ഗര്‍ഭണിയാണെന്ന് കള്ളം പറഞ്ഞു; കുഞ്ഞിനെ കാണിക്കാന്‍ വന്ന മറ്റൊരു യുവതിയായി അടുപ്പത്തിലായി; കുഞ്ഞിനെ തട്ടിയെടുത്തു; തന്റെ കുഞ്ഞാണെന്ന് കള്ളം പറഞ്ഞു: അന്വേഷണത്തില്‍ യുവതി പോലീസ് പിടിയില്‍
ഭുവന്വേശ്വര്‍: ഒഡിഷയിലെ മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ കാണാതായ സംഭവത്തില്‍ 28കാരി അറസ്റ്റില്‍. ഒഡിഷയിലെ സാംബല്‍പൂരിലെ വീര്‍ സുരേന്ദ്ര സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചില്‍ നിന്ന് ചൊവ്വാഴ്ചയാണ് നവജാത ശിശുവിനെ കാണാതായത്. കാണാതായ കുഞ്ഞിന്റെ അമ്മ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ സമയം മുതല്‍ വിവരങ്ങള്‍ തിരക്കിയിരുന്ന യുവതിയായിരുന്നു കുഞ്ഞുമായി കടന്ന് കളഞ്ഞത്.
ഒഡിഷയിലെ താല്‍ച്ചറിന് സമീപത്തുള്ള ഖുലിയ ഗ്രാമത്തില്‍ നിന്നുള്ള 28കാരിയായ ജസ്പാഞ്ജലി ഒറത്തിനെ സാംബല്‍പൂര്‍ പൊലീസ് വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പങ്കാളി അരുണ്‍ ഒറമിനെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും സംഭവത്തില്‍ നേരിട്ട് പങ്കില്ലെന്ന് വ്യക്തമായതിനാല്‍ പൊലീസ് വെറുതെ വിടുകയായിരുന്നു. കൗമാരക്കാലത്ത് അരുണ്‍ ഒറം എന്ന സഹപാഠിയുമായി ജസ്പാഞ്ജലി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇയാള്‍ ജോലി ആവശ്യത്തിന് ഇയാള്‍ സംസ്ഥാനം വിട്ടതോടെ ജസ്പാഞ്ജലിയെ ബന്ധുക്കള്‍ മറ്റൊരാള്‍ക്ക് വിവാഹം ചെയ്ത് നല്‍കുകയായിരുന്നു. ഈ ബന്ധത്തില്‍ യുവതിക്ക് ഒരു മകളുണ്ട്.
എന്നാല്‍ യുവതിയുടെ ഭര്‍ത്താവ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഒളിച്ചോടി. ജസ്പാഞ്ജലിയുടെ മകളേയും കൊണ്ടായിരുന്നു ഭര്‍ത്താവ് സ്ഥലം വിട്ടത്. ഇതോടെ യുവതി തിരികെ സ്വന്തം വീട്ടിലെത്തുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് കൗമാരക്കാലത്തെ കാമുകന്‍ തിരിച്ചെത്തിയെന്ന് യുവതി മനസിലാക്കുന്നത്. യുവതി അരുണുമായി വീണ്ടും പ്രണയത്തിലായതിന് പിന്നാലെ ഇവര്‍ ഒരുമിച്ച് താമസം തുടങ്ങി. അരുണില്‍ നിന്ന് യുവതി ഗര്‍ഭിണിയായെങ്കിലും ഗര്‍ഭം അലസിപ്പോയി. ഇതോടെ വീട്ടുകാരുടെ സമ്മര്‍ദ്ദം താങ്ങാനാവാതെ യുവതി ഗര്‍ഭിണിയാണെന്ന് കള്ളം പറയുകയും അഭിനയിക്കുകയുമായിരുന്നു.
ഈ വിവരം പങ്കാളിയില്‍ നിന്നും യുവതി മറച്ച് വച്ചു. കഴിഞ്ഞ ആഴ്ച പരിശോധനയ്ക്ക് എന്ന വ്യാജേനയാണ് യുവതി മെഡിക്കല്‍ കോളേജിലെത്തിയത്. ഇവിടെ വച്ച് കാണാതായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളുമായി യുവതി ബന്ധം സ്ഥാപിച്ചു. ഇവരുടെ കുട്ടിയെ തട്ടിയെടുത്തതിന് പിന്നാലെ തനിക്ക് ആണ്‍കുട്ടി ജനിച്ചെന്ന് ജസ്പാഞ്ജലി അരുണിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ പങ്കാളി കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കുട്ടിയ ഐസിയുവില്‍ ആണെന്ന് ബോധിപ്പിച്ച ശേഷം ചൊവ്വാഴ്ച കുട്ടിയെ തട്ടിയെടുത്ത് ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. ഛത്തീസ്ഗഡ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് യുവതി തട്ടിയെടുത്തത്.
കുഞ്ഞിനെ ബന്ധുവിനെ ഏല്‍പ്പിച്ച ശേഷം കുട്ടിയുടെ അമ്മയെ ഡോക്ടറെ കാണിക്കാനായി പോയ സമയത്താണ് നവജാത ശിശുവിനെ മോഷണം പോയത്. കുട്ടിയുടെ അമ്മയുടെ ക്ഷേമം പതിവായി എത്തി അന്വേഷിച്ചിരുന്ന സ്ത്രീയുടെ കയ്യില്‍ കുഞ്ഞിനെ ഏല്‍പ്പിച്ച ശേഷം ശുചിമുറിയില്‍ പോയി വന്നപ്പോഴേയ്ക്കും ഇരുവരേയും കാണാനില്ലായിരുന്നു. അജ്ഞാതയായ സ്ത്രീ കുഞ്ഞുമായി ആശുപത്രി വിട്ട് പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.