കര്‍ണാടകത്തില്‍ വാങ്ങിയത് മുന്തിരിത്തോട്ടം; പാലക്കാട് തെങ്ങിന്‍തോപ്പും പാലാ നഗരത്തില്‍ 40 സെന്റ് ഭൂമിയും; തട്ടിപ്പു പണം കൊണ്ട് അനന്തുകൃഷ്ണന്‍ വാങ്ങിക്കൂട്ടിയത് കോടികളുടെ വസ്തുക്കള്‍; വീടുപൂട്ടി സ്ഥലം വിട്ടു അമ്മയും സഹോദരിയും; ഇന്നോവ ക്രിസ്റ്റ അടക്കമുള്ള വാഹനങ്ങള്‍ കസ്റ്റഡിയില്‍; കൂടുതല്‍ ബിനാമികളിലേക്ക് അന്വേഷണം
കര്‍ണാടകത്തില്‍ വാങ്ങിയത് മുന്തിരിത്തോട്ടം
കൊച്ചി: സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് പണം ഉപയോഗിച്ച് പ്രതി അനന്തുകൃഷ്ണന്‍ വാങ്ങിക്കൂട്ടിയത് കോടികളുടെ ഭൂസ്വത്തുക്കള്‍. ബിനാമികളെ ഉപയോഗിച്ച് അടക്കം പലയിടത്തും ഭൂമിയും വസ്തുക്കളും വാങ്ങിക്കൂട്ടിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വലിയ സമ്പത്ത് ഇവര്‍ സമാഹരിച്ചിരുന്നു എന്ന് വ്യക്തമാകുന്നുണ്ട്. കര്‍ണാടകത്തില്‍ മുന്തിരിത്തോട്ടം അടക്കം ഇയാള്‍ വാങ്ങിക്കൂട്ടിയെന്നാണ് പുറത്തുവരുന്ന വിവരം.
അടുത്ത ബന്ധുക്കളുടെ പേരിലും സ്വത്തുക്കള്‍ സ്വരൂപിച്ചു. പാലക്കാട് അമ്മയുടെ പേരില്‍ തെങ്ങിന്‍തോപ്പും പാലാ നഗരത്തില്‍ 40 സെന്റ് ഭൂമിയും വാങ്ങി. സഹോദരിയുടെയും അമ്മയുടെയും പേരില്‍ വീടിനടുത്ത് വാങ്ങി കൂട്ടിയത് കോടികളുടെ ഭൂമിയാണ്. സഹോദരിയുടെ വീടിനു മുന്നില്‍ 13 സെന്റ്, സമീപത്ത് ഒരേക്കര്‍ റബര്‍തോട്ടം, 50 സെന്റ് വസ്തു എന്നിവ വാങ്ങി. സെന്റിന് നാല് ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെ വിലയുള്ള ഭൂമിയാണ് വാങ്ങിയത്. ഈ ഭൂമിയെല്ലാം കണ്ടുകെട്ടാനുള്ള നടപടികള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്.
അതേസമയം, അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് മൂവാറ്റുപുഴ പൊലീസാണ്. അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ ഡ്രൈവേഴ്‌സ് നേരിട്ട് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അനന്തു കൃഷ്ണന്‍ തട്ടിപ്പില്‍ കൂടെ വാങ്ങിക്കൂട്ടിയ ഇടുക്കിയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ശ്രമവും പൊലീസ് തുടങ്ങി.
ഇതിനിടെ അനന്തുകൃഷ്ണന്‍ അറസ്റ്റിലായതിന് പിന്നാലെ അമ്മയും സഹോദരിയും വീടുപൂട്ടി സ്ഥലംവിട്ടു. പണം ലഭിക്കാനുള്ളവരും മാധ്യമങ്ങളും ഇങ്ങോട്ട് എത്തുമെന്ന് കരുതിയാണ് ഇവര്‍ സ്ഥലംവിട്ടിരിക്കുന്നത്. തട്ടിപ്പിനായി നാഷണല്‍ എന്‍ജിഒ പ്രോജക്ട് കണ്‍സള്‍ട്ടിംഗ് ഏജന്‍സി എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചുവെന്നാണ് വിവരം. പ്രതി അനന്തു കൃഷ്ണന്‍ രൂപീകരിച്ച ട്രസ്റ്റില്‍ 5 അംഗങ്ങള്‍ ഉണ്ടായിരുന്നത്. ആക്ടിങ് ചെയര്‍പേഴ്സണ്‍ ബീന സെബാസ്റ്റ്യന്‍, ട്രസ്റ്റ് അംഗങ്ങളായ അനന്തു കൃഷ്ണന്‍, ഷീബാ സുരേഷ് ആനന്ദ് കുമാര്‍, ജയകുമാരന്‍ നായര്‍ എന്നിവരാണ് അംഗങ്ങള്‍. ഇവരെ കേന്ദ്രികരിച്ച് അന്വേഷണം ഊര്‍ജിതം. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ട്രസ്റ്റ് രൂപീകരിച്ചത്.
