രണ്ടുപേരും ഒരുമിച്ചെത്തി മുറിയെടുത്തു; മുറി പുറത്തുനിന്ന് പൂട്ടിയിട്ട വിജയന്‍ മടങ്ങി എത്താതായതോടെ ജീവനക്കാര്‍ക്ക് സംശയം; സീമയുടെ മൃതദേഹത്തില്‍ മല്‍പ്പിടുത്തത്തിന്റെ പാടുകള്‍; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത വിജയന്‍ മാട്ടൂലില്‍ തൂങ്ങി മരിച്ച നിലയില്‍; പറശ്ശിനിക്കടവ് ലോഡ്ജിലെ കൊലപാതകത്തിന് പിന്നിലെന്ത്?
പറശ്ശിനിക്കടവ് ലോഡ്ജിലെ കൊലപാതകത്തിന് പിന്നിലെന്ത്?
കണ്ണൂര്‍: പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജ് മുറിയില്‍ നടന്നത് അതിക്രൂരവും ആസൂത്രിതവുമായ കൊലപാതകമെന്ന് സൂചന. അയല്‍വാസിയായ സീമയെ ശ്വാസം മുട്ടിച്ചു കൊന്ന ശേഷം യാതൊരു പരിഭ്രമവുമില്ലാതെ മുറി പുറത്തുനിന്ന് പൂട്ടിയിറങ്ങിയ വിജയന്‍, നിയമത്തിന് പിടികൊടുക്കാതെ മാട്ടൂലില്‍ ജീവിതം അവസാനിപ്പിച്ചു.
കൊലപാതകം നടന്നത് ഇങ്ങനെ
ബുധനാഴ്ച ഉച്ചയ്ക്ക് 12.50-നാണ് സീമയും വിജയനും ലോഡ്ജില്‍ മുറിയെടുക്കുന്നത്. നേരത്തെയും ഇവിടെ വന്നിട്ടുള്ളതിനാല്‍ ജീവനക്കാര്‍ക്ക് സംശയത്തിന് ഇടമുണ്ടായിരുന്നില്ല. എന്നാല്‍ വൈകിട്ട് 6 മണിയോടെ വിജയന്‍ തനിച്ച് പുറത്തിറങ്ങി. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
പോലീസ് വാതില്‍ പൊളിച്ച് അകത്തു കയറുമ്പോള്‍ സീമ മരിച്ചു കിടക്കുകയായിരുന്നു. സ്വന്തം ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ വരിഞ്ഞു മുറുക്കിയാണ് വിജയന്‍ സീമയുടെ ജീവനെടുത്തത്. മല്‍പിടുത്തം നടന്നതിന്റെ പാടുകള്‍ മൃതദേഹത്തിലുണ്ട്.
കൊലപാതകത്തിന് ശേഷം ആരും ഉടന്‍ അറിയിരിക്കാന്‍ വേണ്ടിയാണ് മുറി പുറത്തുനിന്ന് പൂട്ടി വിജയന്‍ കടന്നുകളഞ്ഞത്. തന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് ഇയാള്‍ പോയത്.
ഒളിവില്‍ പോകാന്‍ ശ്രമം, ഒടുവില്‍ ആത്മഹത്യ
സീമയുടെ ജീവനെടുത്ത ശേഷം വിജയന്‍ നേരെ പോയത് മാട്ടൂലിലേക്കാണ്. പോലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൊലപാതക വിവരം പുറത്തായെന്ന് മനസ്സിലാക്കിയതാകാം ഇയാളെ ആത്മഹത്യയിലേക്ക് നയിച്ചത്. മാട്ടൂലിലെ കായലോരത്ത് ഒരു തെങ്ങില്‍ തൂങ്ങി മരിച്ച നിലയിലാണ് വിജയനെ പിന്നീട് കണ്ടെത്തിയത്.
കൊലപാതകത്തിന് പിന്നിലെന്ത്?
ഭര്‍ത്താവ് മരിച്ച സീമയും അയല്‍വാസിയായ വിജയനും തമ്മില്‍ എന്ത് തര്‍ക്കമാണ് ഉണ്ടായതെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നു. അടുപ്പത്തിലായിരുന്ന ഇവര്‍ക്കിടയില്‍ പുതിയതായി ഉടലെടുത്ത തര്‍ക്കമാണോ കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംശയമുണ്ട്.
കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തതാണോ അതോ അവിടെ വെച്ചുണ്ടായ വാക്കുതര്‍ക്കമാണോ കാര്യമെന്ന് ഫോണ്‍ രേഖകള്‍ പരിശോധിച്ചാലേ വ്യക്തമാകൂ. രണ്ടുവര്‍ഷം മുമ്പാണ് സീമയുടെ ഭര്‍ത്താവ് മരിച്ചത്.
