കള്ളപ്പണം വെളുപ്പിക്കല്‍ കേസെന്ന് വിശ്വസിപ്പിച്ച് കോണ്ടാക്ട് ചെയ്തു; പോലീസ് വേഷം ധരിച്ച് വീഡിയോ കാൾ; ഡിജിറ്റൽ അറസ്റ്റിനും ശ്രമം; ആകെ പേടിച്ച് വലഞ്ഞ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ; തട്ടിയെടുത്തത് ഒന്നരകോടി രൂപ; ഒടുവിൽ കര്‍ണാടക സ്വദേശി പിടിയിലായത് ഇങ്ങനെ!

Update: 2025-01-12 12:22 GMT

പാലക്കാട്‌: മുംബൈ പോലീസ് ചമഞ്ഞ്‌ തട്ടിപ്പിന് ശ്രമിച്ച യുവാവ് പിടിയിൽ. ഏകദേശം ഒന്നരകോടി രൂപ തട്ടിയെടുത്ത കേസില്‍ കര്‍ണാടക സ്വദേശി പിടിയിലായി. കര്‍ണാടക ബീദര്‍ ജന്‍വാധ റോഡ്‌ നവാദ്‌ ഗിരി സച്ചിന്‍(29) എന്നയാളെയാണ്‌ കര്‍ണാടക തെലങ്കാന അതിര്‍ത്തി ഗ്രാമത്തില്‍ വച്ച്‌ പാലക്കാട്‌ സൈബര്‍ ക്രൈം പോലീസ്‌ കസ്റ്റഡിയിൽ എടുത്ത്‌ അറസ്റ്റ് ചെയ്‌തത്‌. കേന്ദ്ര സര്‍ക്കാരിലെ റിട്ടയേര്‍ഡ്‌ ഉദ്യോഗസ്‌ഥനില്‍ നിന്നാണ്‌ ഇയാൾ പണം തട്ടിയെടുത്തത്.

ടെലികോം അധികൃതരെന്ന വ്യാജേന പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെട്ടാണ്‌ ഇയാൾ തട്ടിപ്പ് തുടങ്ങിയത്. മുംബൈ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പരാതിക്കാരന്റെ മൊബൈല്‍ നമ്പര്‍, ആധാര്‍കാര്‍ഡ്‌ തുടങ്ങിയവ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ വിശ്വസിപ്പിച്ച്‌, പോലീസ്‌ വേഷം ധരിച്ച വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ട്‌ മുംബൈ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ആണെന്നും ഡിജിറ്റല്‍ അറസ്‌റ്റ്‌ ചെയ്‌തിരിക്കുകയാണെന്നും പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയാണ്‌ പണം ഇയാൾ തട്ടിയത്‌.

1,35,5000 രൂപ തട്ടിയെടുത്ത കേസില്‍ 55 ലക്ഷ രൂപ ചെന്നെത്തിയ വ്യാജ വ്യാപാര സ്‌ഥാപനത്തിന്റെ പേരിലുണ്ടാക്കിയ ബാങ്ക്‌ അക്കൗണ്ട്‌ കൈകാര്യം ചെയ്‌ത സൈബര്‍തട്ടിപ്പ്‌ ശൃംഖലയിലെ പ്രധാന പ്രതിയാണ്‌ പിടിയിലായതെന്ന്‌ പോലീസ് പറയുന്നത്. വിവിധ മൊബൈല്‍ നമ്പറുകള്‍, ബാങ്കിംഗ്‌ ഇടപാട്‌ വിവരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ ഇയാളെ പിടികൂടിയത്‌.

പ്രതിയുടെ ഒരു അക്കൗണ്ടിലൂടെ മാത്രം നാലരക്കോടിയിലേറെ രൂപ വന്നു പോയതായി പ്രാഥമികമായി വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ള വ്യാജ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ ശേഖരിച്ച്‌ വിവിധ സംസ്‌ഥാനങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി വരികയാണ്‌.

പാലക്കാട്‌ ജില്ലാ പൊലീസ്‌ മേധാവി അജിത്‌ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡി.സി.ആര്‍.ബി ഡിവൈ.എസ്‌.പി: പ്രസാദിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പാലക്കാട്‌ സൈബര്‍ ക്രൈം പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ എ.എസ്‌. സരിന്‍, എസ്‌.ഐമാരായ ജെ. ജമേഷ്‌, വി. രാജേഷ്‌, എ.എസ്‌.ഐ എം. മനേഷ്‌, സി.പി.ഒ പ്രേംകുമാര്‍ പി.വി എന്നിവർ അടങ്ങിയ പ്രത്യേക സൈബര്‍ അന്വേഷണ സംഘമാണ്‌ കേസ്‌ അന്വേഷണം നടത്തുന്നത്‌.

Tags:    

Similar News