തട്ടിക്കൊണ്ടുപോയ വണ്ടിയില്‍ വെച്ചു തന്നെ ബിജു കൊല്ലപ്പെട്ടു; ഗോഡൗണിലെ മാലിന്യക്കുഴിയില്‍ മൃതദേഹം കുഴിച്ചിട്ടു; കാപ്പാ കേസ് പ്രതി എന്തിന് തൊടുപുഴയിലെത്തി എന്ന അന്വേഷണം വഴിത്തിരിവായി; ബിജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

തട്ടിക്കൊണ്ടുപോയ വണ്ടിയില്‍ വെച്ചു തന്നെ ബിജു കൊല്ലപ്പെട്ടു

Update: 2025-03-22 10:46 GMT

തൊടുപുഴ: ചുങ്കത്ത് മൂന്നുദിവസം മുന്‍പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിന്റെ മാന്‍ഹോളില്‍ കണ്ടെത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിസിനസ് പാര്‍ട്ണര്‍മാര്‍ക്ക് ഇടയിലുണ്ടായ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായ്ത്.

കാണാനില്ലെന്ന കേസാണ് ആദ്യം രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നങ്ങളും തര്‍ക്കങ്ങളുമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് മനസിലായത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചത്.

ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നെന്ന് ഒന്നാം പ്രതി ജോമോന്‍ സമ്മതിച്ചിട്ടുണ്ട്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുവരികയാണ്. കേസില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിലുള്‍പ്പെട്ട നാലാമന്‍ കാപ്പ ചുമത്തപ്പെട്ട് ജയിലിലാണുള്ളത്. അയാള്‍ക്കെതിരെയും നടപടിയുണ്ടാവും. തട്ടിക്കൊണ്ടുപോയ വണ്ടിയില്‍വെച്ചുതന്നെ ബിജു കൊല്ലപ്പെട്ടതായാണ് മനസിലാവുന്നതെന്നും പോലീസ് മാധ്യമങ്ങലോട് പറഞ്ഞു.

കൊല്ലപ്പെട്ട ബിജു ജോസഫിനും ജോമോനും ബിസിനസില്‍ പങ്കാളികളായിരുന്നു. 'ദേവമാതാ' എന്ന എന്ന പേരിലുള്ള കാറ്ററിങ് സ്ഥാപനവും മൊബൈല്‍ മോര്‍ച്ചറിയും ഇവര്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ ബിസിനസ് പങ്കാളിത്തത്തിന്റെ പേരില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായി. കോടതിയില്‍ കേസും നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.

ബിജുവിന്റെ സുഹൃത്ത് ജോമോനും രണ്ട് ക്വട്ടേഷന്‍ സംഘാംഗങ്ങളുമാണ് കസ്റ്റഡിയിലുള്ളത്. ജോമോന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗോഡൗണിലെ മാലിന്യക്കുഴിയില്‍ പരിശോധന നടത്തിയത്. കലയന്താനി കാറ്ററിങ് സര്‍വീസ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാലിന്യത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ഒരാള്‍ക്ക് മാത്രം ഇറങ്ങാന്‍ പാകത്തിലുളളതാണ് മൃതദേഹം കണ്ടെത്തിയ മാന്‍ഹോള്‍. രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹം ചീര്‍ത്ത നിലയിലാണ്.

വാഹനത്തില്‍ വെച്ച് ബിജു കൊല്ലപ്പെട്ടപ്പോള്‍ മൃതദേഹം ഗോഡൗണില്‍ എത്തിച്ചു കുഴിച്ചിടുകയായിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകള്‍. മൃതദേഹം മാന്‍ഹോളില്‍ നിന്ന് പുറത്തെത്തിക്കുന്നത് ശ്രമകരമായിരുന്നു. എന്നാല്‍ മാന്‍ഹോളിന്റെ മറുവശത്തെ കോണ്‍ക്രീറ്റ് പൊട്ടിച്ച് വിസ്താരം വര്‍ധിപ്പിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക മാറ്റിയിട്ടുണ്ട്.

വ്യാഴാഴ്ചയാണ് ബിജു ജോസഫിനെ കാണാനില്ലെന്ന് ഭാര്യ പരാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ബിജു കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേര്‍ന്നത്. ബിജു സുഹൃത്തായ ജോമോന് ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് പണം നല്‍കാനുണ്ടായിരുന്നു. ഈ പണം തിരികെ വാങ്ങിക്കുന്നതിനാണ് സുഹൃത്ത് കൊച്ചിയില്‍ നിന്ന് രണ്ട് ക്വട്ടേഷന്‍ സംഘാംഗങ്ങളെ വിളിച്ചുവരുത്തിയത്. അത് കൊലപാതകത്തിലേക്ക് നീങ്ങുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.

ഇന്നലെ വൈകിട്ട് തൊടുപുഴ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്വേട്ടേഷന്‍ സംഘത്തെ പിടികൂടുന്നത്. കാപ്പാ കേസ് ഉള്‍പ്പെടെ ചുമത്തപ്പെട്ടിട്ടുള്ള ഇവര്‍ എന്തിന് തൊടുപുഴയിലെത്തി എന്ന അന്വേഷണമാണ് ബിജുവിന്റെ തിരോധാന കേസുമായി ബന്ധപ്പെട്ട പരാതിയില്‍ ചെന്നെത്തിയത്. ജോമോനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളാണ് കേസില്‍ വഴിത്തിരിവായത്.

Tags:    

Similar News