അരീക്കോട് പൊലീസ് ക്യാമ്പില്‍ പൊലീസുകാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍; വയനാട് സ്വദേശി വിനീത് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്; തണ്ടര്‍ബോള്‍ട്ട് അംഗമായ വിനീത് അവധി ലഭിക്കാത്തതുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നെന്ന് സഹപ്രവര്‍ത്തകര്‍
മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ പൊലീസുകാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍. വയനാട് സ്വദേശി വിനീത് ആണ് മരിച്ചത്. ആത്മഹത്യ ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എസ്ഓജി കമാന്‍ഡോ ആയ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു. അവധി നല്‍കാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
ഇന്നു രാത്രി ഒന്‍പതരയോടെയാണു സംഭവമുണ്ടായത്. എകെ 47 തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത്. അവധി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് മാനസിക പ്രയാസത്തിലായിരുന്നുവെന്നു സൂചനയുണ്ട്. മാനസിക പീഡനം നേരിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 2011 തണ്ടര്‍ബോള്‍ട്ട് ബാച്ചിലെ അംഗമാണ് വിനീത്. 30 ദിവസത്തെ സൈനിക പരിശീലനത്തിനായി തണ്ടര്‍ബോള്‍ട്ട് ക്യാംപിലെത്തിയതായിരുന്നു. ഇതിനിടെയാണ് സംഭവം ഉണ്ടായത്.
അതേസമയം സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനിടെ പോലീസുകാരുടെ ആത്മഹത്യകള്‍ വര്‍ധിച്ചു വരികയാണ്. അഞ്ചുവര്‍ഷത്തിനിടെ തൊണ്ണൂറോളം പോലീസ് ഉദ്യോഗസ്ഥര്‍ ജീവനൊടുക്കിയിട്ടുണ്ട്. ഇതിന്റെ പ്രധാനകാരണവും ജോലിസമ്മര്‍ദമാണെന്നാണ് ആക്ഷേപം. ഒട്ടേറെ ഉദ്യോഗസ്ഥര്‍ സ്വയം വിരമിക്കുകയും ചെയ്തിരുന്നു. സേനയിലെ ആള്‍ക്ഷാമം ജോലിഭാരത്തോടൊപ്പം സമ്മര്‍ദം കൂട്ടുന്നതായി പോലീസ് സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു.
പോലീസുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൗണ്‍സലിങ് നല്‍കുന്നതിനും മറ്റുമായി ആരംഭിച്ച ഹാറ്റ്സ് വഴി ഇതുവരെ ആറായിരത്തോളം ഉദ്യോഗസ്ഥര്‍ കൗണ്‍സലിങ് നേടിയിട്ടുണ്ട്. അതേസമയം പോലീസുകാരുടെ ജോലി സമയം എട്ടുമണിക്കൂറാണക്കണമെന്നും ആവശ്യം ശക്തമായിരുന്നു. ഇതിനിടെ പോലീസിന്റെ ജോലിസമ്മര്‍ദം വീണ്ടും പഠിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
സോഷ്യല്‍ പോലീസിങ് ഡയറക്ടറേറ്റിനു കീഴിലെ 'ഹാറ്റ്സ്' ആണ് പഠനംനടത്തിയത്. പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യക്കുവരെ കാരണമാകുന്ന സമ്മര്‍ദങ്ങളില്‍നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം. ഇത് പ്രകാരം എല്ലാ പോലീസുകാരില്‍നിന്നും ഗൂഗിള്‍ ഫോം വഴി വിവരം ശേഖരിക്കിരുന്നു. എന്നാല്‍, ഇത്തരം പഠനങ്ങളും പോലീസുകാരുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.