കമ്മീഷൻ ലക്ഷങ്ങൾ, വീട്ടിൽ എടിഎം കാർഡുകളുടെയും സിം കാർഡുകളുടെയും കൂമ്പാരം; അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘങ്ങളുമായി ബന്ധം; ബംഗളൂരുവിലെ ഫ്ലാറ്റിൽ മിന്നൽ നീക്കം; പാറശാലക്കാരൻ അരുണിനെ കുരുക്കി ഓപ്പറേഷൻ സൈ ഹണ്ട്

Update: 2026-02-20 07:52 GMT

തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടിയത് നിർണായക നീക്കത്തിലൂടെ. നാല് മാസം മുമ്പ് പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഓപ്പറേഷൻ 'സൈ' ഹണ്ടിന്റെ ഭാഗമായി പ്രതിയെ അറസ്റ്റ് ചെയ്തത്. പാറശാല കൊടവിളാകം സ്വദേശി അരുൺ (22) ബംഗളൂരുവിൽ നിന്ന് കേരളാ പൊലീസിന്റെ പിടിയിലായത്. രാജ്യന്തര തട്ടിപ്പ് സംഘങ്ങളുമായി അരുണിന് ബന്ധമുണ്ടെന്നും തലസ്ഥാനത്ത് ഇയാൾക്ക് കൂടുതൽ ഇടപാടുകളുണ്ടെന്നും പൊലീസ് അറിയിച്ചു.

തട്ടിപ്പ് സംഘങ്ങളിൽ നിന്ന് ലഭിക്കുന്ന പണം അരുണിന്റെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും, തുടർന്ന് ഏകദേശം ഒന്നര ലക്ഷത്തോളം രൂപ കമ്മീഷനായി പിൻവലിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. നേരത്തെ അരുണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ, പാസ് ബുക്കുകൾ, ചെക്കുകൾ, എടിഎം കാർഡുകൾ, സിം കാർഡുകൾ എന്നിവ ഉൾപ്പെടെയുള്ള രേഖകൾ കണ്ടെടുത്തിരുന്നു.

പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ അരുൺ ജില്ല വിട്ട് ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് പാറശാല എസ്.ഐ ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലെത്തി മടിവാളയിലെ ഫ്ലാറ്റിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. അഡീഷണൽ എസ്.ഐ നോവിൾ സിംഗ്, സാജൻ, ഷാജൻ എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Tags:    

Similar News