പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പ്രാദേശിക ഏജന്റുമാർ വഴി ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചു; വ്യാജ ബാങ്ക് അക്കൗണ്ടുകളും യു.പി.ഐ ഹാൻഡിലുകളും ഉപയോഗിച്ച് പണം തട്ടി; മിന്നൽ പരിശോധനയിൽ വലയിലായത് 'കത്രി-സറായ്' സംഘം; പിടിയിലായവരിൽ മലയാളികളും

Update: 2026-01-12 11:31 GMT

ഭുവനേശ്വർ: രാജ്യവ്യാപകമായി സൈബർ തട്ടിപ്പ് നടത്തിവന്ന അന്തർസംസ്ഥാന സംഘത്തെ പിടികൂടി ഭുവനേശ്വർ പൊലീസ്. കേരളത്തിൽ നിന്നുള്ള നാല് പേരുൾപ്പെടെ ആകെ 12 പേരാണ് നഗരത്തിലെ ഒരു വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ അറസ്റ്റിലായത്. കേരളം, ബിഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായ പ്രതികൾ.

വരുടെ പക്കൽ നിന്ന് 30 മൊബൈൽ ഫോണുകൾ, 30 സ്മാർട്ട് ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ, നിരവധി സ്ക്രാച്ച് കാർഡുകൾ എന്നിവ പിടിച്ചെടുത്തതായി ഭുവനേശ്വർ പൊലീസ് കമ്മീഷണർ അറിയിച്ചു. 'കത്രി-സറായ്' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സംഘം, നാപ്റ്റോൾ, മീഷോ തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പ്രാദേശിക ഏജന്റുമാർ വഴി ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.

വ്യാജ ബാങ്ക് അക്കൗണ്ടുകളും യു.പി.ഐ ഹാൻഡിലുകളും ഉപയോഗിച്ച് ഗിഫ്റ്റ് വൗച്ചറുകൾ, ലോട്ടറി ടിക്കറ്റുകൾ, ലോണുകൾ എന്നിവ വാഗ്ദാനം ചെയ്ത് പൊതുജനങ്ങളെ കബളിപ്പിക്കുകയായിരുന്നു ഇവരുടെ തട്ടിപ്പ് രീതി. തട്ടിപ്പിനിരയായവർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ സംഘത്തെ വലയിലാക്കിയത്. പ്രതികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വലിയൊരു തട്ടിപ്പ് ശൃംഖലയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

റാക്കറ്റിൽ ഉൾപ്പെട്ട മുഴുവൻ പേരെയും പിടികൂടുന്നതിനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരം സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. 

Tags:    

Similar News