ബാലഭാസ്‌കറിന്റെ മരണത്തിനുശേഷം ആരോപണ വിധേയരുടെ സാന്നിധ്യം വീട്ടില്‍ ഉണ്ടായിരുന്നത് അച്ഛന്‍ ചോദ്യം ചെയ്തു; അതോടെ ബാലുവിന്റെ അച്ഛനെ ഇറക്കി വിട്ടു; പിന്നീട് ലക്ഷ്മിയെ ഞങ്ങളാരും കണ്ടിട്ടില്ല; വാഹനാപകടമുണ്ടാക്കി സ്വര്‍ണ്ണം പൊട്ടിക്കുന്നതില്‍ അര്‍ജുന് വിരുത്; പൂന്തോട്ടത്തെ കുടുംബ ബന്ധം ബാലുവിനെ ചതിച്ചോ? വില്ലന്‍ വിഷ്ണു സോമസുന്ദരമോ?

Update: 2024-11-29 15:46 GMT

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനെ പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉയരുന്നത് നിഗൂഡതകള്‍. സ്വര്‍ണ്ണം പൊട്ടിക്കലിനും കടത്തിനും മോഷണത്തിനും ഡ്രൈവിംഗ് വൈദഗ്ധ്യം അര്‍ജുന് ഉണ്ടായിരുന്നുവെന്നാണ് ഉയരുന്ന സംശയം. ബാലഭാസ്‌കറിന്റെ അപകടം വിദഗ്ധമായി ആസൂത്രണം ചെയ്തതെന്നും സ്വര്‍ണ്ണം പൊട്ടിക്കല്‍ നടത്താന്‍ അര്‍ജുന് കഴിയുമെന്ന് പെരിന്തല്‍മണ്ണ സംഭവത്തോടെ വ്യക്തമായതായും ബാലഭാസ്‌കറിന്റെ കുടുംബം വിലയിരുത്തുന്നു. അര്‍ജുന്റെ അറസ്റ്റ് അടക്കം പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കിയത് ബാലഭാസ്‌കറിന്റെ അടുത്ത ബന്ധുവായ പ്രിയാ വേണുഗോപാലാണ്. അതീവ ഗുരുതര ആരോപണങ്ങളാണ് ഈ ഘട്ടത്തിലും പ്രിയ ചര്‍ച്ചയാക്കുന്നത്.

ഒപ്പമുണ്ടായിരുന്ന ക്രിമിനലുകളെ കുറിച്ച് അറിയാന്‍ ബാലുവിന് കഴിയാതെ പോയി. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി എന്തുകൊണ്ടാണ് ഈ ദുരൂഹതകളില്‍ പ്രതികരിക്കാത്തതെന്ന് അറിയില്ലെന്നും പ്രിയ വേണുഗോപാല്‍ പ്രതികരിച്ചു. പൂന്തോട്ടം റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് അര്‍ജുന്റെ കുടുംബവുമായി ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും ബന്ധം ഉണ്ടായിരുന്നതെന്നും അര്‍ജുനെ ബാലുവിനൊപ്പം അയച്ചത് സ്വഭാവം നന്നാക്കിയെടുക്കാന്‍ ആയിരുനെന്ന് തെറ്റിധരിപ്പിച്ചാണെന്നും പ്രിയ പറയുന്നു. വിഷ്ണു സോമസുന്ദരത്തിന്റെ ഡ്രൈവറായാണ് അര്‍ജുന്‍ എത്തിയത്. പിന്നീട് ബാലുവിന്റെ ഡ്രൈവര്‍ ആയി. ഇതിനെല്ലാം പിന്നില്‍ ഗൂഡാലോചനയുണ്ടായിരുന്നു. വിദഗ്ധമായി അപകടമുണ്ടാക്കി രക്ഷപ്പെടാന്‍ അറിയുന്ന ഡ്രൈവറാണ് അര്‍ജുന്‍ എന്നും പ്രിയ ന്യൂസ് 18 കേരളത്തോട് പറഞ്ഞു.

