എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്; പഠിപ്പിച്ചു നല്‍കിയ മൊഴി പൊലീസിനോട് തെറ്റാതെ പറഞ്ഞാൽ ഐസ് ക്രീം വാങ്ങി നൽകാമെന്ന് ബന്ധുക്കൾ; വിചാരണ വേളയിലെ കുട്ടിയുടെ വെളിപ്പെടുത്തൽ നിർണായകമായി; ഉസ്താദിനെ കുറ്റവിമുക്തനാക്കി കോടതി
പത്തനംതിട്ട: എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറസ്റ്റ് ചെയ്ത ഉസ്താദിനെ കോടതി കുറ്റവിമുക്തനാക്കി. പത്തനംതിട്ട പോക്‌സോ കോടതിയാണ് കേസില്‍ വിധിപറഞ്ഞത്. മുറിഞ്ഞകല്‍ മുസ്ലിം പള്ളിയിലെ ഉസ്താദായ കലഞ്ഞൂര്‍ ഇടത്തറ സക്കീനത്തു മന്‍സിലില്‍ അബ്ദുല്‍ സമദി(40)നെയാണ് കുറ്റവിമുക്തനാക്കിയത്. കഴിഞ്ഞ നവംബര്‍ മുതല്‍ ഇയാള്‍ ഒന്നിലധികം തവണ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന പരാതിയിലായിരുന്നു അറസ്റ്റ്. എന്നാല്‍ വിചാരണ വേളയില്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് ബോധ്യമായതോടെയാണ് ഉസ്താദിനെ കുറ്റവിമുക്തനാക്കിയത്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് പീഡനകഥ കെട്ടിച്ചമച്ചത്.
2022 ഫെബ്രുവരിയിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതായി കുട്ടി ഡോക്ടറോട് പറഞ്ഞിരുന്നു. പോക്‌സോ ആക്ട് പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. 120 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഉസ്താദിന് ജാമ്യം ലഭിച്ചത്. എന്നാല്‍ വിചാരണ വേളയിലാണ് കേസിലെ സത്യാവസ്ഥ പുറത്ത് വരുന്നത്. 8 വർഷത്തോളം മുറിഞ്ഞകല്‍ പള്ളിയിലെ ഉസ്താദായിരുന്ന അബ്‌ദുൽ സമദിനെ സ്ഥലം മാറ്റുന്നതിനായി കുട്ടിയുടെ ബന്ധുക്കൾ ശ്രമിച്ചിരുന്നു. ഇതിനായി കണ്ടുപിടിച്ച മാർഗ്ഗമായിരുന്നു പീഡന കേസ്.
ഡോക്ടറോടും പോലീസിനോടും പറയേണ്ടുന്ന മൊഴി പഠിപ്പിച്ചു നല്‍കിയതാണ് എന്ന് വിചാരണ വേളയില്‍ കുട്ടി തുറഞ്ഞ് പറഞ്ഞതോടെയാണ് വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ച കള്ളക്കഥ പുറത്ത് വരുന്നത്. ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിന് മുന്നേ ഡോക്ടറോട് പറയേണ്ട കാര്യങ്ങൾ കുട്ടിയെ വ്യക്തമായി ബന്ധുക്കൾ പഠിപ്പിച്ചു. ഈ കാര്യങ്ങൾ തെറ്റാതെ പറഞ്ഞാൽ ഐസ് ക്രീം വാങ്ങി തരാമെന്ന് പറഞ്ഞാണ് കുട്ടിയെ ഇവർ സ്വാധീനിച്ചത്. മതിയായ തെളിവുകൾ സ്വീകരിക്കാതെയാണ് പൊലീസ് കേസെടുത്തതെന്നും വിചാരണ വേളയിൽ കോടതിക്ക് ബോധ്യമായി. വിസ്തരിച്ച 15 സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി പറഞ്ഞിരുന്നു. പ്രതി ഭാഗത്തിനായി അഡ്വക്കേറ്റ് ജോണി കെ ജോർജ് ഹാജരായി.