കേസില്‍ നിന്നു പിന്‍മാറാന്‍ പണം വാഗ്ദാനം ചെയ്തയാളുടെ പേര് ഉള്‍പ്പെടെ പറഞ്ഞിരുന്നെങ്കിലും അന്വേഷണം ആ വഴിയിലേക്കു നീങ്ങിയില്ല; ഒടുവില്‍ ഹൈക്കോടതി ഇടപെടല്‍; നിര്‍ണ്ണായകമായത് ആ മിസ് കോളുകള്‍; പത്രപ്രവര്‍ത്തകനായും അന്വേഷണം വഴിമുട്ടിക്കാന്‍ ശ്രമിച്ച കുബുദ്ധി; ആ രണ്ടാമനും വിലങ്ങു വീഴും; രാജപുരത്തെ പെണ്‍കുട്ടിയ്ക്ക് നീതിയൊരുങ്ങുമ്പോള്‍; ഗായക ബന്ധം കൊലയായപ്പോള്‍
കാസര്‍കോട്: രാജപുരത്തെ 17 വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. മറ്റൊരാളെ ക്കൂടി സംശയമുണ്ടെന്ന് മാതാപിതാക്കള്‍ അറിയിച്ച സാഹചര്യത്തില്‍ അക്കാര്യങ്ങളും അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. യുവതിയുടെ മാതാവ് കല്യാണി നല്‍കിയ ഹര്‍ജിയാണ് പരിഗണനയിലുള്ളത്. 2010 ജൂണ്‍ ആറിനാണ് കാഞ്ഞങ്ങാട്ട് ടീച്ചേഴ്‌സ് ട്രെയ്‌നിങ്ങിനെത്തിയ പെണ്‍കുട്ടിയെ കാണാതായത്.
കേസില്‍ പാണത്തൂര്‍ ബാപ്പുക്കയത്തെ പി.കെ.ബിജു പൗലോസിനെ (52) അറസ്റ്റ് ചെയ്തതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മറ്റൊരാളെ സംശയമുള്ളതായി മാതാപിതാക്കള്‍ അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ വിഷയത്തില്‍ മാതാപിതാക്കളെ കാണാനും വേണ്ട നടപടി സ്വീകരിക്കാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി.സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഈ കേസില്‍ പ്രതി അറസ്റ്റിലാകുന്നത് 15 വര്‍ഷത്തിന് ശേഷമാണ്. കാസര്‍കോട് പൊലീസിന് കടപ്പുറത്തോട് ചേര്‍ന്ന് 2010ല്‍ കിട്ടിയ അസ്ഥിക്കഷണവും പാദസരവും മരിച്ച പെണ്‍കുട്ടിയുടെതാണെന്ന് തെളിഞ്ഞതോടെയാണ് ബിജു പൗലോസിനെ ക്രൈംബ്രാഞ്ച് സംഘം മടിക്കേരില്‍ കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്.
പെണ്‍കുട്ടി കാണാതാകുന്നതിന് മുന്‍പ് വീട്ടിലേക്ക് വിളിച്ച് തനിക്ക് സ്വകാര്യ കമ്പനിയില്‍ ജോലി ലഭിച്ചു എന്നും പരിശീലനത്തിനായി എറണാകുളം പോകുന്നു എന്നും പറഞ്ഞിരുന്നു. ഇടയ്ക്കിടെ പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നു പിതാവിന്റെ ഫോണിലേക്ക് മിസ് കോള്‍ മാത്രം വന്നിരുന്നു. ഇത് പെണ്‍കുട്ടി ജീവിച്ചിരിപ്പുണ്ടെന്നു കാണിക്കാന്‍ ബിജു പൗലോസ് ചെയ്തതാണെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ച്ചയായി മിസ്ഡ് കോള്‍ മാത്രം വരുന്നതില്‍ സംശയം തോന്നിയതോടെയാണ് പിതാവ് 2011 ജനുവരി 19ന് അമ്പലത്തറ പൊലീസില്‍ മകളെ കാണാനില്ലെന്നു പരാതി നല്‍കിയത്. ഇതാണ് അന്വേഷണത്തിന് കാരണമായത്. ബിജു പൗലോസ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തിയതാണെന്ന് ആദ്യം മുതല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ മൊഴി നല്‍കിയിരുന്നു. കേസില്‍നിന്നു പിന്‍മാറാന്‍ പണം വാഗ്ദാനം ചെയ്തയാളുടെ പേര് ഉള്‍പ്പെടെ ഇവര്‍ പറഞ്ഞിരുന്നെങ്കിലും അന്വേഷണം ആ വഴിയിലേക്കു നീങ്ങിയില്ല.
