സൈബര്‍ തട്ടിപ്പ് കേസിൽ പ്രതികളുടെ അക്കൗണ്ടിൽ നിന്നും 2 കോടി പിടിച്ചെടുത്തു; പണം അവകാശികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ് സൈബർ പോലീസ് ഉദ്യോഗസ്ഥൻ ലീവെടുത്തു; ഒപ്പം വനിതാ എസ്.ഐയെയും കാണാനില്ല; സംശയം തോന്നി അന്വേഷിച്ചപ്പോൾ ട്വിസ്റ്റ്; ഇരുവരും ചേർന്ന് ചുറ്റിക്കറങ്ങിയത് വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ; നാല് മാസങ്ങൾക്ക് ശേഷം പിടിയിൽ
ഡൽഹി: സൈബർ തട്ടിപ്പ് കേസിൽ പ്രതികളുടെ അക്കൗണ്ടിൽ നിന്നും പിടിച്ചെടുത്ത പണവുമായി കാമുകിക്കൊപ്പം മുങ്ങിയ സൈബർ പോലീസ് ഉദ്യോഗസ്ഥനെയും കാമുകിയെയും കയ്യോടെ പിടികൂടി ഡൽഹി പോലീസ്. താന സൈബർ പോലീസ് എസ്.ഐ അങ്കുറാണ് ജിഡിബി എന്‍ക്ലേവ് പോലീസ് സ്റ്റേഷനിലെ എസ്.ഐ നേഹ പുനിയയുമായി വിനോദ സഞ്ചാരത്തിന് പോയത്. തട്ടിപ്പുകാരുടെ അക്കൗണ്ടില്‍ നിന്നും പിടിച്ചെടുത്ത പണം യഥാര്‍ഥ അവകാശികള്‍ക്ക് നല്‍കുന്നതിനായുള്ള ചുമതല സ്വയം ഏറ്റെടുത്ത ശേഷമാണ് ഇയാൾ കാമുകിയുമായി മുങ്ങിയത്. അങ്കുറിനെ കാണാതായ സമയം തന്നെ വനിതാ പോലീസുകാരിയെയും കാണാതായതോടെ സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്. നാല് മാസങ്ങൾക്ക് ശേഷമാണ് ഇരിവരെയും പോലീസ് പിടികൂടിയത്.
വളരെ മിടുക്കനായ ഓഫീസർ എന്നായിരുന്നു എസ്.ഐ അങ്കുര്‍ മാലികിനെ കുറിച്ച് ഡല്‍ഹി പോലീസിലെ ഉന്നതര്‍ കുറച്ച് നാൾ മുൻപ് വരെ പറഞ്ഞിരുന്നത്. ഡല്‍ഹി പോലീസിന് തലവേദന സൃഷ്ടിച്ച നിരവധി സൈബര്‍ സാമ്പത്തിക തട്ടിപ്പുകേസുകളാണ് അങ്കുര്‍ പുറത്ത് കൊണ്ട് വന്നത്. സൈബർ തട്ടിപ്പ് കേസിൽ പിടിച്ചെടുത്ത പണം നിക്ഷേപിക്കേണ്ടതിന് തൊട്ടു മുന്‍പ് ഏഴുദിവസത്തെ മെഡിക്കല്‍ ലീവെടുത്ത് മുങ്ങിയ അങ്കുർ പിന്നീട് സ്റ്റേഷനിലേക്ക് തിരികെ എത്തിയില്ല. ഇതേസമയത്താണ് ജിഡിബി എന്‍ക്ലേവ് പോലീസ് സ്റ്റേഷനിലെ എസ്.ഐ നേഹ പുനിയയും ലീവെടുത്തത്.
സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ വിശദമായി അന്വേഷിച്ചപ്പോഴാണ് രണ്ടുകോടി രൂപയുമായി കാമുകിയായ നേഹയുമായി മണാലി, ഗോവ, കശ്മീര്‍ എന്നിങ്ങനെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം ചുറ്റിയടിച്ചത്. തട്ടിപ്പിലൂടെ നഷ്ടമായ പണം സ്വീകരിക്കാന്‍ പരാതിക്കാര്‍ ആരും എത്തിയില്ലെന്ന് വിശദീകരിക്കുന്ന വ്യാജരേഖകള്‍ അങ്കുര്‍ കോടതിയില്‍ സമര്‍പ്പിച്ച് പ്രത്യേക കോടതി ഉത്തരവും കൈക്കലാക്കി. തുടര്‍ന്ന് രണ്ടുകോടിയിലേറെ വരുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായും പോലീസ് കണ്ടെത്തി.
2021 ല്‍ എസ്.ഐ പരിശീലനത്തിനിടെയാണ് അങ്കുറും നേഹയും അടുപ്പത്തിലാകുന്നത്. പിന്നീടത് പ്രണയമായി. തട്ടിപ്പിനുള്ള പദ്ധതി അന്നേ ആരംഭിച്ചുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഇരുവർക്കും സ്വന്തം കുടുംബങ്ങൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഉത്തര്‍പ്രദേശിലെ ബറൗട്ടില്‍ അങ്കുറിന് ഭാര്യയുണ്ടെന്നും നേഹയുടെ ഭര്‍ത്താവ് ഡല്‍ഹിയിലെ രോഹിണിയിലാണ് താമസമെന്നും പോലീസ് കണ്ടെത്തിയതായാണ് സൂചന.
നാലുമാസത്തെ അന്വേഷണത്തിനൊടുവില്‍ ഇന്‍ഡോറില്‍ നിന്നാണ് അങ്കുറും നേഹയും പിടിയിലായത്. ഇവരില്‍ നിന്നും ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍, പണമായി 12 ലക്ഷം രൂപ, 11 മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്, മൂന്ന് എടിഎം കാര്‍ഡുകള്‍ എന്നിവ പിടികൂടി. പണം കൈമാറുന്നതിന് എളുപ്പമാര്‍ഗമെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിക്കൂട്ടിയതെന്നും പോലീസ് പറയുന്നു. സ്വന്തം പങ്കാളികളെ ഉപേക്ഷിച്ച ഇരുവരും മധ്യപ്രദേശിലെ മലയോര ഗ്രാമങ്ങളില്‍ പോയി പുതിയ മേല്‍വിലാസത്തില്‍ ജീവിക്കാനായിരുന്നു പദ്ധതിയിട്ടതെന്നും പോലീസിന്റെ കണ്ടെത്തൽ. തട്ടിപ്പിൽ മറ്റാരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താൻ പോലീസ് ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.