തട്ടിപ്പിനായി സംസ്ഥാനതൊട്ടാകെ രൂപീകരിച്ചത് 2500 എന്‍ ജി ഒ കളെന്നും പൊലീസ് കണ്ടെത്തലുണ്ട്. അതേസമയം കസ്റ്റഡിയിലുള്ള അനന്തുവിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ. പ്രതിക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമക്കിയിരുന്നു. കൂട്ടു പ്രതികള്‍ ഉന്നത ബന്ധമുള്ള രാഷ്ട്രീയ നേതാക്കളാണ്. അനന്തു കൃഷ്ണന് കേരളത്തിന് പുറത്ത് ബിനാമി പേരില്‍ സ്വത്തുക്കളുണ്ട്. തട്ടിയെടുത്ത പണം ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
സാധാരണക്കാരന് പകുതി വിലയ്ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി വാങ്ങിയ പണം ഉപയോഗിച്ചാണ് അനന്തകൃഷ്ണന്‍ സഹോദരിയുടെയും അമ്മയുടെയും സഹോദരി ഭര്‍ത്താവിന്റെയും പേരില്‍ കോടിക്കണക്കിന് രൂപയുടെ ഭൂമി സ്വന്തമാക്കിയത്. മുന്‍പ് തന്നെ തട്ടിപ്പ് നടത്തി പരിചയമുള്ള ആളാണ് അനന്തകൃഷ്ണന്‍ എന്ന് നാട്ടുകാരും പറയുന്നു.
19 അക്കൗണ്ടുകളിലൂടെയാണ് തട്ടിപ്പ് പണം കൈകാര്യം ചെയ്തിരുന്നത് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകള്‍ എല്ലാം പോലീസ് മരവിപ്പിച്ചു. മൂവാറ്റുപുഴ നഗരത്തില്‍ തന്നെ മുഴുവന്‍ പണവും കൊടുത്ത് സ്വന്തമാക്കിയ രണ്ടു ഭൂമികളുടെ രജിസ്‌ട്രേഷന്‍ നടത്താനും അനന്തകൃഷ്ണന്‍ പദ്ധതി ഇട്ടിരുന്നു.ജയിലില്‍ ആയതിനാല്‍ മാത്രമാണ് ഈ രജിസ്‌ട്രേഷന്‍ നടക്കാതെ പോയത്.
അതിനിടെ ക്ഷേത്രവിശ്വാസികളെ അടക്കം അനന്തു കൃഷ്ണന്‍ കബളിപ്പിച്ചിട്ടുണ്ട്. അനന്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെ (എന്‍ജിഒ) കോണ്‍ഫെഡററേഷന്റെ വാഗ്ദാനത്തില്‍ കുടുങ്ങി പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ വാങ്ങാന്‍ പണം നല്‍കി പാലായില്‍ തട്ടിപ്പിനിരയായ പത്തോളംപേര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പാലാ അന്തീനാട്ടുള്ള ക്ഷേത്രത്തിന്റെ ഭാരവാഹിയുടെയും ഇയാളുമായി ബന്ധപ്പെട്ട ആളുകളില്‍ നിന്നും 40,000 മുതല്‍ 60,000 രൂപ വരെ തട്ടിയെടുത്തതായാണ് വിവരം. തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് അറിഞ്ഞതോടെ ഇവര്‍ നല്‍കിയ പരാതി പ്രകാരം കോടതിയില്‍ കേസ് നടന്നു വരികയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ സ്ഥാനാര്‍ഥിയായിരുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. ജെ പ്രമീളാദേവിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ഉണ്ടാക്കിയ പരിചയത്തിന്റെ മറവിലാണ് കുടയത്തൂര്‍ സ്വദേശിയായ അനന്തുകൃഷ്ണന്‍ ക്ഷേത്ര ഭാരവാഹി ഉള്‍പ്പെടെയുള്ള വിശ്വാസികളെയും തട്ടിപ്പിന് ഇരയാക്കിയത്.
അനന്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള എന്‍ജിഒ കോണ്‍ഫെഡററേഷന്‍ കഴിഞ്ഞ ജൂലൈയില്‍ ഈരാറ്റുപേട്ടയില്‍ സംഘടിപ്പിച്ച യോഗത്തിലാണ് ക്ഷേത്രഭാരവാഹിയും കൂട്ടരും പണം നല്‍കിയത്. ഇവര്‍ക്ക് പുറമെ പാലായില്‍ പണം നഷ്ടപ്പെട്ട പലരും നാണക്കേട് ഭയന്ന് വിവരം പുറത്ത് പറയാന്‍ മടിക്കുകയാണ്. സംസ്ഥാന വ്യാപകമായി നടത്തിയ സഹസ്രകോടികളുടെ തടിപ്പ് വിവരം പുറത്ത് വന്നതോടെ ഇവരില്‍ ചിലര്‍ പൊലിസിന് ഇ മെയിലില്‍ പരാതി നല്‍കാനും സന്നദ്ധരായിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തി എഫ്‌ഐആര്‍ തയ്യാറാക്കുന്നതിനായി സ്റ്റേഷനില്‍ ഹാജരാകാന്‍ അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.