കാര്‍ബണ്‍ മോണോക്‌സൈഡ് കാരവനില്‍ എത്തിയത് എങ്ങനെ? കണ്ടെത്തുന്നതിന് സംയുക്ത പരിശോധനയ്ക്ക് എന്‍ഐടി വിദഗ്ധരും, പോലീസും, ഫൊറന്‍സിക് സംഘങ്ങള്‍; പരിശോധന നടത്തുന്നത് നാളെ
കോഴിക്കോട്: വടകരയില്‍ കാരവനില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംയുക്ത പരിശോധനയ്ക്ക് ഒരുങ്ങി അന്വേഷണസംഘം. കാര്‍ബണ്‍ മോണോക്‌സൈഡ് കാരവനില്‍ എത്തിയത് എങ്ങനെയെന്ന് കണ്ടെത്തുകയാണ് സംയുക്ത പരിശോധനയുടെ ലക്ഷ്യം. എന്‍ഐടി വിദഗ്ധരും, പോലീസും, ഫൊറന്‍സിക്, സയന്റിഫിക്, കാരവന്‍ നിര്‍മാണ കമ്പനി സാങ്കേതിക വിദഗ്ധര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സംഘത്തിലുള്ളത്. നാളെ രാവിലെയാണ് പരിശോധന നടത്തുക.
രണ്ട് യുവാക്കളുടെ മരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂര്‍ പറശേരി സ്വദേശി ജോയല്‍ എന്നിവരെയാണ് കാരവനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറായിരുന്നു മനോജ്.
ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. തിരക്കേറിയ റോഡിനുസമീപം വണ്ടി ഏറെ നേരെ നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പെട്ടതിനാല്‍ നാട്ടുകാര്‍ ആദ്യം പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.