കോണ്‍ഗ്രസ് വിട്ട് എന്‍സിപി അജിത് വിഭാഗത്തിനൊപ്പമെത്തിയത് ഫെബ്രുവരിയില്‍; എംഎല്‍എ ഓഫീസില്‍ നിന്നും രാത്രി കാറില്‍ കയറുന്നതിനിടെ തുരുതുരാ വെടി; മഹാരാഷ്ട്ര എംഎല്‍എ ബാബാ സിദ്ധിഖിയെ കൊന്നത് മൂന്നംഗ സംഘം; ബാന്ദ്രയിലെ ഗുണ്ടാ സംഘങ്ങളിലേക്ക് അന്വേഷണം; പ്രതികള്‍ പിടിയില്‍

ഗുണ്ടാ സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Update: 2024-10-13 01:01 GMT

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു. ബാന്ദ്രയിലെ ഓഫീസില്‍വെച്ച് ശനിയാഴ്ച രാത്രി വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. അക്രമികള്‍ നിരവധി തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു. കാരണം വ്യക്തമല്ല. ഗുണ്ടാ സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

നെഞ്ചിലും വയറ്റിലുമായാണ് വെടിയുണ്ടകള്‍ തറച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയിലായതായാണ് റിപ്പോര്‍ട്ട്. രാത്രി 9.30 -ഓടെയായിരുന്നു സംഭവം. മകനും ബാന്ദ്ര ഈസ്റ്റ് എം.എല്‍.എയുമായ സീഷന്റെ ഓഫിസിലായിരുന്നു അദ്ദേഹം. ബാന്ദ്ര ഈസ്റ്റില്‍ നിന്ന് മൂന്ന് തവണ (1999, 2004, 2009) എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം പിന്നീട് അജിത് പവാര്‍ പക്ഷം എന്‍.സി.പിയിലേക്ക് മാറിയിരുന്നു. 2004 - 2008ല്‍ ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു.

''സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയും മറ്റൊരാള്‍ ഹരിയാന സ്വദേശിയുമാണ്. മറ്റൊരാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നു. എന്നാല്‍ ഇയാളും കസ്റ്റഡിയിലാണെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്'' മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.

നിലവില്‍ ബാന്ദ്ര ഈസ്റ്റില്‍നിന്നുള്ള എംഎല്‍എയാണ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ച് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ മകന്‍ സീഷന്‍ സിദ്ദിഖിനെ ഓഗസ്റ്റില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. വയറിലും നെഞ്ചിലുമായി 6 വെടിയുണ്ടകള്‍ ശരീരത്തില്‍ തുളഞ്ഞുകയറുകയായിരുന്നു.

മുംബൈ ബാന്ദ്ര ഈസ്റ്റിലെ എംഎല്‍എ ഓഫീസില്‍ നിന്ന് കാറിലേക്ക് കയറാന്‍ തുടങ്ങുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ ആറ് വെടിയുണ്ടകളും ശരീരത്തില്‍ നിന്ന് പുറത്തെടുത്തെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Tags:    

Similar News