അന്വേഷണ ഘട്ടത്തില്‍ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളിലെല്ലാം പ്രതി ബിജു പൗലോസ് ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടിയത് അന്വേഷണത്തിന് തിരിച്ചടിയായി. പ്രതിയുടെ പാസ്‌പോര്‍ട്ട് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍ തള്ളിയെന്ന് ബിജു പൗലോസ് തന്നെ അന്നു മൊഴി നല്‍കിയിരുന്നു. മലയോരത്തെ സ്‌കൂള്‍ പഠനകാലത്താണ് പെണ്‍കുട്ടിയും പ്രതിയായ പാണത്തൂര്‍ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസും തമ്മില്‍ പരിചയപ്പെടുന്നത്. ഇരുവരും ഗായകരായിരുന്നു. ഗായക സംഘത്തിലൂടെ ബന്ധം തുടര്‍ന്നു. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പ്ലസ്ടു പഠനത്തിന് ശേഷം കാഞ്ഞങ്ങാട് 2 മാസം കംപ്യൂട്ടര്‍ പഠനത്തിന് ചേര്‍ന്നു. തുടര്‍ന്ന് ടിടിസി പഠനത്തിന് ചേര്‍ന്നു. കാഞ്ഞങ്ങാട്ടെ റെയില്‍വേ സ്റ്റേഷന്‍ സമീപത്തെ ഒരു ഹോസ്റ്റലിലായിരുന്നു പെണ്‍കുട്ടി ആദ്യം താമസിച്ചിരുന്നത്. പിന്നീട് ബല്ല കടപ്പുറത്തേക്ക് താമസം മാറ്റി. ഈ സമയം ബിജു പൗലോസും കൂടെയുണ്ടായിരുന്നു. സഹോദരി എന്നായിരുന്നു പരിചയപ്പെടുത്തിയിരുന്നത്.
പിന്നീട് കാഞ്ഞങ്ങാട് മഡിയന്‍ എന്ന സ്ഥലത്തേക്ക് താമസം മാറ്റി. ഇവിടെ ഭാര്യയെന്നാണ് പരിചയപ്പെടുത്തിയത്. ഇവിടെ ക്വാര്‍ട്ടേഴ്‌സില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നും തുടര്‍ന്ന് മൃതദേഹം കല്ലുകെട്ടി പാണത്തൂര്‍ പവിത്രംകയം പുഴയില്‍ താഴ്ത്തിയെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി. സംഭവത്തിന് ശേഷം പ്രതി വിദേശത്തേക്ക് കടന്നു. അവിടെ വീസ കാലാവധി അവസാനിച്ചതോടെ ജയിലിലായി. പിന്നീട് നാട്ടിലെത്തി വീട് നിര്‍മാണ കരാറുകാരനായി. പൊലീസിന്റെ നീക്കങ്ങള്‍ കൃത്യമായി അറിയാനും പ്രതിയായ ബിജു പൗലോസ് മാധ്യമ പ്രവര്‍ത്തകന്റെ റോളിലും പ്രവര്‍ത്തിച്ചു. കാഞ്ഞങ്ങാട്, എറണാകുളം എന്നിവിടങ്ങളില്‍ നിന്നു പുറത്തിറങ്ങുന്ന ചില പ്രാദേശിക പത്രങ്ങളിലായിരുന്നു ലേഖകന്‍ എന്ന പേരില്‍ കുറച്ചുകാലം ജോലി ചെയ്തത്. തന്നിലേക്ക് അന്വേഷണം എത്തുന്നു എന്ന ഘട്ടത്തില്‍ പിന്നീട് പത്രപ്രവര്‍ത്തനം ഉപേക്ഷിച്ചു. എറണാകുളം കേന്ദ്രമായുള്ള പത്രത്തിന്റെ ലേഖകനായി 3 മാസം മലയോരത്ത് ജോലി ചെയ്തതു.