യുദ്ധക്കളമായി തലസ്ഥാനം; യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; അബിന്‍ വര്‍ക്കിയെ വളഞ്ഞിട്ട് തല്ലി പൊലീസ്; തലപൊട്ടി ചോരയൊലിച്ചു

യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

Update: 2024-09-05 09:30 GMT

തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേടുകള്‍ മറികടക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു. നിലത്തുവീണ പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ടു തല്ലി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് തലയ്ക്ക് പരുക്കേറ്റു.

രാഹുല്‍ മാങ്കൂട്ടത്തില്‍, അബിന്‍ വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് നടത്തിയത്. അബിന്‍ വര്‍ക്കി അടക്കമുള്ള നേതാക്കള്‍ക്ക് ലാത്തി ചാര്‍ജില്‍ പരിക്കേറ്റു. ബാരിക്കേടുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്യുകയായിരുന്നു.

പൊലീസ് ഏഴ് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ കണ്ണിനു പരുക്കേറ്റു. ഡിവൈഎഫ്‌ഐക്കാരനായ എസ്‌ഐയാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. സമരം നടക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ്, യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മര്‍ദനമേല്‍ക്കുമെന്ന് പി.വി.അന്‍വര്‍ എംഎല്‍എ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടിരുന്നതായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കളുടെ നിര്‍ദേശം അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. കന്റോണ്‍മെന്റ് സിഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു.

പ്രദേശത്തെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. പ്രവര്‍ത്തകര്‍ക്ക് ലാത്തിചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. അബിന്‍ വര്‍ക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. നാല് പോലീസുകാരാണ് ഓടിച്ചിട്ടു തല്ലിയത്. അബിന്‍ വര്‍ക്കിയുടെ തലയ്ക്ക് പരിക്കേറ്റു. പരിക്ക് വകവെക്കാതെയും പ്രതിഷേധത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് അബിന്‍ വര്‍ക്കി. പൊലീസിന്റെ ഷീല്‍ഡ് റോഡിലിട്ട് അടിച്ചു തകര്‍ത്തതാണ് പൊലീസിന്റെ നടപടിക്ക് കാരണമായത്. ആറേഴു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാത്തതിനാലാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായത്. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കാനുള്ള ശ്രമത്തിലാണ്.

എഡിജിപിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിക്കുമെതിരെ ഭരണകക്ഷി എംഎല്‍എയായ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വിവാദമായതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്പി ഓഫീസുകളിലേക്കും ജില്ലാ ആസ്ഥാനത്തേക്കും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് ആഹ്വാനം ചെയ്തിരുന്നു. കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മാര്‍ച്ചില്‍ സംഘര്‍ഷവും ഉടലെടുത്തിരുന്നു.

Tags:    

Similar News