'ഫീസ് എപ്പോൾ അടയ്ക്കും..അല്ലാതെ ഒരു രക്ഷയുമില്ല..!!'; കുടിശ്ശിക മുഴുവൻ തീർക്കാം..മകളെ പുറത്താക്കല്ലേ എന്ന് കെഞ്ചി പറയുന്ന അമ്മ; പൊടുന്നനെ വിദ്യാർഥിനിക്ക് നേരെ കോളേജ് ചെയർമാന്‍റെ അതിരുവിട്ട പ്രവർത്തി; വ്യാപക പ്രതിഷേധം
ബെംഗളൂരു: വിദ്യാർഥിനിയുടെ ഫീസ് കുടിശ്ശിക ആവശ്യപ്പെട്ട് അമ്മയുടെ താലിമാല തട്ടിപ്പറിച്ച കേസിൽ കർണാടകയിലെ ബിബിസി നഴ്സിങ് കോളേജ് ചെയർമാനെതിരെ പോലീസ് കേസെടുത്തു. കോപ്പൽ ജില്ലയിലെ ഗംഗാവതിയിലാണ് സംഭവം. ഒന്നാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനി കാവേരിയുടെ അമ്മയുടെ താലിമാലയാണ് കോളേജ് ചെയർമാൻ ഡോ. സി.ബി. ചിന്നിവാല പൊട്ടിച്ചെടുത്തത്.
കാവേരിക്ക് ഗംഗാവതിയിലെ ബിബിസി നഴ്സിങ് കോളേജിൽ പ്രവേശനം ലഭിച്ചിരുന്നു. 10,000 രൂപ അഡ്മിഷൻ ഫീസായി നൽകിയപ്പോൾ ബാക്കി 90,000 രൂപ പിന്നീട് നൽകാമെന്ന് വിദ്യാർഥിനിയും മാതാപിതാക്കളും സമ്മതിച്ചിരുന്നു. എന്നാൽ, ഇതിനിടെ കാവേരിക്ക് സർക്കാർ നഴ്സിങ് കോളേജിൽ പ്രവേശനം ലഭിച്ചു. തുടർന്ന്, പഠനം മാറ്റുന്നതിനായി സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) ആവശ്യപ്പെട്ടപ്പോഴാണ് ബിബിസി കോളേജ് അധികൃതർ ബാക്കി ഫീസ് അടക്കണമെന്ന നിലപാടെടുത്തത്.
കൈവശം പണമില്ലെന്നും ടിസി നൽകണമെന്നും കാവേരിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടപ്പോൾ, കോളേജ് ഉടമകൂടിയായ ചെയർമാൻ, ഡോ. സി.ബി. ചിന്നിവാല, വിദ്യാർഥിനിയുടെ അമ്മയുടെ താലിമാല പൊട്ടിച്ചെടുക്കുകയായിരുന്നു. പണം നൽകിയാൽ മാത്രമേ താലി തിരികെ നൽകൂ എന്ന് ചെയർമാൻ പറഞ്ഞതായി കാവേരിയും മാതാപിതാക്കളും ആരോപിച്ചു.
ബിബിസി നഴ്സിങ് കോളേജ് ചെയർമാന്റെ ഈ നടപടി വിദ്യാഭ്യാസ മേഖലയ്ക്ക് നാണക്കേടുണ്ടാക്കുന്നതാണെന്ന് വ്യാപകമായി വിമർശനം ഉയർന്നിട്ടുണ്ട്. ഡോ. സി.ബി. ചിന്നിവാലക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യമുയർന്നു. ടിസി നൽകാതെ താലിമാല തട്ടിപ്പറിച്ചുവെന്നാരോപിച്ച് കാവേരിയുടെ മാതാപിതാക്കൾ ഗംഗാവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്.