പ്രശ്ന പരിഹാരത്തിനെത്തി അലമാര കാലിയാക്കി 26-കാരി; പൂജാരിയുടെ ഭാര്യയുടെ 12 പവനുമായി മുങ്ങി ലേഡി മോഷ്ടാവ്; മോഷ്ടിച്ച സ്വർണ്ണം വിറ്റ് കടം തീർത്തു, ലക്ഷങ്ങളുടെ ഗൃഹോപകരണങ്ങളും വാങ്ങി; പറക്കാട്ടുകരക്കാരി സൂര്യയുടെ 'ആർഭാട ജീവിതം' പൊളിഞ്ഞത് ഇങ്ങനെ
തൃശൂർ: പൂജാരിയുടെ വീട്ടിൽ നിന്ന് 12 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ. പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26) നെയാണ് തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്. കൊടകര മറ്റത്തൂർ മൂലംകുടം സ്വദേശിയായ അജേഷിന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. ഏകദേശം 12 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്.
പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടിൽ ഇടക്കിടെ സന്ദർശനം നടത്തിയിരുന്ന സൂര്യ, പൂജാരിയുടെ കുടുംബവുമായി നല്ല അടുപ്പം സ്ഥാപിച്ചിരുന്നു. ഈ സൗഹൃദം ദുരുപയോഗം ചെയ്താണ് യുവതി മോഷണം ആസൂത്രണം ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 16-നായിരുന്നു സംഭവം. പൂജാരി അടുക്കളയിലേക്ക് മാറിയ തക്കം നോക്കി, കിടപ്പുമുറിയിലെ അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പൂജാരിയുടെ ഭാര്യയുടെ സ്വർണാഭരണങ്ങൾ അതിവിദഗ്ദ്ധമായി യുവതി കൈക്കലാക്കുകയായിരുന്നു.
മോഷ്ടിച്ച സ്വർണാഭരണങ്ങൾ ഉടൻ തന്നെ കൊടകരയിലെ ഒരു ഫിനാൻസ് സ്ഥാപനത്തിൽ വിറ്റ സൂര്യ, ലഭിച്ച പണം ഉപയോഗിച്ച് പുതിയ സ്വർണാഭരണങ്ങളും ഗൃഹോപകരണങ്ങളും വാങ്ങി. കൂടാതെ, പണയത്തിലായിരുന്ന തന്റെ സ്വന്തം ആഭരണങ്ങൾ തിരിച്ചെടുക്കുകയും ചെയ്തു. ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ് പൊലീസിന്റെ വലയിലായത്.
കൊടകര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെർലിൻ വി. സ്കറിയയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കൃഷ്ണ പ്രസാദ്, സുരേഷ് ഇ.എ., അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഷീബ അശോകൻ, ഷൈജി കെ. ആന്റണി, ആഷ്ലിൻ ജോൺ, ജി.എസ്. സി.പി.ഒ. ഡെനിൻ കെ.ജെ., അഭിലാഷ് എം.എം. എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.