പിണറായിയിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎം അനുഭാവിയായി ഒരാള്‍ അറസ്റ്റില്‍; ചാവേറുകളെ പ്രതിയാക്കി കേസ് ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ്; ആക്രമണത്തില്‍ ഒന്നിലധികം പേര്‍ക്ക് പങ്കൂണ്ടെന്നും ആരോപണം
പിണറായിയിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎം അനുഭാവിയായി ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍: പിണറായിയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. വെണ്ടുട്ടായി കനാല്‍കര സ്വദേശി വിപിന്‍രാജാണ് പിടിയിലായത്. ഇയാള്‍ സി.പി.എം അനുഭാവിയാണെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ചയാണ് വിപിന്‍രാജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്.
ഒന്നിലധികം പേര്‍ക്ക് ഈ ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തിവരികയാണ്. ആക്രമിയായ വിപിന്‍രാജ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ രാത്രിയോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌ഫോടക വസ്തു ഉപയോഗിച്ച് ആക്രമണം നടത്തിയതിനാണ് വിപിന്‍ രാജിനെ അറസ്റ്റ് ചെയ്തത്.
അതേസമയം ചാവേറുകളെ പ്രതിയാക്കി കേസ് ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. സംഭവത്തില്‍ സിപിഐഎമ്മിനെതിരെ വെല്ലുവിളിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിപിഐഎമ്മിന്റെ ഓഫീസുകള്‍ പൊളിക്കാന്‍ കോണ്‍ഗ്രസിന് ഒറ്റ രാത്രി മതിയെന്ന് കെ സുധാകരന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ ഓഫീസ് പൊളിക്കുക എന്നത് വലിയ പണിയല്ല. തങ്ങളുടെ പത്ത് പിള്ളേരെ അയച്ച് കാണിച്ചു തരാം എന്നും കെ സുധാകരന്‍ പറഞ്ഞു. പിണറായിയില്‍ അടിച്ചു തകര്‍ത്ത കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വെല്ലുവിളി.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. സിസിടിവി ക്യാമറകള്‍ തകര്‍ത്തശേഷമായിരുന്നു ആക്രമണം. ജനല്‍ച്ചില്ലുകള്‍ തകര്‍ത്തതിനൊപ്പം പ്രധാനപ്പെട്ട വാതില്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഐഎം എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
അതേസമയം ഓഫീസിന് അറ്റകുറ്റപ്പണികളൊന്നും നടത്താതെയാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു. ഓഫീസ് അക്രമിച്ചവര്‍ക്ക് ആദ്യമായി പരിപാടിയിലേക്ക് സ്വാഗതം പറഞ്ഞുകൊണ്ടാണ് ബൂത്ത് പ്രസിഡന്റ് സി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനപരിപാടിക്ക് തുടക്കം കുറിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തിയ പ്രതിഷേധപ്രകടനം കനാല്‍ക്കരയില്‍നിന്ന് തുടങ്ങി അറത്തില്‍ ഭഗവതിക്ഷേത്രം വഴി ഓഫീസ് പരിസരത്ത് സമാപിച്ചു. തുടര്‍ന്നാണ് ഓഫീസിന്റെ തകര്‍ത്ത കെട്ടിടത്തിനുമുന്നില്‍ ഉദ്ഘാടന സമ്മേളനം നടന്നത്.