ബാലുവിന് കുടുംബവുമായി ബന്ധമില്ലെന്നും പിന്നെ എന്തിനാണ് അവര്‍ പരാതിയുമായി നടക്കുന്നതെന്നുമുള്ള സംശയമാണ് പോലീസിന് മുന്നില്‍ ഉള്‍പ്പെടെ ലക്ഷ്മി ഉന്നയിച്ചതെന്നാണ് അറിഞ്ഞതെന്ന് പ്രിയ പറയുന്നു. വലിയ ഗൂഡാലോചനയാണ് ബാലുവിനെ കൊന്നതെന്ന് ഉറച്ചു വിശ്വസിക്കുകയാണ് അവര്‍. നിയമപരമായ പോരാട്ടം തുടരും. അര്‍ജുന് മുമ്പും സ്വര്‍ണ്ണ കടത്തുമായി ബന്ധമുണ്ടെന്നും പ്രിയ പറയുന്നു. ബാലുവിനെ തെറ്റിധരിപ്പിച്ച് ചിലര്‍ അര്‍ജുനെ ബാലുവിന്റെ ഡ്രൈവറാക്കിയെന്ന സംശയമാണ് പ്രിയയും ചര്‍ച്ചയാക്കുന്നത്. വളരെ കാലമായി ബാലുവിന്റെ ഭാര്യ ലക്ഷ്മിയുമായി ബാലുവിന്റെ കുടുംബത്തിന് ബന്ധമില്ലെന്നും പ്രിയ വിശദീകരിക്കുന്നുണ്ട്.

ബാലഭാസ്‌കറിന്റെ മരണത്തിനുശേഷം ആരോപണ വിധേയരുടെ സാന്നിധ്യം വീട്ടില്‍ ഉണ്ടായിരുന്നത് അച്ഛന്‍ ചോദ്യം ചെയ്തതോടെ ബാലുവിന്റെ വീട്ടില്‍ നിന്ന് അദ്ദേഹത്തെ ഇറക്കി വിട്ടെന്നും പ്രിയ ആരോപിച്ചു. സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന തുടരന്വേഷണം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ അറിഞ്ഞശേഷം അര്‍ജുനെതിരായ ആരോപണങ്ങള്‍ സിബിഐ സംഘത്തെ നിയമപരമായി അറിയിക്കുമെന്നും പ്രിയ വ്യക്തമാക്കി. പ്രകാശ് ബാബു, വിഷ്ണു സോമസുന്ദരവും പിന്നെ പൂന്തോട്ടം ആശുപത്രി ഗ്രൂപ്പുമാണ് ബാലുവിന്റെ ഭാര്യയെ നിയന്ത്രിക്കുന്നതെന്ന സംശയമാണ് പ്രിയ ഉയര്‍ത്തുന്നത്. ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ പിടിയിലാകുമ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ് അന്നത്തെ കാര്‍ അപകടം.

അര്‍ജുന് മുന്‍പ് തന്നെ സ്വര്‍ണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.ബാലഭാസ്‌ക്കര്‍ മരിച്ച അപകടവുമായി സ്വര്‍ണക്കടത്തു ലോബിക്കു ബന്ധമുണ്ടെന്ന് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി നേരത്തേ ആരോപണം ഉയര്‍ത്തിയിരുന്നു. ജ്വല്ലറി ഉടമകളെ ആക്രമിച്ചു 3.2 കിലോഗ്രാം സ്വര്‍ണാഭരണം കവര്‍ന്ന കേസിലാണ് അര്‍ജുന്‍ അറസ്റ്റിലായത്. ജ്വല്ലറി അടച്ചു വീട്ടിലേക്കു പോകുകയായിരുന്ന കടയുടമകളായ സഹോദരങ്ങളെ അക്രമിച്ചാണു 3.2 കിലോഗ്രാം സ്വര്‍ണം തട്ടിയെടുത്തത്. 21ന് രാത്രി നടന്ന സംഭവത്തില്‍ 13 പേര്‍ പിടിയിലായി. 5 പേരെ കണ്ടെത്താനായിട്ടില്ല. പെരിന്തല്‍മണ്ണയില്‍നിന്നു കവര്‍ച്ച നടത്തി ചെര്‍പ്പുളശ്ശേരിയിലെത്തിയ സംഘത്തെ അവിടെ കാത്തുനിന്ന് പ്രതികളിലൊരാളായ മിഥുന്റെ വീട്ടിലെത്തിച്ചത് അര്‍ജുനാണെന്നു പൊലീസ് അറിയിച്ചു.

2018 സെപ്റ്റംബര്‍ 25നു തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണു ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. മകള്‍ സംഭവ സ്ഥലത്തുവച്ചും ബാലഭാസ്‌കര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണു മരിച്ചത്. ബാലഭാസ്‌കറിന്റെ മരണ സമയത്തുതന്നെ അര്‍ജുനുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങളുയര്‍ന്നിരുന്നു. കവര്‍ച്ചസംഘങ്ങള്‍ക്കായി വാഹനമോടിച്ചതിന് അര്‍ജുനന്റെ പേരില്‍ നേരത്തെ 2 കേസുകളുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമയുര്‍ന്നതോടെ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ എല്ലാവരും അര്‍ജുന്‍ നല്ലകുട്ടിയാണെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു.

Tags:    

Similar News