ഏറെ നാളായി കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം; ചേന്ദമംഗലത്തെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ മുന്‍വൈരാഗ്യം; പ്രതി ഋതു ജയന്‍ ലഹരിക്കടിമ; മാനസിക പ്രശ്‌നങ്ങള്‍ ഇല്ല; ആയിരം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
ചേന്ദമംഗലം കൂട്ടക്കൊലക്കേസില്‍, പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലക്കേസില്‍, പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഒരു കുടുംബത്തിലെ മൂന്നു പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ വടക്കന്‍ പറവൂര്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് 1000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍വൈരാഗ്യം തീര്‍ക്കാന്‍ പ്രതി ഋതു ജയന്‍ (27) മനഃപൂര്‍വം നടത്തിയ കൊലപാതകം എന്നാണ് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നത്.
കൊലപാതകം നടന്ന് ഒരു മാസത്തിനകമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 112 സാക്ഷിമൊഴികളും 52 അനുബന്ധ തെളിവുകളും അടക്കമാണ് കുറ്റപത്രം. പ്രതി ലഹരിക്കടിമയാണെന്നും എന്നാല്‍ മാനസിക പ്രശ്‌നങ്ങളില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. വടക്കേക്കര സി.ഐ ബിജു കെ.ആര്‍ ആണ് പറവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള 17 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രധാന ദൃക്സാക്ഷികളായ രണ്ട് കുട്ടികളുടെ മൊഴിയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സി.ഐ ബിജു വ്യക്തമാക്കി. ഋതു കൊല നടത്താനായി വീട്ടിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും വിനിഷയുടേയും ജിതിന്റേയും രണ്ട് മക്കളുടെ സാക്ഷിമൊഴികളുമാണ് അനുബന്ധ തെളിവുകളില്‍ പ്രധാനം.
കഴിഞ്ഞ ജനുവരി 16-നാണ് പേരപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനിഷ (32) എന്നിവരെ അയല്‍വാസിയായ ഋതു വീട്ടില്‍ക്കയറി ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ലഹരിയിലായിരിക്കെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന നിഗമനങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രതി ലഹരിയിലല്ല കൊല നടത്തിയതെന്ന വിവരം പോലീസ് പിന്നീട് പുറത്തുവിട്ടിരുന്നു. കൊല്ലപ്പെട്ട കുടുംബത്തോട് തനിക്കുണ്ടായിരുന്ന പക ഋതു വെളിപ്പെടുത്തിയിരുന്നു. തന്നെയും വീട്ടുകാരെയും കളിയാക്കിയതെന്നും അതിനു പകരം കൊടുത്തിട്ടുണ്ട് എന്നുമുള്ള രീതിയിലായിരുന്നു ഇയാളുടെ പ്രതികരണം.
ഗുരുതരമായി പരുക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന്‍ ഇപ്പോഴും ചികിത്സയിലാണ്. ഇവരുടെ രണ്ടു പെണ്‍മക്കളുടെ കണ്‍മുന്നിലായിരുന്നു കൊലപാതകം. ഋതുവിന്റെയും വേണുവിന്റെയും വീടുകള്‍ ഒരു റോഡിന്റെ ഇരുവശങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. ഈ രണ്ടു കുടുംബങ്ങളും തമ്മില്‍ ഏറെ കാലമായി വിവിധ വിഷയങ്ങളെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിനൊടുവിലാണ് ഋതു അയല്‍വീട്ടിലേക്ക് കയറിച്ചെന്ന് കുടുംബാംഗങ്ങളെ ആക്രമിച്ചത്.
അഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഋതുവിനെതിരെ മറ്റ് അയല്‍ക്കാരും പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ കേസുകളില്‍ പൊലീസ് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. നിരന്തരം അക്രമസ്വഭാവം പ്രകടിപ്പിക്കുന്ന പ്രതി മുന്‍പ് അറസ്റ്റിലാവുകയം കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്ട്. ഇയാളെ പേടിച്ച് പലപ്പോഴും നാട്ടുകാര്‍ പരാതി പറയുന്നതു പോലും ഒഴിവാക്കിയിരുന്നു. പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഋതുവിനെ അന്വേഷിച്ച് കഴിഞ്ഞ നവംബറിലും ഡിസംബറിലും പൊലീസ് വീട്ടില്‍ എത്തിയിരുന്നു.
കൊലപാതകത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബെംഗളുരുവിലായിരുന്ന ഋതു തിരിച്ച് നാട്ടിലെത്തിയത്. ഹോട്ടല്‍ ജോലിക്കാണ് പോയതെന്നും അതല്ല, നിര്‍മാണ മേഖലയിലാണ് ജോലി എടുത്തിരുന്നതെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഏതെങ്കിലും പരാതിയില്‍ പൊലീസ് വിളിപ്പിച്ചാലും മാനസിക പ്രശ്‌നങ്ങളാണ് കാരണമെന്നും ചികിത്സ നല്‍കാമെന്നും ഉറപ്പു നല്‍കി ബന്ധുക്കളെത്തി മോചിപ്പിച്ചിരുന്നു എന്നും പറയുന്നു.