിനിൽ നിന്ന് സംശയാസ്പദമായ രീതിയിൽ അതിവേഗം ഇറങ്ങിപ്പോകുന്ന ഹർവീന്ദറിനെ ശ്രദ്ധിച്ചത്. ആ സമയത്ത് തന്നെ ട്രെയിനിനുള്ളിലെ എസി കോച്ചിൽ നിന്നും ഒരു യാത്രക്കാരിയുടെ പേഴ്സ് മോഷണം പോയെന്ന പരാതി ലഭിച്ചു. ഇതോടെ പോലീസ് പിന്തുടർന്നു. പിടിവീഴുമെന്ന് ഉറപ്പായതോടെയാണ് ഹർവീന്ദർ സമീപത്തെ കുളത്തിലേക്ക് എടുത്തുചാടിയത്.

ട്രെയിനുകളിലെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളെയായിരുന്നു ഹർവീന്ദർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. മാന്യമായ വസ്ത്രം ധരിച്ച് ടിക്കറ്റെടുത്താണ് ഇയാൾ എസി കോച്ചുകളിൽ കയറുന്നത്. യാത്രക്കാർ ഗാഢനിദ്രയിലാകുന്ന പുലർച്ചെ സമയത്താണ് മോഷണം നടത്തുന്നത്.

വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച ശേഷം അത് മറ്റ് കോച്ചുകളിലുള്ള കൂട്ടാളികൾക്ക് കൈമാറും. തുടർന്ന് തിരക്കില്ലാത്ത ഏതെങ്കിലും സ്റ്റേഷനിൽ ആരും ശ്രദ്ധിക്കാതെ ഇറങ്ങി രക്ഷപ്പെടും. പണം, സ്വർണം എന്നിവയ്ക്ക് പുറമെ ആയുധങ്ങൾ വരെ ഇയാൾ മോഷ്ടിച്ചിരുന്നു.

പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള ഹർവീന്ദർ സിംഗിന്റെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി 21-ലധികം കേസുകൾ നിലവിലുണ്ട്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ രണ്ട് ഡസനോളം മോഷണങ്ങളിൽ പങ്കുണ്ടെന്ന് ഇയാൾ സമ്മതിച്ചു.

മോഷണവും രക്ഷപ്പെടലുമെല്ലാം ഒരു സിനിമാക്കഥ പോലെ ആസൂത്രണം ചെയ്തെങ്കിലും, റെയിൽവേ പൊലീസിന്റെയും മുങ്ങൽ വിദഗ്ധരുടെയും അക്ഷീണ പരിശ്രമത്തിനൊടുവിൽ ഈ 'താമരത്തണ്ട് മോഷ്ടാവ്' ഒടുവിൽ അഴികൾക്കുള്ളിലായി. ഗ്രാമവാസികളും യാത്രക്കാരും വലിയ കൗതുകത്തോടെയാണ് ഈ വാർത്തയെ നോക്കിക്കാണുന്നത്.

Tags:    

Similar News