'എന്നെ സ്‌നേഹിക്കുന്നവര്‍ എനിക്ക് മാപ്പ് നല്‍കണം'; കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ ദീര്‍ഘകാലമായി കൂടെ നില്‍ക്കുന്ന വിശ്വസ്തരായ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും തന്റെ മരണശേഷം തഴയരുത് എന്ന പ്രത്യേക അഭ്യര്‍ത്ഥന; ബിസിനസ് പിന്‍ഗാമി ആരെന്ന് കൃത്യമായ നിര്‍ദ്ദേശം; സി ജെ റോയിയുടെ 9 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി ബെംഗളൂരു മാധ്യമങ്ങള്‍
സി ജെ റോയിയുടെ 9 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി ബെംഗളൂരു മാധ്യമങ്ങള്‍
ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ. റോയിയുടെ വിയോഗത്തിന് പിന്നിലെ ദുരൂഹതകള്‍ നീക്കാന്‍ വഴിത്തിരിവാകുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. അങ്ങേയറ്റം വൈകാരികവും എന്നാല്‍ കൃത്യമായ പ്ലാനിംഗോടെയും തയ്യാറാക്കിയ കത്തിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ പ്രത്യേക അന്വേഷണ സംഘം (SIT) പരിശോധന ശക്തമാക്കി. 'ന്യൂസ് ഫസ്റ്റ് പ്രൈം' എന്ന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആണ് ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഒമ്പതുപേജുള്ള കുറിപ്പെന്നാണ് സൂചന.
കുടുംബത്തോട് മാപ്പ്; വിശ്വസ്തരെ കൈവിടരുത്
താന്‍ ഈ കടുംകൈ ചെയ്യുന്നത് എന്തിനാണെന്ന് വ്യക്തമാക്കാതെ തന്നെ, കുടുംബത്തോട് മാപ്പപേക്ഷിച്ചു കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. തന്നെ സ്‌നേഹിക്കുന്നവര്‍ തനിക്ക് മാപ്പ് നല്‍കണമെന്നും അദ്ദേഹം കത്തില്‍ കുറിച്ചു. കത്തില്‍ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ജീവനക്കാര്‍ക്കും അദ്ദേഹം വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ ദീര്‍ഘകാലമായി കൂടെ നില്‍ക്കുന്ന വിശ്വസ്തരായ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും തന്റെ മരണശേഷം തഴയരുത് എന്ന പ്രത്യേക അഭ്യര്‍ത്ഥന കത്തിലുണ്ട്. സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ അവരുടെ പങ്ക് വലുതാണെന്നും അവര്‍ എന്നും കൂടെയുണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.
ബിസിനസ് പിന്‍ഗാമി ആര്? കൃത്യമായ നിര്‍ദ്ദേശങ്ങള്‍
സി.ജെ. റോയിയുടെ അഭാവത്തില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചുക്കാന്‍ ആര് പിടിക്കണം എന്നതിനെക്കുറിച്ച് കുറിപ്പില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ട്. ബിസിനസ് ഉത്തരവാദിത്തങ്ങള്‍ എങ്ങനെ വിഭജിക്കണം, ആരെയൊക്കെ ചുമതലപ്പെടുത്തണം തുടങ്ങിയ കാര്യങ്ങള്‍ ഒരു നയരേഖയിലെന്ന പോലെ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ കുറിപ്പില്‍ നല്‍കിയിട്ടുള്ള വിവരങ്ങളാണ് ഇപ്പോള്‍ അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.
പണം കിട്ടാനുള്ളവരുടെ പട്ടിക; ഭാര്യയുടെ മൊഴി നിര്‍ണ്ണായകം
തനിക്ക് മറ്റുള്ളവരില്‍ നിന്ന് ലഭിക്കാനുള്ള പണത്തെക്കുറിച്ചും നല്‍കാനുള്ള സാമ്പത്തിക ബാധ്യതകളെക്കുറിച്ചും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതിനു മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ സാമ്പത്തിക രഹസ്യങ്ങളും ഇടപാടുകളും ഭാര്യയ്ക്ക് അറിയാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍, സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും മൊഴി രേഖപ്പെടുത്തുന്നതോടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് അന്വേഷണ സംഘം കരുതുന്നു.
ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനായി ബെംഗളൂരു കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് എത്തിയത് ജനുവരി 30 നായിരുന്നു. ഇതിനിടെ ഇന്നലെ 11 മണിയോടെ റെയ്ഡ് പ്രശ്‌നമാകുന്നു എന്ന് വ്യക്തമാക്കി 'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള സഹോദരന്‍ ബാബു റോയിക്ക്, സി ജെ റോയി സന്ദേശം അയച്ചതായും വിവരമുണ്ട്. ഇതിന് പിന്നാലെയാണ് റോയി ജീവനൊടുക്കിയതെന്നാണ് സൂചന.
ദുരൂഹതകള്‍ അവസാനിക്കുന്നില്ല
റെയ്ഡിനിടെ ഐടി ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും, ആത്മഹത്യാക്കുറിപ്പിലെ സാമ്പത്തിക വിവരങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ആര്‍ക്കൊക്കെയാണ് സി.ജെ. റോയ് പണം നല്‍കാനുണ്ടായിരുന്നത്? ആരില്‍ നിന്നൊക്കെയാണ് പണം വരാനുണ്ടായിരുന്നത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയാണ് എസ്‌ഐടിയുടെ അടുത്ത ഘട്ട നീക്കം.
